കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ പ്രത്യേകം “കെയർ” വേണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വെബ്സൈറ്റുകളിൽ വ്യാജ കസ്റ്റമർ കെയർ നമ്പർ പ്രദർശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ സംസ്ഥാനത്തു വ്യാപിക്കുന്നു. മണി പേയ്മെന്റ് ആപ്പുകളിലൂടെ പണമിടപാട് നടത്തുന്നവരും ഓൺലൈനായി ബില്ലുകൾ അടയ്ക്കുന്നവരും ഫുഡ് ഡെലിവറി ആപ്പുകൾ ഉപയോഗിക്കുന്നവരുമാണ് കൂടുതലും തട്ടിപ്പിനിരയാകുന്നതെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ
പ്രത്യേകം “കെയർ” വേണം
സൂക്ഷിക്കുക! വ്യാജ കസ്റ്റമർ കെയർ നമ്പർ പ്രദർശിപ്പിച്ച് ഓൺലൈൻ പണം തട്ടിപ്പ്
വെബ്സൈറ്റുകളിൽ വ്യാജ കസ്റ്റമർ കെയർ നമ്പർ പ്രദർശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ സംസ്ഥാനത്തു വ്യാപിക്കുന്നു. മണി പേയ്മെന്റ് ആപ്പുകളിലൂടെ പണമിടപാട് നടത്തുന്നവരും ഓൺലൈനായി ബില്ലുകൾ അടയ്ക്കുന്നവരും ഫുഡ് ഡെലിവറി ആപ്പുകൾ ഉപയോഗിക്കുന്നവരുമാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്.
സാങ്കേതികപ്രശ്നങ്ങൾ കൊണ്ട് ഓൺലൈൻ പണമിടപാടിൽ പണം നഷ്ടപ്പെടുമ്പോൾ ഇത് സംബന്ധിച്ച സംശയങ്ങള്ക്ക് ഔദ്യോഗിക സൈറ്റുകൾ കണ്ടെത്താൻ ശ്രമിക്കാതെ ഗൂഗിളിൽ തിരയുന്നവരാണ് തട്ടിപ്പിനിരയാകുന്നത് യഥാർഥ കസ്റ്റമർ കെയർകാരോട് കിടപിടിക്കുന്ന രീതിയാണ് തട്ടിപ്പുകാരുടേത്. പരാതി പറയുന്നതോടെ പണം തിരികെ നൽകാമെന്നറിയിക്കും. ഇതിനിടെ ബാങ്കിങ് സംബന്ധമായ രഹസ്യവിവരങ്ങൾ ഇവർ ചോദിച്ചു വാങ്ങും. പണം തിരികെ നൽകാൻ ഇത് അത്യാവശ്യമെന്ന് പറയുന്നതോടെ ഇടപാടുകാരന് കുടുങ്ങും. കസ്റ്റമർ കെയർ ആണെന്നു കരുതി ഭൂരിഭാഗവും പേരും വിവരങ്ങളും കൈമാറും. ഇതോടെ ബാങ്ക് അക്കൗണ്ടിലുള്ള പണം ഓൺലൈൻ വഴി സംഘം തട്ടിയെടുക്കും.
ആകർഷകമായ വ്യാജ വെബ്സൈറ്റ് നിർമിച്ച് ഇതിൽ കസ്റ്റമർ കെയർ നമ്പറുകൾ പ്രദർശിപ്പിച്ചാണ് തട്ടിപ്പിന്റെ വല വിരിക്കുന്നത്.
ഓൺലൈൻ റീച്ചാർജിങ്ങിനിടയിൽ പണം നഷ്ടമായാൽ പരാതി നൽകാനായി സമീപിക്കുന്ന ഫോറങ്ങൾക്കും വ്യാജനുണ്ട്. ഇവയിൽ പരാതി നൽകുമ്പോൾ പണം റീഫണ്ട് ചെയ്യാം എന്ന് മറുപടി നൽകും. പണം ലഭിച്ചില്ലെന്നറിയിക്കുന്നതോടെ അക്കൗണ്ട് വിവരങ്ങൾ അയച്ചു നൽകാൻ അറിയിക്കും. ഇതും നൽകിക്കഴിഞ്ഞാൽ ഒ.ടി.പി. ചോദിച്ച് അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണ് രീതി.
ഇതുസംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കേരളം പോലീസ് സൈബർ ഡോം നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലുള്ള ധാരാളം വ്യാജ വെബ്സൈറ്റുകൾ കണ്ടെത്തുകയും അത് പൂട്ടാനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതുമാണ്.
ഗൂഗിൾ നൽകുന്നതെല്ലാം വിശ്വസിക്കരുത്
വ്യാജ വെബ്സൈറ്റുകൾ ഗൂഗിളിൽ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയിൽ തയ്യാറാക്കിയാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നത്. ഗൂഗിൾ നൽകുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കരുത്. ഔദ്യോഗിക സൈറ്റുകളിൽനിന്ന് ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകളിൽ വിളിക്കാൻ ശ്രമിക്കണം. ആർക്കും ബാങ്ക് അക്കൗണ്ട് സംബന്ധമായ രഹസ്യവിവരങ്ങളോ ഫോണിൽ ലഭിച്ച സന്ദേശങ്ങളോ അയച്ചു നൽകരുത് . ഔദ്യോഗിക സൈറ്റുകളിൽ കയറി മാത്രം കസ്റ്റമർ കെയർ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ശേഖരിക്കുക. ഗൂഗിൾ പേ പോലെയുള്ള സേവനങ്ങൾക്ക് പ്രത്യേക നമ്പർ ഇല്ലെന്നതും ഓർമിക്കുക. ആപ് വഴിയും ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയും മാത്രമേ അവർ പരാതികൾ സ്വീകരിക്കൂ. അറിയിക്കാവുന്നതാണ്. തട്ടിപ്പിനിരയായാൽ സൈബർ സെല്ലിലോ ക്രൈം സ്റ്റോപ്പർ നമ്പറായ 1090 ഡയൽ ചെയ്ത് ഉടൻ പരാതി അറിയിക്കാവുന്നതാണ്.
Post Your Comments