തിരുവനന്തപുരം : കന്യാകുമാരി തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലെ തിരുവാഭരണ കവര്‍ച്ചക്കേസിലെ പ്രതികള്‍ക്ക് ഒടുവില്‍ തടവുശിക്ഷ. കേസിലെ 23 പ്രതികള്‍ക്കും ആറുവര്‍ഷം വരെയുള്ള തടവാണ് നാഗര്‍കോവില്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചിരിക്കുന്നത്. മോഷണം നടന്ന് 27 വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. 1992 ലായിരുന്നു കന്യാകുമാരി ജില്ലയെത്തന്നെ അമ്പരപ്പിക്കുന്ന രീതിയിലുള്ള ക്ഷേത്രക്കവര്‍ച്ച നടന്നത്.
തിരുവനന്തപുരത്തുനിന്ന് 54 കിലോമീറ്റര്‍ അകലെ മാര്‍ത്താണ്ഡത്താണ് പ്രശസ്തമായ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം. പ്രസാദം നല്‍കുന്ന തട്ടില്‍ ഒളിപ്പിച്ചാണ് ക്ഷേത്രത്തിലെ പൂജാരിമാരും ജീവനക്കാരും അടങ്ങിയ സംഘം സ്വര്‍ണം കടത്തിയിരുന്നത്. അന്നത്തെ വിലയനുസരിച്ച് ഒരു കോടിരൂപ വിലമതിക്കുന്ന 12 കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. കിരീടവും മുത്തു മാലകളും ഇതില്‍ ഉള്‍പ്പെടും. വ്യാഴാഴ്ച നടന്ന ശിക്ഷാ വിധി കേള്‍ക്കാന്‍ പ്രതികളില്‍ പത്തോളം പേര്‍ എത്തിയിരുന്നില്ല. ഇക്കാലയളവിനുള്ളില്‍ പ്രതികളില്‍ ചിലര്‍ ആത്മഹത്യ ചെയ്യുകയും മറ്റ് ചിലര്‍ മരിച്ചുപോവുകയും ചെയ്തിരുന്നു.
ALSO READ: ഗള്‍ഫ് മേഖല യുദ്ധഭീഷണിയില്‍ : കൂടുതല്‍ അമേരിക്കന്‍ വ്യോമപ്രതിരോധ മിസൈലുകളും സൈനികരും മേഖലയിലേയ്ക്ക്
ക്ഷേത്രത്തിലെ പൂജാരിയുടെ ഭാര്യയുടെ സ്വര്‍ണഭ്രമമാണ് സംഭവം പുറത്തറിയാന്‍ കാരണം. പെട്ടെന്നൊരു ദിവസം മുതല്‍ ക്ഷേത്രജീവനക്കാരന്‍ കേശവന്‍ പോറ്റിയുടെ ഭാര്യ കൃഷ്ണമ്മാള്‍ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞു തുടങ്ങിയത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പെട്ടു. സാധാരണക്കാരനായ കേശവന്‍ പോറ്റിക്ക് നിധി കിട്ടിയോ എന്നുപോലും നാട്ടുകാര്‍ അത്ഭുതപ്പെട്ടു. ഇതിനിടെ ക്ഷേത്രത്തിലെത്തിയ ചില ഭക്തരാണ് പൂജാരി പ്രസാദം നല്‍കുന്ന തട്ടില്‍ ദേവന്റെ ആഭരണങ്ങള്‍ ഒളിപ്പിച്ചുവച്ച് ചിലര്‍ക്കു കൈമാറുന്നത് കണ്ടത്. ഭക്തര്‍ ഇതു ചോദ്യം ചെയ്തു. സംഭവത്തില്‍ ദേവസ്വം അധികൃതര്‍ അന്വേഷണം ആരംഭിച്ചതോടെയാണ് വന്‍ കവര്‍ച്ച പുറത്തറിഞ്ഞത്
കാലങ്ങളായി ഇത്തരത്തില്‍ മോഷണം തുടര്‍ന്ന് വരികയാണെന്നും പ്രസാദം നല്‍കുന്ന തട്ടില്‍ തിരുവാഭരണങ്ങള്‍ പുറത്തേക്ക് കടത്തിയതായും പൂജാരിമാര്‍ക്കും ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും വിശദമായ അന്വേഷണത്തില്‍ വ്യക്തമായി. കണക്കെടുപ്പ് നടന്നതോടെ 12 കിലോ സ്വര്‍ണവും കിരീടവും മുത്തുമാലകളും നഷ്ടപ്പെട്ടതായി വ്യക്തമായി. ആദ്യം പൂജാരിയെ പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് ഓരോരുത്തരായി അറസ്റ്റിലായി.
ഭാര്യയ്ക്ക് നല്‍കാനായാണ് കേശവന്‍പോറ്റി ആഭരണങ്ങള്‍ കടത്തിയത്. പിന്നീട് ഇയാള്‍ ആത്മഹത്യ ചെയ്തു. ഭാര്യ കൃഷ്ണമ്മാളും കേസില്‍ പ്രതിയായി. ആകെ 34 പ്രതികളാണ് ഉണ്ടായിരുന്നത്. മോഷണം പോയ 12 കിലോ സ്വര്‍ണത്തില്‍ 4.5 കിലോ തിരികെ ലഭിച്ചു. 1995 ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതികളില്‍ ചിലര്‍ പിന്നീട് ആത്മഹത്യ ചെയ്തു. ചിലര്‍ മരിച്ചു. ജീവിച്ചിരിക്കുന്ന 23 പേരെയും കോടതി കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു. കൃഷ്ണമ്മാള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് 6 വര്‍ഷം തടവുശിക്ഷ ലഭിച്ചു. 9 പേര്‍ക്ക് 3 വര്‍ഷമാണ് തടവുശിക്ഷ. 10 ലക്ഷം രൂപയും പ്രതികളില്‍നിന്ന് ഈടാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments