തിരുവനന്തപുരം•ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരും റീജിയണല്‍ കാന്‍സര്‍ സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മാലദ്വീപ് ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുള്ള അമീന്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആര്‍.സി.സി. ഡയറക്ടര്‍ ഡോ. രേഖ എ. നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സെപ്റ്റംബര്‍ 16-ാം തീയതി തിങ്കളാഴ്ച കരാറില്‍ (എം.ഒ.യു.) ഒപ്പിടും. തുടര്‍ന്ന് ആര്‍.സി.സി.യില്‍ വച്ച് രാവിലെ 10 മണിക്ക് കരാറിന്റെ വിവിധ വശങ്ങളെപ്പറ്റി മാധ്യമങ്ങളുമായി മന്ത്രിമാര്‍ സംവദിക്കും.
ഇന്ത്യയുടെ അയല്‍രാജ്യമായ മാലദ്വീപും കേരളവുമായുള്ള ബന്ധം വളരെ ശക്തമാണ്. നിരവധി പേരാണ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി കേരളത്തിലെത്തുന്നത്. മാലദീപ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കാന്‍സര്‍ ചികിത്സാ രംഗത്ത് കേരളം സഹായിക്കുന്നത്. കാന്‍സര്‍ ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമുള്ള റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ കാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കാന്‍സര്‍ പ്രതിരോധം, കാന്‍സര്‍ ചികിത്സ, രോഗനിര്‍ണയ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുന്നതില്‍ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്നതാണ്. ഇതുവഴി മാലദ്വീപിലെ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള കാന്‍സര്‍ ചികിത്സാ പരിചരണങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും.
കാന്‍സര്‍ നിയന്ത്രണ ചികിത്സാ രംഗത്തുള്ള ആര്‍.സി.സി.യുടെ ദീര്‍ഘകാല അനുഭവ സമ്പത്തും നൈപുണ്യവും പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ കരാര്‍. ഇതനുസരിച്ച് മാലദ്വീപിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലബോറട്ടറി ജീവനക്കാര്‍ എന്നിവര്‍ക്ക് ആര്‍.സി.സി.യില്‍ പ്രത്യേക പരിശീലനം നല്‍കും. തുടര്‍ വിദ്യാഭ്യാസ പരിപാടിയിലൂടെ മാലദ്വീപിലെ കാന്‍സര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാന്‍സര്‍ ചികിത്സ രോഗ നിര്‍ണയ രംഗത്തെ നൂതനസങ്കേതങ്ങള്‍ പരിചയപ്പെടുത്താനും ആര്‍.സി.സി. സൗകര്യമൊരുക്കും. ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാലദ്വീപിലെ കാന്‍സര്‍ ആശുപത്രികളില്‍ ഡെപ്യൂട്ടഷന്‍ നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്.
കാന്‍സര്‍ നിയന്ത്രണത്തില്‍ ലോകത്തിന്റെ മുന്‍നിരയിലുള്ള സ്ഥാപനമായി മാറുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍.സി.സി.യുമായുള്ള സഹകരണം മാലദ്വീപിന്റെ ആരോഗ്യ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഏറെ പ്രത്യേകതകളുള്ള മള്‍ട്ടിഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് സംവിധാനം ഉള്‍പ്പെടെയുള്ളവ മാലദ്വീപിലെ ജനങ്ങള്‍ക്ക് ഉപയോഗപ്പെടത്തക്ക വിധത്തിലാണ് പരിശീലനം നല്‍കുന്നത്. കാന്‍സര്‍ രജിസ്ട്രി ഉണ്ടാക്കാനും സഹായിക്കും. ആര്‍.സി.സി. നടപ്പാക്കുന്ന മാതൃകാപരമായ വിവിധ ക്ഷേമ പരിപാടികള്‍, ഉപകേന്ദ്രങ്ങളുടെ പ്രവര്‍ത്തന രീതികള്‍ എന്നിവ മാലദ്വീപിന് ഉപകാരപ്പെടും.
പ്രതിദിനം ആയിരത്തോളം പഴയതും പുതിയതുമായ രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആര്‍.സി.സി.യില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍പരം രോഗികളാണ് തുടര്‍ ചികിത്സയ്ക്കായി എത്തുന്നത്. ആര്‍.സി.സി.യുടെ പ്രവര്‍ത്തന മികവും പശ്ചാത്തല സാങ്കേതിക സൗകര്യങ്ങളും അനുഭവജ്ഞാനവും മാലദ്വീപിലെ കാന്‍സര്‍ ചികിത്സാ നിയന്ത്രണ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കരാര്‍വഴി സാധിക്കുന്നതാണ്. ഇതിലൂടെ കാന്‍സറിന്റെ പിടിയിലകപ്പെട്ട മാലദീപ് ജനങ്ങള്‍ക്ക് വളരെയധികം സഹായകരമാകുന്നതാണ്.
Post Your Comments