പെരുമ്പാമ്പ് വിഴുങ്ങിയാല്‍ പിന്നെ രക്ഷയില്ല എന്നാണ് പറയാറ്. അഥവാ പുറത്തേക്ക് തുപ്പിയാല്‍ തന്നെ ജീവനുണ്ടാകില്ല. എന്നാല്‍ ഒരു ഉടുമ്പിനെ വായിലാക്കിയ പെരുമ്പാമ്പിന് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വീടിനുള്ളില്‍ വമ്പന്‍ പെരുമ്പാമ്പിനെ കണ്ടതോടെയാണ് തായ്ലന്ഡ് സ്വദേശിയായ വൃദ്ധ സഹായത്തിനായി ആളുകളെ വിളിച്ച് കൂട്ടിയത്. വീര്‍ത്ത വയറുമായി ഒന്നനങ്ങാന്‍ പോലും കഴിയാതെ നല്ല ക്ഷീണത്തിലായിരുന്നു പാമ്പ്. എങ്ങനെയെങ്കിലും പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ഒരു കാഴ്ച കണ്ടു. അതിന്റെ വായില്‍ നിന്നും ഒരു ഉടുമ്പ് പുറത്തേക്ക് ചാടുന്നു. സംഗതി കണ്ടവര്‍ ആദ്യം ഒന്ന് ഞെട്ടി. ഉടുമ്പിന് ജീവനുണ്ടെന്ന് മനസിലായതോടെ എല്ലാവരും അത്ഭുതപ്പെട്ടു. പെരുമ്പാമ്പിന്റെ വായിലകപ്പെട്ടാല്‍ ഒരു രക്ഷപെടല്‍ അസാധ്യമാണെന്നതു തന്നെയായിരുന്നു അതിനുള്ള കാരണം. അവിശ്വസനീയമായ അതിജീവനത്തിന്റെ പ്രതീകമായ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
രക്ഷാസേനയെത്തിയതോടെ ഓടി രക്ഷപ്പെടാന്‍ പെരുമ്പാമ്പ് പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും അവര്‍ അതിന് അനുവദിച്ചില്ല. ഇതോടെ വിഴുങ്ങിയ ഉടുമ്പിനെ പുറത്തേക്ക് തുപ്പാതെ മറ്റ് മാര്‍ഗമില്ലെന്ന് പെരുമ്പാമ്പിന് മനസിലായി. ആദ്യം അബോധാവസ്ഥയിലായിരുന്ന ഉടുമ്പ് പതിയെ അനങ്ങാന്‍ തുടങ്ങി. ജീവന് തിരിച്ചുകിട്ടിയതോടെ പാമ്പിന് അടുത്തുനിന്ന് രക്ഷപ്പെടാനായി പരക്കം പായുകയായിരുന്നു ഉടുമ്പ്. പെരുമ്പാമ്പ് വിഴുങ്ങിയ ഒരു ജീവി ജീവനോടെ പുറത്തേക്ക് വരുന്നത് വളരെ അപൂര്‍വ്വമാണ്. തന്റെ 10 വര്‍ഷത്തെ സര്‍വീസീല്‍ ആദ്യമായി ഇത്തരം സംഭവത്തിന് സാക്ഷിയാകുന്നത് എന്നാണ് രക്ഷാസേനയിലുണ്ടായിരുന്ന സോംജെദ് പറയുന്നത്
Post Your Comments