Latest NewsKeralaNews

ഓണാവധി; യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

കൊച്ചി: ഓണാവധി സമയത്ത് വീട് പൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്കിലൂടെയാണ് മുന്നറിയിപ്പ്. ഓണാവധിയോടനുബന്ധിച്ച്‌ വീട് അടച്ച്‌ പോകുന്നവര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക, ദൂരയാത്രയ്ക്ക് പോകുന്നവര്‍ സ്വര്‍ണം, പണം തുടങ്ങി വിലപിടിപ്പുളള വസ്തുക്കള്‍ വീടുകളില്‍ സൂക്ഷിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Read also: പള്ളിയില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഓണം പടിവാതിൽക്കൽ എത്തിനിൽക്കുകയാണല്ലോ. വെള്ളപ്പൊക്കം ഇത്തവണയും ആഘോഷത്തിന്റെ നിറം കെടുത്തുന്നെങ്കിലും ഓണം ആഘോഷിക്കാതെ മലയാളികൾക്ക് വിശ്രമമില്ല. ഈ ഓണക്കാലം സുന്ദരവും സുരക്ഷിതവുമാക്കാൻ നമുക്ക് ചില മുൻകരുതലുകൾ സ്വീകരിക്കാം.

⚠️ ഓണക്കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും മോഷണങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെക്കുറിച്ച്‌ അടുത്ത പോലീസ് സ്റ്റേഷനിലോ 112, 1090 എന്നീ നമ്പറുകളിലോ വിവരം അറിയിക്കാം. പൊലീസിന്റെ സഹായം തേടാം.

⚠️ ഓണ അവധിയോടനുബന്ധിച്ച്‌ വീട് അടച്ചിട്ട് പുറത്തു പോകുന്നവര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക, ദൂരയാത്രക്ക് പോകുന്നവര്‍ വീട്ടില്‍ സ്വര്‍ണം, പണം തുടങ്ങിയ വില പിടിപ്പുള്ള വസ്തുക്കള്‍ വീടുകളിൽ സൂക്ഷിക്കാതിരിക്കുക. വിശ്വസ്തരായ അയൽവാസികളെയോ ബന്ധുക്കളെയോ വിവരം അറിയിക്കുക. പാൽ, പത്രം വിതരണക്കാരോട് വിവരമറിയിച്ച് ഈ ദിവസങ്ങളിൽ അവ ഒഴിവാക്കുക. സി സി ടി വി ക്യാമറ ഘടിപ്പിച്ചിട്ടുള്ള വീടുകളിൽ ക്യാമറ ഓൺ ആണെന്ന് ഉറപ്പുവരുത്തുക.

⚠️ ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുന്ന വേളയിൽ തങ്ങളുടെ കൈവശമുള്ള വില പിടിപ്പുള്ള വസ്തുക്കളില്‍ ജാഗ്രത പുലര്‍ത്തുക. അപരിചിതർ സമ്മാനിക്കുന്ന ആഹാരപദാ‍ർഥങ്ങൾ ഭക്ഷിക്കരുത്. സംശയം തോന്നുന്ന പക്ഷം പോലീസ് സഹായത്തിന് 9846200100 എന്ന നമ്പറിൽ റയിൽവെ പോലീസിനെ ബന്ധപ്പെടാവുന്നതാണ്.

⚠️ വിനോദയാത്ര പോകുന്നവര്‍ പ്രത്യേകിച്ച്‌ കുട്ടികള്‍, പരിചയമില്ലാത്ത സ്ഥലങ്ങളില്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. കുട്ടികളെ പരിചയമില്ലാത്ത സ്ഥലങ്ങളിൽ ഒറ്റയ്ക്കു വിടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക.

⚠️ മദ്യപിച്ച് വണ്ടിയോടിക്കരുത്. അമിത വേഗത ഒഴിവാക്കുക. കഴിയുന്നതും അർധരാത്രിക്ക് ശേഷമുള്ള യാത്ര ഒഴിവാക്കുക.

⚠️ കുട്ടികൾ കൂട്ടുകാരുമൊത്തു യാത്രകൾക്കു പദ്ധതിയിടുന്നുണ്ടെങ്കിൽ കൂടെ പോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കണം. അവർ എത്തരക്കാരാണെന്നു മനസ്സിലാക്കണം. ഇവരുടെ യാത്രകളും പോകുന്ന സ്ഥലങ്ങളും നിരീക്ഷിക്കണം. അവരുടെ ലൊക്കേഷൻ മാതാപിതാക്കൾ കൃത്യമായും പിന്തുടരണം.

⚠️ ഓണക്കാലത്ത് നഗരങ്ങളിലേക്ക് ഷോപ്പിഗിനും മറ്റുമായി വരുന്നവര്‍ കഴിയുന്നതും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക. തിരക്കേറിയ സ്ഥലങ്ങളിൽ സ്വന്തം വാഹനവുമായി വരുന്നവര്‍ അനുവദിച്ചിട്ടുള്ള പാര്‍ക്കിഗ് സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യുക, അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച്‌ നീക്കം ചെയ്യേണ്ടി വന്നാൽ ആതിന്റെ ചെലവ് വാഹന ഉടമസ്ഥര്‍ വഹിക്കേണ്ടി വരും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോ പണവും വിലപിടിപ്പുള്ള വസതുക്കളും വാഹനത്തില്‍ സൂക്ഷിക്കാതിരിക്കുക.

⚠️ തിരക്കേറിയ സ്ഥലങ്ങളിൽ കൂടെയുള്ള കുട്ടികൾ, വൃദ്ധർ തുടങ്ങിയവർ കൂട്ടംതെറ്റിപ്പോകാതെ സൂക്ഷിക്കുക.

⚠️ പൊതുസ്ഥലങ്ങളിൽ മദ്യപാനം ഒഴിവാക്കുക. ഓണക്കാലത്ത് വ്യാജമദ്യ വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്‌സൈസിനെയോ അറിയിക്കുക.

⚠️ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രവേളകളില്‍ റോഡ് സുരക്ഷ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്നമായി പാലിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. ഇത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന കാര്യം ഓർമ്മയിരിക്കട്ടെ.

⚠️ എന്ത് സഹായത്തിനും പൊലീസ് നിങ്ങളോടൊപ്പമുണ്ട്. ഏത് അടിയന്തിര സാഹചര്യത്തിലും 112 എന്ന നമ്പറിൽ വിളിച്ച് സഹായം തേടാം. ഹൈവെയിൽ സഹായത്തിനായി 9846100100 എന്ന നമ്പറിൽ വിളിക്കാം.

എല്ലാപേർക്കും കേരളാ പൊലീസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button