പ്രളയദുരിതത്തെ നേരിടുന്നതിൽ കേരളം കാണിച്ച മാതൃക രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധനേടിയതായും ഒരുമയുടെ ഈ മാതൃക നമുക്ക് നിലനിർത്താൻ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞവർഷവും ഈവർഷവുമുണ്ടായ പ്രളയത്തിൽനിന്ന് ഒരേ മനസ്സോടെ കരകയറാനും അതിജീവിക്കാനുമാണ് നാം ശ്രമിച്ചത്. വേർതിരിവും ഭിന്നതയുമില്ലാതെ ദുരന്തത്തെ നേരിടാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനായി. ഓഖി, നിപ ദുരന്തങ്ങളും ഇത്തരത്തിൽ നാം അതിജീവിച്ചു. ഈ വലിയ മാതൃക സൃഷ്ടിക്കാനായത് നമ്മുടെ സാംസ്‌കാരികത്തനിമമൂലമാണ്. ഇനിയൊരു ദുരന്തം വന്നാൽ തകർക്കാനാകാത്ത പുനർനിർമാണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി
കഴിഞ്ഞ പ്രളയത്തിനുശേഷം പുനർനിർമാണപ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് വീണ്ടും പ്രളയം വന്നത്.കഴിഞ്ഞ പ്രളയത്തിൽ പൂർണമായി തകർന്ന 16,058 വീടുകളിൽ 8,000 ഓളം പുനർനിർമിക്കാനായി. അവർ സ്വന്തം വീട്ടിലാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്. 5355 വീടുകളുടെ പണി പുരോഗമിക്കുകയാണ്. ഈ വീടുകൾ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കും വിധമാണ് നിർമിക്കുന്നത്. ഇതുകൂടാതെ ഭാഗികമായി തകർന്ന മൂന്നുലക്ഷത്തോളം വീടുകൾക്ക് കേടുപാട് തീർക്കാൻ 1557 കോടി രൂപ ചെലവാക്കി. കൂടാതെ ആദ്യഘട്ടത്തിൽ അടിയന്തിരസഹായമായി 692 കോടി ചെലവാക്കി. ഇതിനുപുറമേ, കർഷകർക്കും, വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്കും, മറ്റു ദുരിതങ്ങളുണ്ടായവർക്കും സഹായങ്ങൾ നൽകി. കുടുംബശ്രീ മുഖേന വായ്പ നൽകി.ഓഖി ദുരിതമുണ്ടായപ്പോൾ 108 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി സമാഹരിച്ചത്. നാം 111 കോടിയാണ് ചെലവഴിച്ചത്. കേന്ദ്രസഹായമായി 111 കോടി ലഭിച്ചപ്പോൾ എസ്.ഡി.ആർ.എഫിൽനിന്ന് നാം 122 കോടിയാണ് ചെലവഴിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് ഫ്‌ളാറ്റ് സമുച്ചയം, ഓഖി ബാധിത കുടുംബങ്ങളിലുള്ളവർക്ക് മത്സ്യഫെഡ് ഫാക്ടറിയിൽ തൊഴിൽ, മക്കൾക്ക് 2037 വരെയുള്ള വിദ്യാഭ്യാസചെലവ് ഏറ്റെടുക്കൽ, 40,000 മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ്, തീരദേശപോലീസിൽ ജോലി, കടലിൽ പോകുമ്പോൾ ബന്ധപ്പെടാൻ നാവിക്, സാറ്റലൈറ്റ് ഫോൺ, മത്സ്യബന്ധനോപാധികൾ നഷ്ടപ്പെട്ടവർക്ക് സഹായം തുടങ്ങിയവ നൽകി. പ്രത്യേക പരിശീലനം നേടിയ കടൽസുരക്ഷാ സ്‌ക്വാഡുകൾ, മ്‌റൈൻ ആംബുലൻസ്, 2000 കോടിയുടെ തീരദേശ പാക്കേജ് തുടങ്ങിയവയും നടപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നല്ലരീതിയിൽ സമൂഹം പ്രതികരിച്ചു. അതിൽ യുവാക്കളുടെ ഇടപെടൽ എടുത്തുപറയേണ്ടതാണ്. ആരുപറയാതെ, ആരെയും കാത്തുനിൽക്കാതെ അവർ മുന്നിട്ടിറങ്ങി. സംസ്ഥാന, കേന്ദ്ര സേനകളും, മത്സ്യത്തൊഴിലാളികളും ഒക്കെ മഹത്തായ രക്ഷാദൗത്യത്തിനുണ്ടായിരുന്നു. സ്വന്തം ജീവൻ പണയം വെച്ചാണ് അർപ്പണമനോഭാവത്തോടെ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികൾ ഇറങ്ങിയത്. തിരുവനന്തപുരം ജില്ലയ്ക്ക് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നേതൃപരമായ ഇടപെടൽ നടത്താനായി. കഴിഞ്ഞവർഷം ജില്ലാ പഞ്ചായത്ത് പ്രളയകാലത്ത് ശുചീകരണം, മെഡിക്കൽ ക്യാമ്പ്, പ്രതിരോധമരുന്ന് വിതരണം, കൗൺസലിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ അവർ നിർവഹിച്ചു. ഇത്തവണ വയനാട്, നിലമ്പൂർ മേഖലകളിൽ സന്നദ്ധസേവനവും അനേകം ലോഡ് സഹായവസ്തുക്കളും എത്തിക്കാനായി.
തദ്ദേശസ്ഥാപനങ്ങൾക്ക് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കാനാകും. റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസറും തദ്ദേശസ്ഥാപന സെക്രട്ടറിയും കൂടിയാണ് ദുരിതബാധിതരെ കണ്ടെത്തി സഹായം ലഭ്യമാക്കാൻ ചുമതലയുള്ളവർ. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാകും. ഇത് അധികാര വികേന്ദ്രീകരണത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments