ന്യൂഡല്‍ഹി: ഹിന്ദുമതം സ്വീകരിച്ച ശേഷം കാമുകിയെ വിവാഹം കഴിച്ച യുവാവ് വീണ്ടും ഇസ്ലാം മതം സ്വീകരിച്ചതായി പരാതി. വിവാഹശേഷം മുസ്ലീമായ യുവാവ് ഇപ്പോള്‍ തന്റെ മകളെയും മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ചത്തീസ്ഗഢിലാണ് മിശ്ര വിവാഹം വിവാദമായത്. 33കാരനായ മുസ്ലീം യുവാവും 23കാരിയായ ഹിന്ദു യുവതിയും തമ്മിലായിരുന്നു വിവാഹം കഴിച്ചത്. പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയില്‍ പറയുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ യുവാവിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ഇസ്ലാം മത വിശ്വാസിയായ യുവാവ് തന്റെ മകളെ വിവാഹം ചെയ്യാന്‍ വ്യാജ രേഖകള്‍ ചമച്ച് ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു എന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാല്‍ വിവാഹ ശേഷം വീണ്ടും മതം മാറി ഇസ്ലാമായെന്നും ഇപ്പോള്‍ മകളെയും മതം മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പിതാവിന്റെ ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മുസ്ലിം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ ഹിന്ദു മതം സ്വീകരിച്ചത്.
മതം മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മകള്‍ തങ്ങളോടൊപ്പം ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്ന് കാണിച്ച് പിതാവ് കോടതിയെ സമീപിച്ചതോടെ പെണ്‍കുട്ടിയെ കോടതി മാതാപിതാക്കളോടൊപ്പം വിട്ടു. ഇതോടെ യുവാവ് ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്കി. എന്നാല്‍ ഹൈക്കോടതിയില്‍ വച്ച് ഭര്‍ത്താവിനൊപ്പം കഴിയണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് യുവതിയെ ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. ഹൈക്കോടതിയുടെ ഈ നടപടി ചോദ്യം ചെയ്താണ് പിതാവ് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗിയാണ് പിതാവിന് വേണ്ടി ഹാജരായത്.
എന്നാല്‍, മതപരമായും ജാതിപരമായുമുള്ള മിശ്ര വിവാഹങ്ങള്‍ സമൂഹത്തിന് ഗുണകരമാണെന്നും മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര, എംആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം മിശ്ര വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ ഭാവിയില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു.
Post Your Comments