രാജ്കോട്ട്•പൂണൂല്‍ ധരിച്ച്, ബ്രാഹ്മണ ആചാരങ്ങളെല്ലാം പാലിച്ച് തങ്ങളുടെ പിതാവിന്റെ ഹിന്ദു സുഹൃത്തിന്റെ മരണാനന്തര കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കി മത സൗഹാര്‍ദ്ദത്തിന്റെ തിളക്കമാര്‍ന്ന മാതൃകയായി മാറിയിരിക്കുകയാണ് ഗുജറാത്തിലെ മൂന്ന് മുസ്ലിം സഹോദരന്മാര്‍.
അബു ഖുറേഷിയും രണ്ട് സഹോദരന്മാരായ നസീറും സുബറും ശനിയാഴ്ച ദോത്തികളും പൂണൂലും ധരിച്ചാണ് അഞ്ച് പതിറ്റാണ്ടായി പിതാവിന്റെ സുഹൃത്തായ ഭാനുശങ്കർ പാണ്ഡ്യയുടെ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിച്ചത്. അമരേലിയിലെ സവർകുന്ദ്‌ല പട്ടണത്തിലാണ് ചടങ്ങുകള്‍ നടന്നത്.
ബുധനാഴ്ച, ചിതയ്ക്ക് തീകൊളുത്തിയ നസീറിന്റെ മകന്‍ അര്‍മാന്‍ ബ്രാഹ്മണ ആചാര പ്രകാരം തലമുണ്ഡനം ചെയ്തിരുന്നു. ജുനാഗഡിലെ ദാമോദര്‍ കുണ്ടില്‍ മന്ത്രോച്ചാരണത്തോടെയാണ് അവന്‍ പാണ്ഡ്യയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തത്.
ഗിർനറിന്റെ താഴ്‌വാരത്തുള്ള ദാമോദർ കുണ്ടിനെ ഹിന്ദുക്കൾ പുണ്യ തടാകമായി കണക്കാക്കുന്നു. മരണപ്പെട്ടവരുടെ ചിതാഭസ്മം ഇവിടെ നിമഞ്ജനം ചെയ്യുന്നു. ഇതിലൂടെ മരണപ്പെട്ടവരുടെ ആത്മാവിന് മോക്ഷം ലഭിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.
‘ഭാനുശങ്കർ ദാദയെ ഞാൻ എപ്പോഴും എന്റെ മുത്തച്ഛനായി കണക്കാക്കിയിരുന്നു. ഒരു കൊച്ചുമകനെപ്പോലെ എന്നെ സ്നേഹിച്ചതിനാൽ ഞാൻ എല്ലാ ആചാരങ്ങളും അനുഷ്ഠിച്ചു’- അര്‍മാന്‍ പറഞ്ഞു.
നെയ്യ് കൊണ്ട് നിർമ്മിച്ച ഷീറ ഉപയോഗിച്ച് പശുക്കളെ 12 ദിവസം ഊട്ടുകയും കുടുംബം ചെയ്യുന്നു. അഞ്ച് നേരം നിസ്കരിക്കുന്ന ഈ മുസ്ലിം കുടുംബം ഷീറയും പാണ്ഡ്യയുടെ ചില വസ്തുക്കളും പ്രാദേശിക പുരോഹിതന്റെ മേല്‍നോട്ടത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുകയും ചെയ്തു.
പട്ടണത്തില്‍ സാധാരണ തൊഴിലാളികളായി ജോലി ചെയ്യുന്ന ഖുറേഷി സഹോദരന്മാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിന് തടസമായില്ല.
66-ാം വയസ്സിൽ അന്തരിച്ച പാണ്ഡ്യ, ഖുറേഷി സഹോദരന്മാരുടെ പിതാവിന്റെ ഉറ്റ ചങ്ങാതിയായിരുന്നു. കൂടാതെ അഞ്ച് പതിറ്റാണ്ടോളം കുടുംബത്തോടൊപ്പം ഒരുമിച്ചാണ് താമസിച്ചത്. ഇരുവരും സവർകുന്ദ്‌ല പട്ടണത്തിൽ തൊഴിലാളികളായിയിരുന്നു. വീടില്ലാതിരുന്ന പാണ്ഡ്യയെ ഖുറേഷിയാണ് ഒപ്പം താമസിക്കാന്‍ ക്ഷണിച്ചത്.
Post Your Comments