തിരുവനന്തപുരം: വേണ്ടത്ര സംവിധാനങ്ങളില്ലാതെ ദുരിതത്തിലായി തീരദേശ പോലീസ്. തീരദേശ പോലീസിന് കടലില്‍ ഓടാന്‍ നല്‍കിയിരിക്കുന്നത് കായലില്‍ ഓടിക്കുന്ന ബോട്ടാണ്. കായലിലെ ശാന്തമായ ജലത്തിലൂടെ ഓടിക്കാന്‍ കഴിയുന്ന ബോട്ടുകളാണ് ആര്‍ത്തിരമ്പുന്ന തിരമാലകളെ കടന്ന് പട്രോളിംഗ് നടത്താന്‍ തീരദേശ പോലീസിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ കടലില്‍ ഓടിക്കാന്‍ കഴിയാത്ത വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.
ബോട്ടുകളുടെ ഉയരക്കുറവ് കാരണം കടല്‍ക്ഷോഭം ഉള്ള സാഹചര്യങ്ങളില്‍ ഈ ബോട്ടുകള്‍ കടലില്‍ ഇറക്കുമ്പോള്‍ ഉള്ളില്‍ വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്. ഒരു വര്‍ഷം മുന്‍പ് ഇത്തരത്തില്‍ പട്രോളിംഗിനിടെ ബോട്ടിനുള്ളില്‍ വെള്ളം കയറി മുങ്ങിയിരുന്നു. അന്ന് അത്ഭുതകരമായാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ രക്ഷപെട്ടത്. അതിനാല്‍ തന്നെ ജീവന്‍ പണയം വെച്ച് ജോലി ചെയ്യേണ്ട അവസ്ഥയിലാണ് തീരദേശ പോലീസ്.
വിഴിഞ്ഞം തീരദേശ പോലീസിന് ഒരു ചെറിയ പട്രോളിംഗ് ബോട്ടാണ് കടല്‍ കാക്കാനായി ഉള്ളത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ ബോട്ടുകള്‍ കഴിയുമെങ്കിലും രൂപകല്പനയിലെ പ്രശ്‌നം കാരണം കടല്‍ക്ഷോഭം ഉള്ള സമായങ്ങളില്‍ പരമാവധി വേഗതയില്‍ പോകുന്നത് അപകടത്തിനിടയാക്കും. രണ്ടു എഞ്ചിനുകളില്‍ ഒന്ന് തകരാറിലായതിനെ തുടര്‍ന്ന് ഇത് ഇപ്പോള്‍ ഒതുക്കി ഇട്ടിരിക്കുകയാണ്. ഒരു എഞ്ചിന്‍ ഉപയോഗിച്ച് അധികം ദൂരം ഈ ബോട്ടിന് സഞ്ചരിക്കാന്‍ കഴിയില്ലെന്നതും കടലില്‍ വെച്ച് ഇത് തകരാറിലായാല്‍ തിരികെ തീരത്ത് എത്താന്‍ കഴിയില്ലെന്നതും വിഴിഞ്ഞം തീരദേശ പോലീസിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പൂവാര്‍ തീരദേശ പോലീസിന് നല്‍കിയിരിക്കുന്ന ബോട്ട് ബാറ്ററി തകരാറിനെ തുടര്‍ന്ന് വിഴിഞ്ഞത്തെ ജെട്ടിയില്‍ നങ്കൂരമിട്ടിരിക്കുകയാണ്. ഈ ബോട്ടുകള്‍ക്ക് പത്തുവര്‍ഷത്തിലധികം കാലപ്പഴക്കമുണ്ട്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനാണ് അറ്റകുറ്റപ്പണികളുടെ വാര്‍ഷിക കരാര്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ എസ്.എച്ച്.എം എന്ന മറ്റൊരു സ്ഥാപനത്തിന് ഉപകരാര്‍ നല്‍കുകയും ചെയ്തു. ഈ സ്ഥാപനം ബോട്ടിന്റെ തകരാര്‍ കൊച്ചിന്‍ ഷിപ്യാര്‍ഡിനെ അറിയിക്കുമ്പോള്‍ അതിന് വേണ്ട സ്‌പെയര്‍പാര്‍ട്ടുകള്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്. ഇതിന് മാസങ്ങളുടെ കാലതാമസം ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ അടിയന്തിരഘട്ടങ്ങളില്‍ സ്വകാര്യ ബോട്ട് വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ് തീരദേശ പോലീസിന്. ഇതിന് ദിവസക്കൂലി ഇനത്തില്‍ 7500 രൂപയാണ് നല്‍കി വരുന്നത്.
Post Your Comments