തൃശ്ശൂര്‍:ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട് അവശനിലയില്‍ ചത്ത നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാര്യാട്ടുകര പ്രശാന്തി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെടുപുഴ തയ്യില്‍ വീട്ടില്‍ ബിസിലിയുടേതാണ് നായ. ഷിറ്റ്സു എന്ന ജപ്പാന്‍ ഇനത്തില്‍പ്പെട്ടതാണ് നായ.വെള്ളവും ,ആഹാരവും നല്‍കാതെ വളര്‍ത്തുനായയെ വീട്ടുടമ രണ്ടാഴ്ച മുറിയില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് അവശനിലയിലായ നായ ഒടുവില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
രണ്ടാഴ്ചയായി നായ നിറുത്താതെ കുരയ്ക്കുന്നത് കേട്ട നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മൃഗസ്‌നേഹി സംഘടനയായ പോസിന്റെ പ്രവര്‍ത്തക ചെമ്പൂക്കാവ് നെടുമങ്ങാട്ട് വീട്ടില്‍ പ്രീതി ശ്രീവത്സന്‍ ഇടപെടുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം കൂടുതല്‍ അന്വേഷണം നടത്താമെന്ന നിലപാടിലായിരുന്നു പോലീസ്.നായയെ കൊണ്ടുപോകാന്‍ ചെന്നപ്പോള്‍ വീട്ടിലുണ്ടായിരുന്ന ബിസിലി ഇതിന് അനുവദിച്ചില്ല. തുടര്‍ന്ന് പോലീസെത്തിയാണ് നായയെ പുറത്തെടുത്തത്. സംഭവശേഷം ബിസിലിയെ കാണാനില്ലെന്ന് പോലീസ് പറയുന്നു. ഇവരെ കണ്ടെത്താനായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.
നെടുപുഴ തയ്യില്‍ വീട്ടില്‍ ബിസിലിക്കെതിരെ (40) മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് വെസ്റ്റ് പൊലീസ് കേസെടുത്തത് .വ്യാഴാഴ്ച മണ്ണുത്തി വെറ്ററിനറി കോളേജ് ആശുപത്രിയില്‍ നായയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി. നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഭക്ഷണവും വെള്ളവും നല്‍കാത്തതിനാല്‍ നായയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments