Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത സബ് കളക്ടര്‍ രേണു രാജിന്റെ കസേര തെറിച്ചെങ്കിലും ആശ്വാസത്തോടെ പടിയിറക്കം : ഒരു വര്‍ഷത്തിനിടെ ഒഴിപ്പിച്ചത് 80 കയ്യേറ്റങ്ങള്‍ :

ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത സബ് കളക്ടര്‍ രേണു രാജിന്റെ കസേര തെറിച്ചെങ്കിലും ആശ്വാസത്തോടെ പടിയിറക്കം : ഒരു വര്‍ഷത്തിനിടെ ഒഴിപ്പിച്ചത് 80 കയ്യേറ്റങ്ങള്‍ : ദേവികുളത്ത് 9 വര്‍ഷത്തിനിടെ 15 സബ്കളക്ടര്‍മാര്‍

മൂന്നാര്‍ : ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത സബ് കളക്ടര്‍ രേണു രാജിന്റെ കസേര തെറിച്ചെങ്കിലും ആശ്വാസത്തോടെ പടിയിറക്കം . ഒരു വര്‍ഷത്തിനിടെ ഒഴിപ്പിച്ചത് 80 കയ്യേറ്റങ്ങളാണ്. മൂന്നാറിലെ പ്രകൃതിയ നശിപ്പിച്ചുകൊണ്ടുള്ള കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തും കോടതിയില്‍ നിന്നും അനുകൂല വിധി വാങ്ങിയെടുത്തുമാണ് ദേവികുളം സബ്കളക്ടറായ രേണു രാജ് ഇടുക്കിയിലെ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറിയത്. ഇതോടെ സബ്കളക്ടര്‍ ഡോ. രേണു രാജിനെ നിശബ്ദയാക്കാന്‍ സ്ഥലം മാറ്റം കൊണ്ടു മാത്രമേ സാധിക്കൂ എന്നു മനസിലാക്കിയ രാഷ്ട്രീയക്കാര്‍ ്ഥലം മാറ്റത്തിനുള്ള ചരട്വലികളും ആരംഭിച്ചു. ഒടുവില്‍ പ്രതീക്ഷിച്ച സ്ഥലം മാറ്റം.

മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കുമെതിരേ കര്‍ശ്ശന നടപടികളുമായി മുന്നോട്ടുപോകവെയാണ് പതിവുപോലെ ദേവികുളം സബ് കളക്ടര്‍ക്ക് സ്ഥാനചലനം ഉണ്ടാകുന്നത്. ദേവി കുളത്ത് സബ് കളക്ടര്‍മാര്‍ വാഴാറില്ല. 9 വര്‍ഷത്തിനിടെ 15 സബ് കളക്ടര്‍മാരാണ് ഇവിടെ വന്നു പോയത്. ഇതില്‍ അവസാനത്തെ പേരാണ് രേണു രാജിന്റേത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളിലെ കൈയ്യേറ്റക്കാരുടെ അനിഷ്ടം തന്നെയാണ് രേണുരാജിന്റെ സ്ഥലംമാറ്റത്തിന് പിന്നിലും.
ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേയും മൂന്നാറിലെ മലനിരകളിലുള്ള കൈയ്യേറ്റങ്ങള്‍ക്ക് എതിരേയും നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു രേണു രാജ്. ഇതിനിടെ എംപിയായിരുന്ന ജോയ്സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമെന്ന് കണ്ട് സെപ്റ്റംബര്‍ ഏഴിന് രേണുരാജ് റദ്ദാക്കിയിരുന്നു. ഈ നടപടിക്ക് കോടതിയുടെ സ്റ്റേ ലഭിച്ചെങ്കിലും രേണു രാജ് നടപടികളില്‍ നിന്നും പിന്മാറാന്‍ തയ്യാറായില്ല. പലപ്പോഴും ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ രേണു രാജിനെതിരെ പരസ്യമായി അധിക്ഷേപം വരെ നടത്തി.

പഴയ മൂന്നാര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പുഴയോരത്ത് എന്‍ഒസി ഇല്ലാതെ നടത്തിവന്ന പഞ്ചായത്ത് കോംപ്ലക്സ് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് സബ് കളക്ടര്‍ അയച്ച റവന്യൂസംഘത്തെ എസ് രാജേന്ദ്രന്‍ എംഎല്‍എ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ആര്‍ കറുപ്പസ്വാമി എന്നിവരുടെ നേതൃത്വത്തിലെ രാഷ്ട്രീയക്കാരുടെ സംഘം ഒറ്റക്കെട്ടായാണ് തടഞ്ഞത്. ‘ബുദ്ധിയില്ലാത്തവള്‍’ എന്ന് പറഞ്ഞാണ് രേണുരാജിനെ അന്ന് എംഎല്‍എ അധിക്ഷേപിച്ചത്. ഇത് വിവാദമായതോടെ പാര്‍ട്ടി ശാസിക്കുകയും എംഎല്‍എ മാപ്പ് പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെയാണ് സബ് കളക്ടര്‍ രേണു രാജിനെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ശ്രദ്ധിക്കാന്‍ ആരംഭിച്ചത്. ഇക്കാ നഗറിലെയും ദേവികുളത്തെയും രാഷ്ട്രീയക്കാരുടെ കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടികളാണ് കഴിഞ്ഞ പത്തു മാസത്തിനിടയില്‍ സബ് കളക്ടര്‍ കൈകൊണ്ടത്.

ഇക്കാലയളവില്‍ എണ്‍പതിലധികം കൈയേറ്റങ്ങളാണ് മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, ചിന്നക്കനാല്‍ മേഖലകളില്‍ മാത്രം ഒഴിപ്പിച്ചത്. നാല്‍പതോളം വന്‍കിട കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കി. ചിന്നക്കനാലില്‍ വ്യാജപട്ടയം നിര്‍മ്മിച്ച് ഭൂമി കൈയേറിയെന്ന് കണ്ടതിനെ തുടര്‍ന്ന് മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ് കമ്പനിയുടെയും ആര്‍ഡിഎസ്. കമ്പനിയുടെയും പട്ടയങ്ങള്‍ റദ്ദാക്കിയിരുന്നു. പള്ളിവാസല്‍ വില്ലേജില്‍പ്പെട്ട ചിത്തിരപുരത്തെ അനധികൃത കെട്ടിടമായ ഗോള്‍ഡന്‍ മൂന്നാര്‍ പാലസ് എന്ന റിസോര്‍ട്ടിന് പഞ്ചായത്ത് നല്‍കിയ ലൈസന്‍സ്, സബ് കളക്ടറുടെ കര്‍ശന നിര്‍ദേശപ്രകാരം തിങ്കളാഴ്ച പഞ്ചായത്ത് സെക്രട്ടറി റദ്ദ് ചെയ്തതാണ് അവസാനത്തെ നടപടി. ഈ റിസോര്‍ട്ട് മരടിലെ വിവാദ ഫ്ളാറ്റുടമകളായ കെപിവര്‍ക്കി ഗ്രൂപ്പിന്റേതാണ്.

കൂടാതെ, ചിന്നക്കനാലില്‍ സബ്കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഭൂമിപരിശോധന നടത്തിവരികയായിരുന്നു. കൊട്ടാക്കമ്പൂരിലെ നിര്‍ദ്ദിഷ്ട കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള പരിശോധനയും നടന്നുവരികയായിരുന്നു. ഇതിനിടെയാണ് പതിവുതെറ്റിക്കാതെ നടപടിയെടുക്കുന്ന സബ്കളക്ടര്‍മാരെ തേടിയെത്താറുള്ള സ്ഥലംമാറ്റ ഉത്തരവ് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button