തിരുവനന്തപുരം•തിരുവനന്തപുരം പോത്തന്‍കോട് കുന്നത്തുവീട്ടില്‍ സുരേഷ് കുമാറിന്(43) ഈ ഓണം ജീവിതത്തിലേക്കുള്ള തിരിച്ചു വരവാണ്. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടിയ സുരേഷ് കുമാറിന് വലിയ കൈത്താങ്ങുകയാണ് സാമൂഹ്യ സുരക്ഷാ മിഷന്റെ ‘വീ കെയര്‍’ പദ്ധതി. അമിത ശരീര വളര്‍ച്ചയ്ക്ക് കാരണമാകുന്ന അക്രോജൈജാന്റിസം എന്ന അപൂര്‍വരോഗം ബാധിച്ച സുരേഷ് കുമാറിന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രത്യേക ഓട്ടോറിക്ഷ കൈമാറി. 2,82,465 രൂപ ചെലവഴിച്ച് പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനം വി കെയര്‍ പദ്ധതിയിലൂടെയാണ് നല്‍കിയത്. സുരേഷിനെ പോലെ ശാരീരിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന സുരേഷിന് അക്രോജൈജാന്റിസം എന്ന അപൂര്‍വ രോഗത്തിനൊപ്പം നട്ടെല്ലിനും ഗുരുതരരോഗം ബാധിച്ച് ജോലി ചെയ്യാനോ മറ്റ് പ്രാഥമികാവശ്യങ്ങള്‍ ചെയ്യാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. 13-ാം വയസിലാണ് രോഗ ലക്ഷണം കണ്ടുതുടങ്ങിയത്. പിന്നീട് അപൂര്‍വ ശരീര വളര്‍ച്ചയുണ്ടായിക്കൊണ്ടിരുന്നു. സുരേഷ് കുമാറിനൊപ്പം 94 വയസുള്ള പിതാവ് മാത്രമാണുള്ളത്. ഏഴ് അടി ഉയരവും 152 കിലോ ഭാരവുമുള്ള സുരേഷ് കുമാറിന് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യാനും കഴിയില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എന്‍ഡോക്രൈനോളജി, നെഫ്രോളജി, ന്യൂറോ, ഓര്‍ത്തോ, ഹീമറ്റോളി വിഭാഗങ്ങളില്‍ ചികിത്സയിലാണ്. അതിനാല്‍ തന്നെ പ്രത്യേക രൂപകല്‍പന ചെയ്ത വാഹനം ഏറെ അനുഗ്രഹമാണ്. ഈ വാഹനം സുരേഷ് കുമാറിന് ശരിക്കും ഒരു ഓണ സമ്മാനമാണ്. മുന്നോട്ടുള്ള ജീവിതത്തിന് പ്രതീക്ഷ നല്‍കുന്ന കൈത്താങ്ങ്.
സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments