ചണ്ഡീഗഡ്: വാല്‍മീകി മഹര്‍ഷിയെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് കളേസ് ടിവി സംപ്രേക്ഷണം ചെയ്യുന്ന രാമായണം സീരിയലിനെതിരേ വാല്‍മീകി സമുദായത്തിന്റെ പ്രക്ഷോഭം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാം സിയാ കെ ലവ് കുശ് എന്ന സീരിയല്‍ മുഖ്യമന്ത്രി അമരീന്തര്‍ സിങ് നിരോധിച്ചു. സീരിയലിനെതിരേ ശനിയാഴ്ച്ച പഞ്ചാബില്‍ 24 മണിക്കൂര്‍ ബന്ത് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയില്‍ അക്രമങ്ങളുണ്ടായി. ജലന്തറില്‍ ഒരാള്‍ക്ക് വെടിയേറ്റു. വാല്‍മീകി ആക്ഷന്‍ കമ്മിറ്റിയുടെ ബന്തില്‍ ജലന്തര്‍, അമൃത്സര്‍, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, ഫഗ്വാര, ഫിറോസ്പൂര്‍ എന്നിവിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ലുധിയാനയില്‍ ബന്ത് ഭാഗികമായിരുന്നു. പ്രതിഷേധക്കാര്‍ ജലന്തറിനും അമൃത്സറിനും ഇടയില്‍ ദേശീയ പാത-1 ഉപരോധിക്കുകയുണ്ടായി.
READ ALSO: സൗദിയില്‍ ഈ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം
വാല്‍മീകി സമുദായത്തെ അവഹേളിക്കുന്നതും ചരിത്രം വളച്ചൊടിക്കുന്നതുമായ നിരവധി പരാമര്‍ശങ്ങള്‍ സീരിയലില്‍ ഉണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. സീരിയല്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നും മതവികാരം വ്രണപ്പടുത്തിയ കുറ്റത്തിന് സംവിധായകനും നടീനടന്മാര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്നും വാല്‍മീകി ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സീരിയല്‍ ഉടന്‍ നിരോധിക്കണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ അതത് ജില്ലകളിലുള്ള കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Post Your Comments