ന്യൂഡല്‍ഹി : ശശി തരൂര്‍ എം.പിയ്ക്ക് വീണ്ടും അബദ്ധങ്ങളുടെ ഘോഷയാത്ര. ആംഗലേയ ഭാഷയില്‍ പ്രാവീണ്യമുള്ള തരൂരിന് വീണ്ടും വാക്ക് പിഴച്ചു . ഇതേറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രവാഹം. നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമത്തില്‍ നല്‍കിയ വിവരങ്ങളിലാണ് ശശി തരൂരിന് അബദ്ധം പിണഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം യുഎസില്‍ പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയുടെ പശ്ചാത്തലത്തില്‍ നല്‍കിയ ട്വീറ്റാണ് തരൂരിന് വിനയായത്.
ഹൗഡി മോദി’ പരിപാടി പിആര്‍ പ്രചാരണത്തിന്റെ ഭാഗമാണെന്നും എന്‍ആര്‍ഐ ക്രൗഡ് മാനേജ്‌മെന്റും മീഡിയ പബ്ലിസിറ്റിയുമാണ് ഇതിനു പിന്നിലെന്നും മറ്റും സൂചിപ്പിച്ചാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇത്തരത്തില്‍ ഒരു മുന്നൊരുക്കവുമില്ലാതെ തന്നെ 1954 ല്‍ നെഹ്റുവിനും ഇന്ദിരാ ഗാന്ധിക്കും യുഎസില്‍ സ്വീകരണം ലഭിച്ചെന്ന കാട്ടി ജനം തിങ്ങിനിറഞ്ഞ പാതയിലൂടെ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും വാഹനത്തില്‍ സഞ്ചരിക്കുന്ന ചിത്രവും തരൂര്‍ നല്‍കി.
എന്നാല്‍ നെഹ്‌റുവിന്റെ ചിത്രം യുഎസ്എസ്ആര്‍ സന്ദര്‍ശനത്തിനിടെ എടുത്തതായിരുന്നുവെന്ന് തെളിഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ ആരോപണശരവര്‍ഷമായി. ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തില്‍ മികച്ച പദാവലി പങ്കിടുന്ന തരൂര്‍ ട്വീറ്റില്‍ ഇന്ദിരാ ഗാന്ധിയെന്നതിന് ‘ഇന്ത്യ ഗാന്ധി’ എന്നു പരാമര്‍ശിച്ചതും വിമര്‍ശനത്തിനിടയാക്കി.
5000 റീട്വീറ്റ് നേടിയ തരൂരിന്റെ നെഹ്‌റു ട്വീറ്റിന് 23,800 ലൈക്കുകളും ലഭിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കമാല്‍ കിഷോറും ഇതേ ചിത്രം ഏകദേശം സമാനമായി അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രിന്റെ ഓണ്‍ലൈന്‍ മാഗസിനായ ‘യുവാ ദേശി’ന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലും തരൂരിന്റെ ട്വീറ്റിന്റെ ഹിന്ദി മൊഴിമാറ്റം പ്രത്യക്ഷപ്പെട്ടു.
1955 ല്‍ സോവിയറ്റ് യൂണിയനിലേക്ക് നെഹ്‌റുവും മകള്‍ ഇന്ദിരയും നടത്തിയ യാത്രയുടെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തെളിഞ്ഞതോടെ അതങ്ങനെയാകാമെങ്കിലും ആ ട്വീറ്റിലൂടെ താന്‍ നല്‍കാന്‍ ഉദ്ദേശിച്ച സന്ദേശം വ്യക്തമാണെന്ന വിശദീകരണം തുടര്‍ട്വീറ്റിലൂടെ തരൂര്‍ നല്‍കി. തെറ്റുപറ്റിയ ട്വീറ്റില്‍ മാറ്റം വരുത്താതെ തന്നെ വിശദീകരണം നടത്തി മുഖം രക്ഷിക്കാനുള്ള ആര്‍ജവം തരൂര്‍ കാട്ടിയെങ്കിലും സമൂഹമാധ്യമത്തില്‍ നിരവധി വിമര്‍ശനങ്ങളാണ് ആദ്യ ട്വീറ്റിനെതിരെ ഉയരുന്നത്.
Post Your Comments