ന്യൂഡല്‍ഹി: ജസ്റ്റിസ് അരുണ്‍ മിശ്ര കേരള സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനാണ്. കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ്, ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം, മരട് ഫ്‌ളാറ്റ് കേസ് തുടങ്ങി ഒട്ടേറെ നിര്‍ണായകമായ കേസുകളില്‍ വിധിപറഞ്ഞ ബെഞ്ചുകളില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അംഗമായിരുന്നു. കേരളസര്‍ക്കാരിന്റെ രൂക്ഷവിമര്‍ശകന്‍ കൂടിയായ അദ്ദേഹത്തിന്റെ വിധികള്‍ പലതും സംസ്ഥാനസര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നതായിരുന്നു.
എന്നാല്‍ ഈ കേസുകളിലൊന്നും ജസ്റ്റിസ് മിശ്രയുടെ ഉത്തരവുകള്‍ പാലിക്കാന്‍ കേരള സര്‍ക്കാരിനായില്ല. അത് അദ്ദേഹത്തെ പ്രകോപിപ്പിക്കുകയും ചെയ്തു. ‘കേരളം ഇന്ത്യയിലല്ലേ?, നിയമങ്ങള്‍ കേരളത്തിനുബാധകമല്ലേ’ തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചത് പിന്നില്‍ ഈ അതൃപ്തി പ്രകടമാണ്.
2017-ല്‍ ജസ്റ്റിസ് മിശ്ര ഉത്തരവിറക്കിയ സഭാതര്‍ക്കക്കേസിലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പിന്നീട് 2018ല്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ പ്രശ്‌നം കുറച്ച് കൂടി രൂക്ഷമാവുകയും 2019ലെ മരട് കേസ് വിധിയോടെ അത് പൂര്‍ണമാവുകയും ചെയ്തു.സഭാതര്‍ക്ക കേസില്‍ ആഴ്ചകളോളം വാദംകേട്ടശേഷമാണ് 2017 ജൂലായ് മൂന്നിന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിധിപറഞ്ഞത്. മലങ്കരസഭയ്ക്കുകീഴിലെ പള്ളികള്‍ 1934-ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കണമെന്നായിരിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായിരുന്നു വിധി. ഇതിനെതിരേ യാക്കോബായ വിഭാഗം ഓരോ പള്ളികളുടെ കേസിലും പ്രത്യേകമായി സുപ്രീംകോടതിയിലെത്തി. 2017-ലേത് എല്ലാവര്‍ക്കും ബാധകമായ വിധിയാണെന്ന് പലതവണ വ്യക്തമാക്കിയിട്ടും വീണ്ടും കേസുകളെത്തിയപ്പോള്‍ ജസ്റ്റിസ് മിശ്ര ഇതില്‍ അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു.
ALSO READ: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; അപകടം നടന്നത് പെട്രോള്‍ പമ്പിന് സമീപത്ത്
കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളേജ് പ്രശ്‌നമായിരുന്നു രണ്ടാമത്തേത്. മെഡിക്കല്‍ കോളേജിലേക്കുള്ള പ്രവേശനം ജസ്റ്റിസ് മിശ്രയുടെ ബെഞ്ചാണ് റദ്ദാക്കിയത്. പ്രവേശനം ക്രമവിരുദ്ധമാണെങ്കിലും വിദ്യാര്‍ഥികളുടെ ഭാവിയോര്‍ത്ത് അത് തത്കാലം റദ്ദാക്കാതെ മറ്റെന്തെങ്കിലും ശിക്ഷ വിധിക്കുകയാണ് കോടതികള്‍ ചെയ്യാറ്. എന്നാല്‍, ഇതൊരു സ്ഥിരംസംഭവമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്‍ മിശ്ര 180 കുട്ടികളുടെ പ്രവേശനവും റദ്ദാക്കിയിരുന്നു. ഈ വിധി മറികടക്കാന്‍ സംസ്ഥാനം ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇത് സുപ്രീം കോടതിയോടുള്ള വെല്ലുവിളിയായി കണക്കാക്കി ഓര്‍ഡിനന്‍സ് റദ്ദാക്കിയിരുന്നു.
ഇപ്പോള്‍ മരട് പ്രശ്‌നത്തിലും സമാനമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. തീരപരിപാലനചട്ടം ലംഘിച്ചെന്നുകാട്ടി മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് പഞ്ചായത്ത് അയച്ച കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതിനെതിരേ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം ഹൈക്കോടതിക്കുവിടാമെന്നാണ് ജസ്റ്റിസ് മിശ്ര തുടക്കത്തില്‍ പറഞ്ഞതെങ്കിലും സുപ്രീംകോടതിതന്നെ കേസ് പരിഗണിച്ചാല്‍ മതിയെന്ന അഭിപ്രായം ഉയര്‍ന്നതോടെയാണ് അദ്ദേഹം അത് സമ്മതിച്ചത്.
എന്നാല്‍ ഒരുമാസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന സുപ്രീംകോടതി വിധി വന്നതോടെ ഹര്‍ജിക്കാര്‍പോലും അമ്പരന്നു. സാധാരണ സംഭവിക്കാറുള്ളത് പോലെ നിര്‍മാതാക്കള്‍ക്ക് വന്‍തുക പിഴചുമത്തണമെന്ന് മാത്രമാണ് അഭിഭാഷകര്‍ കരുതിയിരുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഫ്‌ളാറ്റുകളാണിവയെന്ന വിവരം സുപ്രീം കോടതി മനസിലാക്കിയിരുന്നോ എന്ന കാര്യം പോലും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പുനഃപരിശോധനാ ഹര്‍ജി നല്‍കലായിരുന്നു നിയമപരമായ മാര്‍ഗമെന്ന് വിദഗ്ധര്‍ പറയുന്നു.
ഉത്തരവ് സ്റ്റേചെയ്യാന്‍ ജസ്റ്റിസ് മിശ്ര വിസമ്മതിച്ചതിനുപിന്നാലെ മറ്റൊരു ബെഞ്ചില്‍നിന്ന് റിട്ട് ഹര്‍ജിക്കാര്‍ സ്റ്റേ വാങ്ങിയത് അദ്ദേഹത്തെ പ്രകോപിപ്പിക്കുകയും ചെയ്തു, സ്റ്റേ നല്‍കിയ ബെഞ്ചിനെതിരേ പരാമര്‍ശം നടത്താന്‍പോലും ജസ്റ്റിസ് മിശ്ര മടിച്ചില്ല. പുനഃപരിശോധനാഹര്‍ജിയും കോടതി തള്ളിയതോടെ ഉത്തരവുനടപ്പാക്കിയത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളെന്തെങ്കിലും എത്തിയിട്ടുണ്ടോയെന്ന് ജസ്റ്റിസ് മിശ്ര രജിസ്ട്രിയില്‍ പരിശോധിച്ചുവെന്നാണറിയുന്നത്.
ചുരുങ്ങിയ ദിവസങ്ങള്‍ക്കകം വന്‍ ബഹുനിലക്കെട്ടിടങ്ങള്‍ പൊളിക്കണമെന്നത് ഏറക്കുറെ അസാധ്യമാണ്. അങ്ങനെയങ്കില്‍ ഈമാസം 23-നു ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി മറുപടി നല്‍കേണ്ടിവരും. ചുരുങ്ങിയ ദിവസത്തിനകം പൊളിക്കാനാകില്ലെന്നോ ഫ്‌ളാറ്റുടമകളുടെ എതിര്‍പ്പോ ഉയര്‍ത്തിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയാല്‍പ്പോലും കോടതി അതെങ്ങനെ കാണുമെന്ന് പറയാനാകില്ല.
Post Your Comments