കേരളത്തിലൂടെ ഓടുന്ന പ്രതിദിന ട്രെയിനുകളുടെ വൈകി ഓട്ടം ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചു കൂട്ടിയ തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷനുകളില്‍ വരുന്ന എം.പിമാരുടെ യോഗത്തിലാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഈ ആവശ്യം ശക്തമായി ഉന്നയിച്ചത്.
കേരളത്തിലെ ദൈനംദിന യാത്രക്കാരെ വട്ടം കറക്കുന്ന നടപടിയാണ് റെയില്‍വേയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. തുടര്‍ച്ചയായി ട്രെയിനുകള്‍ വൈകി ഓടുന്നത് മൂലം സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, രോഗികള്‍ എന്നിവര്‍ക്ക് കൃത്യ സമയത്ത് ഓഫീസുകളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും എത്താന്‍ കഴിയുന്നില്ല.
തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്‍റര്‍ സിറ്റി, വഞ്ചിനാട് എക്സ്പ്രസ്, വേണാട് എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ്, മെമു ട്രെയിനുകള്‍, മറ്റ് പാസഞ്ചര്‍ ട്രെയിനുകള്‍ തുടങ്ങിയ ട്രെയിനുകള്‍ വൈകി ഓടുന്നത് മൂലം യാത്രക്കാര്‍ പെരുവഴിയിലാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി യോഗത്തില്‍ പറഞ്ഞു. കേരളത്തിലെ ട്രെയിനുകളുടെ വൈകി ഓട്ടത്തെ കുറിച്ച് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ റെയില്‍വേ ഉദ്ദ്യോഗസ്ഥര്‍ ജനറല്‍ മാനേജരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ട്രെയിനുകളുടെ വൈകി ഓട്ടം ഇനിയും തുടര്‍ന്നാല്‍ റെയില്‍വേ ഉദ്ദ്യോഗസ്ഥരെ ഉപരോധിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്‍കി.
കായംകുളം, ആലപ്പുഴ, കോട്ടയം, എറണാകുളം ലൈനില്‍ അവശേഷിക്കുന്ന പാത ഇരട്ടിപ്പിക്കള്‍ പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീട്ടി കൊണ്ടു പോകുന്നതിനെ കൊടിക്കുന്നില്‍ സുരേഷ് യോഗത്തില്‍ നിശിതമായി വിമര്‍ശിച്ചു. 2021 ല്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്ന ചിങ്ങവനം- ഏറ്റുമാനൂര്‍- കുറുപ്പുംതറ ലൈനിലെ പാത ഇരട്ടിപ്പിക്കല്‍ 2020 ല്‍ തന്നെ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ലൈനുകളുടെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കൂടുതല്‍ പുതിയ ട്രെയിനുകള്‍ ഈ റൂട്ടിലൂടെ ഓടിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് നിന്നും കോട്ടയം, കൊല്ലം, ചെങ്കോട്ട, മധുര വഴി വേളാങ്കണിയിലേക്ക് പോകുന്ന സ്പെഷ്യല്‍ ട്രെയിന്‍ പ്രതിദിന ട്രെയിനാക്കണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉന്നയിച്ചു. ചെങ്ങന്നൂര്‍- തിരുപ്പതി പ്രതിദിന എക്സ്പ്രസ് ട്രെയിന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണം, മീറ്റര്‍ ഗേജ് ലൈനില്‍ ഓടിക്കൊണ്ടിരുന്ന കോയമ്പത്തൂര്‍- പളനി- മധുര- കൊല്ലം ട്രെയിന്‍ പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കൊങ്കണ്‍ വഴി പോകുന്ന എല്ലാ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം. ആലപ്പുഴ വഴി പോകുന്ന എല്ലാ ട്രെയിനുകള്‍ക്കും ശാസ്താംകോട്ട റെയില്‍വേസ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, ചെറിയനാട്, മാവേലിക്കര, തകഴി, ശാസ്താംകോട്ട, മണ്‍ട്രോത്തുരുത്ത് സ്റ്റേഷനുകളുടെ വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
മണ്‍ട്രോത്തുരുത്ത് റെയില്‍വേ സ്റ്റേഷനില്‍ 24 ബോഗികളുള്ള ട്രെയിന്‍ നിര്‍ത്താന്‍ സൗകര്യത്തില്‍ പ്ലാറ്റ് ഫോം നീട്ടണമെന്നും റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം പുതുക്കി പണിയണമെന്നും യോഗത്തില്‍ എം.പി ആവശ്യപ്പെട്ടു. ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍റെ നവീകരണത്തിന് അടിയന്തിര നടപടി സ്വീകരിക്കണം. മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍റെ മുന്‍ഭാഗത്തെ കാട് വെട്ടിത്തെളിച്ച് അവിടെ പാര്‍ക്കിംഗ് എരിയ നിര്‍മ്മിക്കണം. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വി.ഐ.പി ലോഞ്ച് ഉള്‍പ്പെടെയുള്ള പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം. ചെറിയനാട് റെയില്‍വേ സ്റ്റേഷനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ സാറ്റ് ലൈറ്റ് സ്റ്റേഷനായി ഉയര്‍ത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് യോഗത്തില്‍ ആവശ്യപ്പെട്ടു.
Post Your Comments