കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. അനൌദ്യോഗിക കണക്കുകളനുസരിച്ച് പോളിംഗ് 70 ശതമാനം കടന്നു. അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 70.26 ശതമാനം പോളിംഗ് ശതമാനം. രാവിലെ 7 മണിയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറുമണിയ്ക്ക് അവസാനിച്ചു. ഫലം 27 ന് പുറത്തുവരും.
അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. നഗരസഭയുൾപ്പെയുള്ള മേഖലകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയപ്പോൾ മലയോരമേഖലകളിൽ പോളിംഗ് മന്ദഗതിയിലാണ് നടന്നത്.
വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ പെയ്ത കനത്ത മഴ വോട്ട് ചെയ്യാനെത്തിയവരുടെ എണ്ണത്തിൽ കുറവുവരുത്തി. പാലായിൽ ഇത്തവണ ഒന്നാമനാകുമെന്നും 101 ശതമാനം വിജയം ഉറപ്പാണെന്നും എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ പ്രതികരിച്ചു. പേര് ഒന്നാമതായതുകൊണ്ട് ഒന്നാമനാകില്ലെന്നും മാണി എന്ന പേരുണ്ടായതുകൊണ്ട് എല്ലാമാകില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം മറുപടി നൽകി.
Post Your Comments