KeralaLatest NewsIndia

മരട് ഫ്‌ളാറ്റ് ഒഴിയാനുള്ള സമയപരിധി കഴിഞ്ഞു, ഇതുവരെ ഒഴിഞ്ഞവരുടെ കണക്ക് ഇങ്ങനെ

കൊച്ചി: ഒഴിഞ്ഞുപോകുന്നതിനായി മരടിലെ താമസക്കാരായ ഫ്ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിലെ സമയപരിധി ഞായറാഴ്ച അവസാനിച്ചെങ്കിലും ആരും ഫ്ളാറ്റുകള്‍ വിട്ടിറങ്ങിയില്ല.മരട് ഫ്ളാറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗം നാളെ വൈകിട്ടു മൂന്നരയ്ക്കു തിരുവനന്തപുരത്തു ചേരും. തീരദേശച്ചട്ടം ലംഘിച്ച അഞ്ചു കെട്ടിടസമുച്ചയവും 20-നകം പൊളിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവും ഫ്ളാറ്റ് ഒഴിയില്ലെന്നു പ്രഖ്യാപിച്ച്‌ ഉടമകള്‍ നടത്തുന്ന സമരവും കണക്കിലെടുത്ത്, എന്തു നടപടിയെടുക്കാന്‍ കഴിയുമെന്ന് ആലോചിക്കാനാണു യോഗം.

തീരദേശപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഈമാസം ഇരുപതിനകം പൊളിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെ അഞ്ചുദിവസത്തിനുള്ളില്‍ ഫ്ളാറ്റ് ഒഴിയാന്‍ നഗരസഭ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍, ഒഴിയില്ലെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് താമസക്കാര്‍. ഫ്ളാറ്റുകള്‍ വിറ്റത് നിയമാനുസൃതമായാണെന്നും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നുമുള്ള നിലപാടിലാണ് ഫ്ളാറ്റ് നിര്‍മാതാക്കള്‍.

ഇത് വ്യക്തമാക്കി ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ നിര്‍മാതാക്കള്‍ മരട് നഗരസഭാ സെക്രട്ടറിക്ക് കത്തുനല്‍കി. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ തുടര്‍നടപടി സ്വീകരിക്കില്ലെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. ഒഴിപ്പിക്കലുമായോ കണക്കെടുപ്പുമായോ താമസക്കാര്‍ സഹകരിക്കുന്നില്ല. അതിനാല്‍ തുടര്‍നടപടി എങ്ങനെ വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നു നഗരസഭ ആവശ്യപ്പെട്ടു. ബലം പ്രയോഗിച്ച്‌ ഒഴിപ്പിക്കുന്നതിനോടു നഗരസഭയ്ക്കു യോജിപ്പില്ല.

ഫ്ളാറ്റ് ഒഴിപ്പിക്കുമ്പോള്‍ 343 കുടുംബങ്ങളിലായി 1,472 പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു മരട് നഗരസഭ എറണാകുളം ജില്ലാ കലക്ടര്‍ക്കു കത്ത് നല്‍കി. ഒഴിപ്പിക്കലിനെതിരായി കുടുംബങ്ങള്‍ ഫ്ളാറ്റുകള്‍ക്കു മുന്നില്‍ ആരംഭിച്ച റിലേ സത്യഗ്രഹം ശക്തമാക്കി. എന്നാൽ ബിൽഡേഴ്‌സ് പറയുന്നത് പദ്ധതിയുമായി ബന്ധമില്ല. നിലവിലെ ഉടമസ്ഥരാണ് കരമടയ്ക്കുന്നത്. അതിനാല്‍ ഉടമസ്ഥാവകാശവും അവര്‍ക്കാണ്. നഗരസഭ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു.

തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥരോ നിര്‍മാതാക്കളോ ചെയ്ത തെറ്റിന് ബലിയാടാവില്ലെന്നുമാണ് ഉടമകള്‍ പറയുന്നത്.മരടിലെ ഫഌറ്റുകള്‍ പൊളിക്കുന്നതിന്റെ പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ട് മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. തീരദേശ പരിപാലന നിയമത്തിന്റെ പ്രസക്ത ഭാഗവും ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതു പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്ന മുന്നറിയിപ്പും രണ്ടു ഖണ്ഡികകളില്‍ ഒതുക്കിയുള്ള റിപ്പോര്‍ട്ടാണു ലഭിച്ചത്.അതോടെ, പൊളിക്കല്‍ നടപടി തുടങ്ങിയെന്നു ചൂണ്ടിക്കാട്ടി 20-നു സുപ്രീം കോടതിക്കു റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

പൊളിക്കാനും കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും രണ്ടു മാസമെങ്കിലും വേണമെന്ന തരത്തില്‍ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ലഭിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. അതുപയോഗിച്ച്‌ സമയം നീട്ടിച്ചോദിക്കാനായിരുന്നു ആലോചന. എന്നാല്‍, സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ഐ.ടി. വിദഗ്ധര്‍ തയാറായില്ലെന്നാണു വിവരം.കോടതിവിധിയെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താനും പരിഹാരത്തിന് നിര്‍ദേശംതേടിയും സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു.

ചൊവ്വാഴ്ച മൂന്നരയ്ക്ക് തിരുവനന്തപുരത്താണ് യോഗം.ഫ്ളാറ്റ് ഒഴിപ്പിക്കല്‍ വിഷയത്തില്‍ അടുത്തഘട്ടത്തെക്കുറിച്ച്‌ തീരുമാനിച്ചിട്ടില്ലെന്ന് മരട് നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാന്‍. ഉടമകള്‍ ഒഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ല. മേല്‍നടപടി എങ്ങനെവേണമെന്ന് ഇനി തീരുമാനിക്കും. ഇതുസംബന്ധിച്ച്‌ ഉത്തരവുകളൊന്നും മുകളില്‍നിന്ന് കിട്ടിയിട്ടില്ല. ഉത്തരവനുസരിച്ചായിരിക്കും തുടര്‍നടപടി. ഒഴിയേണ്ടിവന്നാല്‍ താമസക്കാര്‍ക്കായി ഏലൂരിലെ ഫാക്‌ട് ക്വാര്‍ട്ടേഴ്‌സില്‍ സൗകര്യം ഒരുക്കാനായി കളക്ടര്‍ നിര്‍ദേശിച്ചതായും നഗരസഭാ സെക്രട്ടറി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button