Latest NewsKeralaIndia

വിക്രാന്തില്‍ നിന്ന് മോഷണം നടത്തിയത് രൂപരേഖയടക്കം, എൻഐഎ കൊച്ചിയിലെത്തി: കള്ളൻ കപ്പലിൽ തന്നെയെന്ന് സൂചന

മോഷ്ടിച്ചത് കപ്പലിന്റെ ഉള്ളില്‍ പണിയെടുത്തവര്‍ തന്നെയെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്.

കൊച്ചി: നാവിക സേനയ്ക്കായി തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലില്‍ നിന്നും കമ്പ്യൂട്ടർ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കൊച്ചിയിലെത്തി അന്വേഷണം ആരംഭിച്ചു.കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ള ഹാര്‍ഡ് ഡിസ്‌കുകളാണ് മോഷണം പോയിരിക്കുന്നത്. സംഭവത്തില്‍ കൊച്ചി കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മോഷ്ടിച്ചത് കപ്പലിന്റെ ഉള്ളില്‍ പണിയെടുത്തവര്‍ തന്നെയെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്. കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വിമാനവാഹിനിക്കപ്പല്‍ വിക്രാന്തില്‍ നിന്നാണ് മോഷണം നടന്നിരിക്കുന്നത്. കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയെന്ന് പോലിസ് വിലയിരുത്തുന്ന ദിവസം ജോലിക്കുണ്ടായിരുന്ന ജോലിക്കാര്‍, വിമാനവാഹിനി കപ്പലിന്റെ നിര്‍മാണ ജോലിയില്‍ പങ്കാളികളായിട്ടുള്ള ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, കരാര്‍ ജീവനക്കാര്‍,സ്ഥിരം ജീവനക്കാര്‍ എന്നിവരില്‍ നിന്നാണ് പോലിസ് മൊഴിയെടുക്കുന്നത്.

അതീവ സുരക്ഷയില്‍ നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലിന്റെ രൂപരേഖ അടക്കം മോഷണം നടന്നത് പോലിസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ഞെട്ടിച്ചിട്ടുണ്ട്. 2009ലാണ് കപ്പലിന്റെ നിര്‍മാണം ആരംഭിച്ചത്. 2021ല്‍ നിര്‍മാണംപൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 20,000 കോടി രൂപയോളമാണ് കപ്പലിന്റെ നിര്‍മാണചെലവ്.നിര്‍മാണം തുടങ്ങിയത് മുതല്‍ കനത്ത സുരക്ഷയിലായിരുന്നു കൊച്ചി കപ്പല്‍ശാല. എന്നിട്ടും ഇവിടുത്ത അതീവ സുരക്ഷാമേഖലയില്‍ എങ്ങനെ മോഷണം നടന്നുവെന്ന കാര്യമാണ് പോലിസ് പ്രധാനമായും അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button