ചെന്നൈ: തമിഴ്നാട്ടില്‍ ‘ജീവസമാധി’ പ്രഖ്യാപിച്ച് ആളെക്കൂട്ടിയശേഷം ശ്രമം ഉപേക്ഷിച്ച സ്വാമിയുടെ പേരില്‍ പോലീസ് കേസ്. കനത്ത പോലീസ് കാവലിലായിരുന്നു സ്വാമിയുടെ സമാധിശ്രമം. സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ കളക്ടറും സ്ഥലത്തെത്തിയിരുന്നു. ശിവഗംഗ പാസങ്കരയില്‍ വ്യാഴാഴ്ച അര്‍ധരാത്രിക്കും വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനുമിടയില്‍ സമാധിയാകുമെന്ന് പ്രഖ്യാപിച്ച് ആയിരത്തിലേറെപ്പേര്‍ക്ക് ദര്‍ശനം നല്‍കിയ ഇരുളര്‍സ്വാമി(71)യുടെ പേരിലാണ് തട്ടിപ്പിന് കേസെടുത്തത്.
സമാധിയാകുന്നതിന് പ്രഖ്യാപിച്ച സമയപരിധി കഴിഞ്ഞതോടെ ദര്‍ശനം അവസാനിപ്പിച്ച സ്വാമി മറ്റൊരു ദിവസം ഇതിനുള്ള ശ്രമം നടത്തുമെന്ന് അറിയിച്ച് ധ്യാനസ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. ഇതോടെ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയെന്ന് ആരോപിച്ചാണ് ഇപ്പോള്‍ സ്വാമിയുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. സ്വാമിയുടെ മകനും സഹായികളായ അഞ്ചുപേരും കേസില്‍ പ്രതികളാണ്. ‘സമാധി’യായശേഷം ശരീരം മറവുചെയ്യുന്നതിന് 10 അടി നീളവും ആഴവുമുള്ള കുഴിയും ധ്യാനമിരുന്ന സ്ഥലത്ത് കുഴിച്ചിരുന്നു.
സ്വാമിയുടെ ‘ജീവസമാധി’ക്ക് സാക്ഷ്യംവഹിക്കാനും അനുഗ്രഹം നേടാനുമായി വ്യാഴാഴ്ച രാത്രിമുതല്‍ നാമജപത്തോടെ ജനങ്ങള്‍ തടിച്ചുകൂടി. സാമൂഹികമാധ്യമങ്ങളിലൂടെ വാര്‍ത്ത പടര്‍ന്നതോടെയാണ് കൂടുതല്‍ ആളുകളെത്തിയത്. നേരം പുലര്‍ന്നതോടെ, സമാധി മറ്റൊരു ദിവസമായിരിക്കുമെന്ന് അറിയിച്ച് സ്വാമിയും സഹായികളും മടങ്ങുകയായിരുന്നു.
Post Your Comments