ന്യൂഡല്‍ഹി•വിചിത്രമായ ഒരു അഭ്യൂഹത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ക്യാബ് ഡ്രൈവര്‍മാര്‍ കാറില്‍ ‘കോണ്ടം’ വാങ്ങി സൂക്ഷിക്കുന്നു. കോണ്ടം സൂക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ് ക്യാബ് ഡ്രൈവര്‍മാര്‍ പറയുന്നത്.
തന്റെ ക്യാബില്‍ കോണ്ടം സൂക്ഷിക്കാത്തതിന് പിഴ ചുമത്തിയെന്ന് ക്യാബ് ഡ്രൈവറായ ധര്‍മ്മേന്ദ്ര അവകാശപ്പെട്ടതോടെയാണ് അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയത്. തന്റെ ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം സൂക്ഷിക്കാത്തതിന് ട്രാഫിക് പോലീസ് പിഴ ചുമത്തിയെന്നാണ് ധര്‍മേന്ദ്രയുടെ വാദം. എന്നാല്‍ ധര്‍മ്മേന്ദ്രയ്ക്ക് ലഭിച്ച പിഴയുടെ ചലാനില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാരണം അമിതവേഗമാണ്.
എല്ലാ ക്യാബ് ഡ്രൈവർമാരും കുറഞ്ഞത് മൂന്ന് കോണ്ടം എങ്കിലും കൈവശം വയ്ക്കേണ്ടതുണ്ടെന്ന് ഡല്‍ഹി സർവോദയ ഡ്രൈവർ അസോസിയേഷൻ പ്രസിഡന്റ് കമൽജീത് ഗിൽ പറഞ്ഞു.
രക്തസ്രാവം തടയുന്നതിനോ മുറിവ് ചികിത്സിക്കുന്നതിനോ കോണ്ടം ഉപയോഗപ്രദമാകുമെന്ന് മറ്റൊരു ക്യാബ് ഡ്രൈവർ കമൽജീത് പറഞ്ഞു.
ഫിറ്റ്നസ് പരിശോധനയ്ക്കിടെ കോണ്ടം ആവശ്യപ്പെടുന്നതായും ക്യാബ് ഡ്രൈവർമാർ അവകാശപ്പെട്ടിരുന്നു.
അതേസമയം, ക്യാബ് ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങളിൽ കോണ്ടം കൊണ്ടുപോകണമെന്ന് മോട്ടോർ വെഹിക്കിൾ ആക്ടില്‍ എവിടെയും പറയുന്നില്ല. സംഭവം ഇങ്ങനെയാണെങ്കിൽ, ക്യാബ് ഡ്രൈവർമാര്‍ അധികൃതരുമായി ബന്ധപ്പെടണമെന്ന് ഒരു ട്രാഫിക് ഉദ്യോഗസ്ഥൻ പറഞ്ഞു.
Post Your Comments