ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനെ കാണാൻ പാകിസ്ഥാൻ പൗരയായ സീമ ഹൈദർ എന്ന സ്ത്രീ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്തു വന്നത്. സമാനമായ മറ്റൊരു സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ രാജസ്ഥാൻ സ്വദേശിയായ യുവതി പാകിസ്ഥാനിലെത്തിയത് ഭർത്താവിനോട് അടക്കം കള്ളം പറഞ്ഞാണ്. അഞ്ജു വാഗാ അതിർത്തി വഴി നിയമപരമായാണ് പാകിസ്ഥാനിൽ എത്തിയത്.
അഞ്ജുവിനെ ആദ്യം പാകിസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും യാത്രാരേഖകൾ എല്ലാം കൃത്യമായതിനാൽ വിട്ടയക്കുകയായിരുന്നു. ജയ്പൂരിലേക്ക് പോകുകയാണെന്ന് ഭർത്താവിനോട് കള്ളം പറഞ്ഞാണ് 36 കാരിയായ യുവതി വീടുവിട്ടിറങ്ങിയത്. ഉത്തർപ്രദേശിൽ ജനിച്ച അഞ്ജു, രാജസ്ഥാനിലെ അൽവാറിലാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്നത്. 29 കാരിയായ സുഹൃത്ത് നസ്‌റുല്ലയെ കാണാനാണ് യുവതി പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെത്തിയത്.
അഞ്ജു നിലവിൽ പാക് അധികൃതരുടെ നിരീക്ഷണത്തിലാണ് എന്നാണ് വിവരം. അഞ്ജുവിന്റെ കാമുകൻ നസ്‌റുല്ല മെഡിക്കൽ ഫീൽഡിലാണ് ജോലി ചെയ്യുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. മുപ്പത്തിയാറുവയസുള്ള ക്രിസ്ത്യൻ യുവതിക്ക് 15 വയസുള്ള മകളും ആറ് വയസുള്ള ഒരു മകനും ഉണ്ട്. കുട്ടികളെ ഉപേക്ഷിച്ച് പോയ ഭാര്യയോട് തിരികെ വരണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടതായിട്ടാണ് വിവരം. എന്നാൽ യുവതി തിരികെ എത്തില്ലെന്നും അവിടെ സുഹൃത്തിനെ വിവാഹം കഴിച്ച് കഴിയാനാണ് താൽപര്യമെന്നും യുവതി അറിയിച്ചെങ്കിലും, ഇവരെ സ്വീകരിക്കാൻ പാക് സുഹൃത്ത് തയ്യാറായിട്ടില്ല.
അഞ്ജു ഓഗസ്റ്റ് 20 ന് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് നസ്‌റുല്ല അറിയിച്ചു. യുവതിയെ വിവാഹം കഴിക്കാൻ തനിക്ക് ഒരു പ്ലാനും ഇല്ലെന്ന് ഇയാൾ അറിയിച്ചു. പെഷവാറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ജില്ലയിലെ കുൽഷോ ഗ്രാമത്തിൽ നിന്ന് ഫോണിലൂടെയായിരുന്നു ഇയാൾ തന്റെ നിലപാട് പി.ടി.ഐയെ അറിയിച്ചു. അഞ്ജു പാകിസ്ഥാൻ സന്ദർശിക്കാൻ വന്നതാണ്, ഞങ്ങൾക്ക് വിവാഹം കഴിക്കാൻ പദ്ധതിയില്ല എന്നായിരുന്നു ഇയാളുടെ പ്രതികരണം. അഞ്ജു തന്റെ വീട്ടിലാണ് താമസിക്കുന്നതെങ്കിലും കുടുംബത്തിലെ മറ്റ് സ്ത്രീകളോടൊപ്പം ഒരു പ്രത്യേക മുറിയിലാണെന്നും ഇയാൾ അറിയിച്ചു.
Post Your Comments