തിരുവനന്തപുരം ജില്ലയിലെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മഹോത്സവം. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണിത്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന് നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്. 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു.
മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 4 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.
ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. ഇന്നത് ദേവി പരാശക്തിയുടെ ഉപാസകരായ ശക്തേയ വിഭാഗത്തിന്റെ ജനകീയമായ ഒരു ആരാധനാമാർഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ ദുർഗ്ഗ, കാളി, ശ്രീപാർവതി, മഹാലക്ഷ്മി തുടങ്ങിയ പരാശക്തിയെ ആരാധിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇവ കൂടുതലായി കാണപ്പെടുന്നത്. പ്രധാനമായും അന്നപൂർണശ്വരിയായ ഭഗവതിയുടെ ഇഷ്ട നിവേദ്യമായി പൊങ്കാലയെ കണക്കാക്കുന്നു. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ചു പ്രാർത്ഥിച്ചാൽ ഭക്തരുടെ ആഗ്രഹങ്ങൾ ആറ്റുകാലമ്മ സാധിച്ച് തരും എന്നുള്ള വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഭക്തർ വ്രതം നോൽക്കുകയും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യാറുണ്ട്. ചിലർ അടുത്തുള്ള ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി വ്രതം ആരംഭിക്കുന്നു.
പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിന്റെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിന്റെ, മോക്ഷത്തിന്റെ പായസമായി മാറുന്നു എന്നാണ്. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയ്യാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയിൽ സാധാരണയായി ശർക്കര പായസം, ഭദ്രാ ഭഗവതിയുടെ പ്രിയ നിവേദ്യമായ കടുംപായസം അഥവാ കഠിനപായസം, വെള്ള ചോറ്, വെള്ളപായസം, എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായ ഏത് ഭക്ഷ്യ വസ്തുവും ഉണ്ടാക്കി ഭക്തിയോടെ നിവേദിക്കാം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.
Post Your Comments