കോഴിക്കോട്: എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് സി.പി.എം പ്രാദേശിക നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഒ.കെ ശ്രീലേഷ്, ഷൈജു കാവോത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ബന്ധുവീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.എലത്തൂര്‍ സ്വദേശിയായ രാജേഷ്(42) ആണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കക്ക പറിച്ച് ജീവിതം നയിച്ചിരുന്ന രാജേഷ് ഈ ജോലി കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാവാത്തതിനാലാണ് വായ്പയെടുത്ത് ഓട്ടോ വാങ്ങിയത്.
തുടര്‍ന്ന് വണ്ടിയുമായി എലത്തൂര്‍ സ്റ്റാന്‍ഡിലെത്തിയെങ്കിലും സി.ഐ.ടി.യു പ്രവര്‍ത്തകരായ മറ്റ് ഡ്രൈവര്‍മാര്‍ തടയുകയും തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും രാജേഷിനെ മര്‍ദ്ദിക്കുകയുമായിരുന്നു. കൂടാതെ വണ്ടി തള്ളി തകർക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവിയില്‍ നിന്നും രാജേഷിനെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. രാജേഷിന്റെ രോഗിയായ ഭാര്യയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
മര്‍ദ്ദനവും ഭീഷണിയും തുടര്‍ന്നതോടെ വിഷമത്തിലായ രാജേഷ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് രാജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മര്‍ദ്ദനത്തില്‍ രാജേഷിന്റെ വൃക്കയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.സംഭവത്തില്‍ പത്ത് പേര്‍ക്കെതിരേയാണ് എലത്തൂര്‍ പൊലിസ് കേസ് ചാര്‍ജ്ജ് ചെയ്തിരുന്നത്. സംഭവത്തില്‍ പ്രതികളെ പിടികൂടാനാവാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തത്.
Post Your Comments