തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ പ്രസിദ്ധമായ വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വ്യാജ പ്രസാദങ്ങളുടെ വ്യാപനം അനിയന്ത്രിതമായതോടെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം. ക്ഷേത്ര പ്രസാദങ്ങള്‍ ബേക്കറികളും മറ്റു വ്യവസായ സ്ഥാപനങ്ങളും വ്യാപകമായി ഉണ്ടാക്കുന്നതും വില്‍ക്കുന്നതും തടയുകയാണ് ലക്ഷ്യം.
ക്ഷേത്ര പ്രസാദങ്ങള്‍ വ്യാജമായി നിര്‍മിച്ച് ഭക്തരെ കബളിപ്പിക്കുന്നത് വര്‍ധിച്ചതോടെയാണിത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നിത്യനിവേദ്യമായ പാല്‍പ്പായസം ഭക്തരെ തെറ്റിദ്ധരിപ്പിച്ചു ചില ബേക്കറികളില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനടപടി സ്വീകരിച്ചുവരികയാണ്. അമ്പലപ്പുഴ പാല്‍പ്പായസം, കൊട്ടാരക്കര ഗണപതി ക്ഷേത്ര ഉണ്ണിയപ്പം, ശബരിമല അരവണ, ഉണ്ണിയപ്പം തുടങ്ങിയ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലെ വഴിപാട് പ്രസാദ ഇനങ്ങള്‍രക്കാണ് പേറ്റന്റ് നേടുന്നത്. ഇതിനായുള്ള നടപടി തുടങ്ങിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു.
ചില ബേക്കറികള്‍ക്ക് പുറമെ കേറ്ററിങ് സ്ഥാപനങ്ങളും കല്യാണങ്ങള്‍ക്ക് പാചകക്കാരും ഉള്‍പ്പെടെ അമ്പലപ്പുഴ പാല്‍പ്പായസം എന്ന രീതിയില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് പായസം ഉണ്ടാക്കി പണം ഈടാക്കി നല്‍കുന്നുണ്ട്. ഇക്കാര്യത്തിലും നിയമനടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ആലാചനയുണ്ടെന്നും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചതായും പ്രസിഡന്റ് അറിയിച്ചു.നിയമവകുപ്പിന്റെ സഹായത്തോടെ തുടര്‍നടപടി സ്വീകരിക്കാന്‍ ദേവസ്വം കമ്മിഷണര്‍ എം. ഹര്‍ഷനെ ചുമതലപ്പെടുത്തി. ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായാണു വഴിപാട് പ്രസാദത്തിന് പേറ്റന്റ് നേടാന്‍ നടപടി സ്വീകരിക്കുന്നതെന്നും എ. പത്മകുമാര്‍ വ്യക്തമാക്കി.
Post Your Comments