ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര വേദികളിലെ പരാജയം തുറന്നു സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യാന്തര സമൂഹം കശ്മീര്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ നിരാശയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നരേന്ദ്രമോദിയില്‍ ഇതുവരെ രാജ്യാന്തര സമ്മര്‍ദ്ദമില്ല. എങ്കിലും സമ്മര്‍ദ്ദം ചെലുത്താന്‍ വിവിധ വേദികളില്‍ പാക്കിസ്ഥാന്‍ ശ്രമിച്ചുകൊണ്ട് ഇരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാക്ക് പ്രധാനമന്ത്രിയുടെ തുറന്നുപറച്ചില്‍.
120 കോടി ജനങ്ങളുടെ വിപണിയായിട്ടാണ് ആളുകള്‍ ഇന്ത്യയെ കാണുന്നത്. അതിനാല്‍ ഇന്ത്യയുടെ സാമ്പത്തിക നിലവാരവും ആഗോള പ്രാധാന്യവും കൊണ്ടാണ് കശ്മീരിനെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ നിലപാടുകള്‍ രാജ്യാന്തര വേദികളില്‍ അവഗണിക്കപ്പെടുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, യുഎന്നിലെ പാക്ക് പ്രതിനിധി മലീഹ ലോധി എന്നിവരും ഇമ്രാന്‍ ഖാനോടൊപ്പം ഉണ്ടായിരുന്നു.
ആര്‍ട്ടിക്കിള്‍ 370-ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ വിവിധ രാജ്യാന്തര വേദികളില്‍ പാക്കിസ്ഥാന്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കശ്മീര്‍ ആഭ്യന്തര വിഷയമാണ് എന്ന ഇന്ത്യയുടെ നിലപാട് ആഗോളതലത്തില്‍ ഏവരും അംഗീകരിക്കുന്ന സാഹചര്യമാണ് സംജാതമായത്.
Post Your Comments