KeralaLatest NewsNews

കേരളത്തിലെ കാലാവസ്ഥയില്‍ ഉണ്ടായിരിക്കുന്നത് അസാധാരണ പ്രതിഭാസങ്ങള്‍ : പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിവെച്ചത് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം : അതിതീവ്ര ഇടിമിന്നലിനുള്ള കാരണവും കണ്ടെത്തി

ആലപ്പുഴ: കേരളത്തിലെ കാലാവസ്ഥയില്‍ ഉണ്ടായിരിക്കുന്നത് അസാധാരണ പ്രതിഭാസങ്ങള്‍. പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിവെച്ചത് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം. ഒപ്പം അതിതീവ്ര ഇടിമിന്നലുകള്‍ക്കും കാരണമായി.
കേരളത്തിലെ കാലവര്‍ഷമേഘങ്ങളുടെ അടിസ്ഥാനഘടനയില്‍ വ്യത്യാസം സംഭവിച്ചതാണ് കാലവര്‍ഷത്തില്‍ കേരളത്തിലെ അതി തീവ്ര ഇടിമിന്നലുകള്‍ക്ക് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത് . ഇക്കുറി കാലവര്‍ഷത്തില്‍ പതിവില്ലാതെ ഇടിമിന്നലുണ്ടാകുന്നതിന് കാരണവും ഇതാണെന്നാണ് വിലയിരുത്തല്‍. ഇടിമിന്നലിനു കാരണമാകുന്ന കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ഈ കാലവര്‍ഷക്കാലത്ത് കേരളത്തിനുമുകളില്‍ കണ്ടെത്തിയിരുന്നു.

Read Also : അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത : ജനങ്ങള്‍ക്ക് വീണ്ടും ജാഗ്രതാ നിര്‍ദേശം : ഉരുള്‍പൊട്ടലുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഓഗസ്റ്റ് ഏഴുമുതല്‍ 11 വരെ കേരളത്തിനു മുകളിലുണ്ടായിരുന്ന ഇത്തരം മേഘങ്ങളുടെ മുകള്‍ഭാഗം മൈനസ് 73 ഡിഗ്രി സെല്‍ഷ്യസ് വരെ തണുത്തിരുന്നതായാണ് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

10 മുതല്‍ 14 വരെ കിലോമീറ്റര്‍ ഉയരമുള്ള ഈ മേഘങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഐസ് കണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മേഘത്തില്‍ ഐസ് കണങ്ങള്‍ രൂപപ്പെടുന്നതാണ് ഇടിമിന്നലിനു കാരണമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

മേഘങ്ങളുടെ ഉയരം അഞ്ചുകിലോമീറ്ററിന് മുകളിലാകുമ്പോഴാണ് ഐസ് കണങ്ങള്‍ രൂപംകൊള്ളുന്നത്. സാധാരണ കാലവര്‍ഷക്കാലത്ത് പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് ഉയരം കുറഞ്ഞ മേഘങ്ങളാണ് രൂപപ്പെടാറുള്ളത്. ഇത്തവണയുണ്ടായ കൂറ്റന്‍ മേഘങ്ങള്‍ 14 കിലോമീറ്റര്‍വരെ ഉയര്‍ന്നുനില്‍ക്കുന്നവയായിരുന്നു. അവ ആ പ്രദേശത്ത് ‘തലയ്ക്കുമുകളിലുള്ള ജലസംഭരണി’യായിമാറി. ഇതില്‍നിന്ന് കുറഞ്ഞസമയത്തിനുള്ളില്‍ കൂടിയ അളവില്‍ മഴ (അതിതീവ്ര മഴ) പെയ്തു. ഇത്തരം കൂമ്പാരമേഘങ്ങളാണ് വടക്കന്‍ കേരളത്തില്‍ പ്രളയത്തിനു കാരണമായത്.

ഓഗസ്റ്റ് ഏഴുമുതല്‍ 11 വരെ വടക്കന്‍ കേരളത്തില്‍ പലയിടത്തും 600 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്തു. ഈ പ്രദേശങ്ങളിലെല്ലാം കൂമ്പാരമേഘങ്ങളുടെ ഉയരം വളരെ കൂടുതലും ഐസിന്റെ അളവ് ഉയര്‍ന്നതോതിലുമായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഉയര്‍ന്ന അന്തരീക്ഷ താപനിലയും തീവ്രമഴയ്ക്കും ഇടയാക്കുന്നു. ഇടിമിന്നലിനും ആലിപ്പഴം വീഴ്ചയ്ക്കും കാരണമാകുന്ന കൂറ്റന്‍ മേഘങ്ങള്‍ രൂപംകൊള്ളാനും അന്തരീക്ഷ താപവര്‍ധനയ്ക്ക് പങ്കുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button