
വാഷിംഗ്ടണ്‍ : സൗദിയിലെ അരാംകോ എണ്ണ പ്ലാന്റേഷനുകള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് തെളിവ് സഹിതം സൗദി അറേബ്യ പുറത്തുവിട്ടതോടെ ഇറാനെതിരെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് അമേരിക്ക രംഗത്തെത്തി. യുദ്ധഭീതി നിലനിര്‍ത്തുന്നതിനോടൊപ്പം കടുത്ത സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ അമര്‍ച്ച ചെയ്യാനുള്ള തന്ത്രങ്ങളുമായാണ് അമേരിക്ക വന്നിരിക്കുന്നത്.. ഇറാനെതിരായ സൈനിക നടപടി എളുപ്പമല്ലെന്ന തിരിച്ചറിവിലാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
Read Also : ഡ്രോൺ ആക്രമണം; സൗദി അരാംകോയില്‍ സ്‌ഫോടനവും തീപിടിത്തവും
അതേ സമയം ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും അമേരിക്ക വാഗ്ദാനം ചെയ്തു. എണ്ണ കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് സൗദി വ്യക്തമാക്കിയാല്‍ ഇറാനെതിരെ ഏതറ്റം വരെയും പോകും എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. തിര നിറച്ച് തങ്ങള്‍ കാത്തിരിക്കുകയാണെന്ന് സൈനിക നടപടിയെ സൂചിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അതില്‍ നിന്ന് ട്രംപ് പിറകോട്ടു പോയെന്ന് പുതിയ ട്വീറ്റ് വ്യക്തമാക്കുന്നു.
ഇറാനെതിരെ ഉപരോധ നടപടികള്‍ കര്‍ക്കശമാക്കണമെന്ന് യു.എസ് ട്രഷറിയോട് ആവശ്യപ്പെടുക മാത്രമാണ് ട്രംപ് ചെയ്തിരിക്കുന്നത്. പൂര്‍ണമായ തോതില്‍ തന്നെ യു.എസ് ഉപരോധം ഇറാനെതിരെ നിലനില്‍ക്കുന്നുണ്ട്.
Post Your Comments