പുല്ലൂറ്റ്: പ്രണയം, വിവാഹം, പിന്നെ വേര്‍പിരിയല്‍… ഒടുവില്‍ ആരോരുമില്ലാതെ അനാഥത്വം നിറഞ്ഞ ജീവിത സായാഹ്നത്തില്‍ വീണ്ടും ഒരു പുനഃസമാഗമം. പറഞ്ഞ് വരുന്നത് സിനിമാക്കഥയല്ല, സിനിമയെ വെല്ലുന്ന ഒരു ജീവിത കഥയാണ്. ചാപ്പാറ സ്വദേശി സുഭദ്രയുടെയും വട്ടപ്പറമ്പില്‍ സെയ്തുവിന്റെയും ജീവിതം.
27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വിധി ഇരുവരെയും വേര്‍പിരിച്ചത്. പിന്നീട് 33 വര്‍ഷമായി പരസ്പരം എവിടെയാണെന്നുപോലും അറിയാത്ത ജീവിതം. ഒടുവില്‍ ഇരുവരും അഗതി മന്ദിരത്തില്‍ കണ്ടുമുട്ടിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷവും സങ്കടങ്ങളും പരാതി പറച്ചിലുകളും. പുല്ലൂറ്റ് നീലക്കംപാറ വെളിച്ചം അഗതി മന്ദിരത്തിലായിരുന്നു അത്യപൂര്‍വമായ സംഗമം. ഏതാനും മാസങ്ങളായി 88 കാരിയായ സുഭദ്ര ഈ അഗതി മന്ദിരത്തിലുണ്ട്. രണ്ടു മക്കളും നേരത്ത മരണപ്പെട്ട സുഭദ്രയെ പോലീസാണ് അഗതി മന്ദിരത്തില്‍ എത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മികച്ച ചികിത്സ നല്‍കിയതോടെ സുഭദ്ര ഉഷാറായി.
കെയര്‍ ടേക്കര്‍ കരീമിന്റെ നേതൃത്വത്തിലാണ് സുഭദ്രയെ ശുശ്രൂഷിച്ചിരുന്നത്. ഇതിനിടെയാണ് അവശനിലയിലായ വട്ടപറമ്പില്‍ സെയ്തുവിനെ പോലീസ് തന്നെ അഗതി മന്ദിരത്തിലെത്തിച്ചത്. എന്നാല്‍ സുഭദ്രയും സെയ്തും കണ്ടുമുട്ടിയതോടെ ഒരു അപൂര്‍വ്വ പ്രണയ നിമിഷത്തിനു കൂടി ആ അഗതി മന്ദിരം സാക്ഷിയായി. അപ്പോഴാണ് സുഭദ്രയുടെ ജീവിത കഥയിലെ ക്ലൈമാക്‌സ് പുറത്താകുന്നത്. 33 വര്‍ഷം മുന്‍പ് തന്നെ പിരിഞ്ഞുപോയ ഭര്‍ത്താവ് മുന്നില്‍. ആദ്യം ഇരുവരും അദ്ഭുതത്തോടെ നോക്കി, പിന്നെ ഉള്ളു നിറഞ്ഞ് ചിരി. ഏറെ നേരം ഇരുവരും ഒരുമിച്ചിരുന്നു. മറ്റ് അന്തേവാസികള്‍ കാര്യം തിരക്കിയപ്പോഴാണ് ഇരുവരും തങ്ങളുടെ കഥ പറഞ്ഞത്.
ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം സുഭദ്ര അച്ഛനൊപ്പമായിരുന്നു താമസം. ഇതിനിടെ സെയ്തു വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. 27 വര്‍ഷമായിരുന്നു ഇവരുടെയും ദാമ്പത്യ ജീവിതം. ഈ ദമ്പതികള്‍ക്ക് മക്കളുണ്ടായിരുന്നില്ല. ഉത്തരേന്ത്യയില്‍ ജോലി തേടി പോയ സെയ്തു പിന്നീട് തിരിച്ചു വന്നില്ല. ഏറെ നാള്‍ കാത്തിരുന്നെങ്കിലും ഒടുവില്‍ സുഭദ്ര എല്ലാം മറന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സെയ്തുവും പിറന്ന മണ്ണിലേക്ക് തിരിച്ചുവന്നു. അയാളെ കാത്തിരുന്നതും അനാഥത്വം മാത്രമായിരുന്നു. ഒടുവില്‍ അഗതിമന്ദിരത്തിലേക്കുള്ള വരവ് പക്ഷേ പ്രിയതമയെ കാണാനുള്ള യാത്രയായിരിക്കുമെന്ന് അയാള്‍ അറിഞ്ഞില്ല. സുഭദ്രയുടെ നാടന്‍പാട്ടും നാടക ഗാനവുമെല്ലാമായി 33 വര്‍ഷത്തിനു ശേഷമുള്ള ഒത്തുചേരല്‍ അവര്‍ ആഘോഷമാക്കി. നിറഞ്ഞ ചിരിയുമായി ഫോട്ടോയ്ക്കു പോസ് ചെയ്തും ഓര്‍മകള്‍ പങ്കുവച്ചും ഇരുവരും വലിയ സന്തോഷത്തിലാണെന്നു വെളിച്ചം അഗതി മന്ദിരം പ്രസിഡന്റ് കെ.പി. സുനില്‍കുമാറും സെക്രട്ടറി സി.എസ്. തിലകനും പറഞ്ഞു.
Post Your Comments