Latest NewsArticleKerala

നിനക്കായി തോഴീ പുനര്‍ജനിക്കാം… ഈസ്റ്റ് കോസ്റ്റും ബാലഭാസ്‌കറും

നിനക്കായി തോഴീ പുനര്‍ജനിക്കാം, ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാന്‍…. ഈസ്റ്റ് കോസ്റ്റിലൂടെ സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുമ്പോള്‍ ബാലഭാസ്‌കര്‍ അറിഞ്ഞു കാണുമോ, ഈ വരികള്‍ക്ക് ഇത്രയും അര്‍ത്ഥം തന്റെ ജീവിതത്തിലുണ്ടാകുമെന്ന്. സംഗീത സംവിധായകന്‍ ബാലഭാസ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ വാഹനാപകടത്തില്‍പ്പെട്ടിട്ട് ഇന്നേക്ക് ഒരാണ്ട്. 2018 സപ്തംബര്‍ 25ന് പുലര്‍ച്ചെ ഒന്നോടെ കോരാണിയില്‍ ദേശീയപാതയ്ക്കു സമീപത്തെ മരത്തില്‍ നിയന്ത്രണം വിട്ട ഇന്നോവ കാറിടിച്ചാണ് ബാലഭാസ്‌കറും രണ്ടരവയസ്സുകാരി മകള്‍ തേജസ്വനിയും മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുനും സാരമായി പരിക്കേറ്റിരുന്നു.

വയലിനില്‍ വായനശാല തീര്‍ത്തിരുന്ന ആ ഉദയസൂര്യന്‍ ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല മലയാളികള്‍ക്ക്. കാല്‍ നൂറ്റാണ്ടിലേറെയായി സംഗീതവേദികളില്‍ വിസ്മയം തീര്‍ത്തിരുന്ന ആ സൂര്യന്‍ മറഞ്ഞുപോയത് സംഗീത ലോകത്തിന് തീരാ നഷ്ടം തന്നെ.

ബാലഭാസ്‌കറിന്റെ സംഗീതത്തില്‍ വിരിഞ്ഞ ഈസ്റ്റ് കോസ്റ്റിന്റെ നിനക്കായി, ആദ്യമായി, എന്നീ ആല്‍ബങ്ങള്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിട്ട് 20 വര്‍ഷമാകുന്നു. വിരലുകളില്‍ മാന്ത്രിക സ്പര്‍ശവുമായെത്തിയ ഈ കലാകാരന്‍ തന്റെ പതിനേഴാമത്തെ വയസിലാണ് ഈസ്റ്റ് കോസ്റ്റ് വിജയന്റെ റൊമാന്റിക് മെലഡികള്‍ക്ക് സംഗീതം നല്‍കിയത്. തുടക്കം തന്നെ പ്രശ്‌സതരായ ഗായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച ബാലഭാസ്‌കര്‍ ഈസ്റ്റ് കോസ്റ്റിന് സമ്മാനിച്ചത് ഒരുപിടി നല്ല ഗാനങ്ങളാണ്. മലയാളികളുടെ മനസില്‍ ഒരിക്കലും ആ സംഗീതം മരിക്കുന്നില്ല.

സിനിമയുടെ ഗ്ലാമറുകള്‍ക്കൊപ്പം പായാതെ സംഗീതത്തില്‍ തന്റേതായ പേര് പതിപ്പിക്കാന്‍ ശ്രദ്ധിച്ച ബാലഭാസ്‌കറിന് സംഗീതത്തിന്റെ മാസ്മരിക ശക്തി പകര്‍ന്ന് നല്‍കിയത് ഗുരുവും വല്യമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി ശശികുമാറാണ്. 1998ല്‍ ഈസ്റ്റ് കോസ്റ്റുമായി ചേര്‍ന്ന് നിനക്കായി എന്ന ആല്‍ബം ചെയ്യുമ്പോള്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങള്‍ ലഭിച്ചതിനോടൊപ്പം, ബാലഭാസ്‌കര്‍ (ഉദയസൂര്യന്‍) പേര് അന്വര്‍ഥമാക്കും വിധം സംഗീതത്തിലെ അതുല്യപ്രതിഭയേയും ലഭിക്കുകയായിരുന്നു. പിന്നീട് ഈസ്റ്റ് കോസ്റ്റുമായി ചേര്‍ന്ന് ‘ആദ്യമായി’ എന്ന ആല്‍ബവുമായി ബാലഭാസ്‌കര്‍ എത്തി. കേരളം കാണാത്ത ഹിറ്റുമായാണ് ഈ ആല്‍ബം മുന്നേറിയത്.

അന്നും ഇന്നും മലയാളികളുടെ ചുണ്ടുകളില്‍ ഈ ഗാനം സമ്മാനിക്കുന്നത് നൊസ്റ്റാള്‍ജിക് ഫീലാണ്. ഓരോ ഗാനവും ഒന്നിനൊന്ന് മനോഹരമാക്കിയാണ് ബാലഭാസ്‌കര്‍ സംഗീതം നിര്‍വഹിച്ചത്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മനോഹരമായ വരികളെ പ്രത്യേക ഫീലാക്കി മാറ്റുന്നതില്‍ വലിയ പങ്ക് തന്നെയാണ് ബാലഭാസ്‌കര്‍ വഹിച്ചത്. ബാല്യ സ്മൃതികളായി ഓണം, ശബരിമാമല തുടങ്ങിയ ആല്‍ബങ്ങളിലും ബാലഭാസ്‌കര്‍ ഈസ്റ്റ്‌കോസ്റ്റുമായി കൈകോര്‍ത്തു.

ഈസ്റ്റ് കോസ്റ്റിന്റെ സ്‌റ്റേജ് ഷോകള്‍ക്കും കുറേയധികം പറയാനുണ്ട് ബാലഭാസ്‌കര്‍ എന്ന മാന്ത്രിക കലാകാരനെ കുറിച്ച്. വെള്ളിത്താരം വന്നേ, വാസന്ത സന്ധ്യ തുടങ്ങിയ സ്റ്റേജ് ഷോകളില്‍ അവിസ്മരണീയമായ പ്രകടനം തന്നെയാണ് ഈ കലാകാരന്‍ കാഴ്ചവെച്ചത്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ അണിനിരന്ന ഈസ്റ്റ് കോസ്റ്റിന്റെ വെല്‍ക്കം 2000 സ്‌റ്റേജ് ഷോയ്ക്ക് മാറ്റു കൂട്ടിയതിനും ബാലഭാസ്‌കറിന്റെ മാന്ത്രിക സ്പര്‍ശമുണ്ടായിരുന്നു. വയലിന്‍ നെഞ്ചോട് അണച്ചു പിടിച്ച ബാലഭാസ്‌കര്‍ രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റിയത് ചെറിയ പ്രായത്തില്‍ തന്നെയാണ്. നിരവധി വേദികള്‍ അദ്ദേഹത്തിന്റെ തന്ത്രികളുടെ ഈണമറിഞ്ഞു.

മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു കൊണ്ട് സിനിമാരംഗത്തേക്ക് ചുവട് വെച്ച ബാലഭാസ്‌കര്‍ ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഉന്മത്തരാക്കുന്നതിനൊപ്പം തന്നെ ശാസ്ത്രീയ സംഗീതക്കച്ചേരികളില്‍ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രംപടിഞ്ഞിരിക്കാനും ബാലഭാസ്‌കര്‍ ശ്രദ്ധിച്ചു. സംഗീതത്തിന്റെ തീരത്ത് കൂടി നടക്കുകയല്ല, തിരയായിത്തീര്‍ന്ന് സാഗരമായി മാറിയ ബാലഭാസ്‌കറിനെ ഇമ്പമേറിയ ഈണങ്ങളുടെ നനുത്ത ഓര്‍മ്മകളിലൂടെ മാത്രമേ ഈസ്റ്റ് കോസ്റ്റിന് ഓര്‍ക്കാന്‍ സാധിക്കുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button