അഞ്ജു പാര്‍വതി പ്രഭീഷ്
അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമി ! ഈ സൗദി അറേബ്യക്കാരന്‍ ജിതേഷ് എന്ന മലയാളി യുവാവിനു ഭൂമിയിലവതരിച്ച ദൈവത്തിന്റെ പ്രതിപുരുഷനാണ്. മനുഷ്യത്വത്തിനും സഹജീവിസ്‌നേഹത്തിനും മതമോ രാഷ്ട്രത്തിന്റെ അതിരുകളോ തടസ്സമല്ലെന്നു സ്വന്തം കര്‍മ്മത്തിലൂടെ കാണിച്ച ഉസൈമിയും അദ്ദേഹത്തിന്റെ മരണവിവരമറിഞ്ഞ് നെഞ്ചുപൊട്ടിക്കരയുന്ന മലയാളിയായ ജിതേഷും ലോകത്തിനു മുന്നില്‍ കാണിക്കുന്നത് മാനവികതയുടെ ഉദാത്തമായ മാതൃകയാണ്.
ജിതേഷ് ‘വാപ്പ’എന്നായിരുന്നു സ്പോണ്‍സര്‍ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമിയെ വിളിച്ചിരുന്നത്. അത്രയ്ക്കും ആത്മബന്ധമായിരുന്നു കായംകുളം പുള്ളിക്കണക്ക് സ്വദേശി ജിതേഷിന് തന്റെ സ്പോണ്‍സറുമായി.കഴിഞ്ഞ ദിവസം ജിതേഷിന് സന്തോഷത്തിന്റേതായിരുന്നെങ്കിലും അത് അധികം നീണ്ടില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ അത് സങ്കടത്തിന് വഴിമാറി. ആറുവര്‍ഷമായി നാട്ടില്‍ പോകാനാവാതെ കേസും കോടതിയുമായി കഴിയുകയായിരുന്ന ജിതേഷ്, ജയില്‍ മോചിതനായി സന്തോഷവാനായിരിക്കെയാണ് തന്റെ ജയില്‍ മോചനത്തിന് സഹായിച്ച വയോധികനായ തൊഴിലുടമ അപ്രതീക്ഷിതമായി മരിക്കുന്നത്. അതോടെ ജിതേഷ് ആകെ തകര്‍ന്നു. തൊഴിലുടമയുടെ നല്ല മനസ്സിന് കണ്ണീരോടെ നന്ദി പറയുകയാണ് ജിതേഷ്. മക്ക പ്രവിശ്യയുടെ ഭാഗമായ തായിഫില്‍ ഒരു സ്വദേശിയുടെ വീട്ടുജോലിക്കാരനായായിരുന്നു ജിതേഷ്. എങ്കിലും തൊഴിലുടമ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമിയുമായി നല്ല ആത്മ ബന്ധമായിരുന്നു. സ്വന്തം മകനെ പോലെയായിരുന്നു തൊഴിലുടമ ജിതേഷിനെ സ്നേഹിച്ചിരുന്നത്. ജിതേഷും തൊഴിലുടമ എന്നതിലുപരി പിതാവിനെ പോലെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നത്. പ്രാര്‍ത്ഥനയ്ക്ക് അംഗശുദ്ധി വരുത്തുന്നതിനുപോലും ജിതേഷാണ് അദ്ദേഹത്തെ സഹായിച്ചിരുന്നത്.
READ ALSO: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ മുന്നേറ്റം
ഇതിനിടെയാണ് ജിതേഷ് ഓടിച്ച വാഹനം അപകടത്തില്‍പെട്ട് മറ്റൊരു സ്വദേശി പൗരന്‍ മരിക്കുന്നത്. അപകടത്തില്‍ മറിച്ച വ്യക്തിയുടെ കുടുംബത്തിന് 3,17,000 റിയാല്‍ ബ്ലഡ്മണി ആയി നല്‍കണമെന്നാണ് കോടതി വിധിച്ചത്. സ്പോണ്‍സറായ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമിയുടെ ജാമ്യത്തിലായിരുന്നു ജിതേഷ് ഏറെ നാള്‍. രണ്ടുമാസം മുന്‍പ് അദ്ദേഹം അസുഖം ബാധിച്ചുകിടപ്പായതിനാല്‍ ജാമ്യം റദ്ദായി വീണ്ടും ജയിലില്‍ പോകേണ്ടിവന്നു. ജയിലിലായ സമയത്ത് മോചനത്തിനായി പണം കൊടുത്തുവിടാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ ഈ വിവരമറിഞ്ഞ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമി തുക താന്‍ ഒറ്റക്ക് കൊടുത്തുവീട്ടാമെന്ന് ഏല്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ അദ്ദേഹം ഒപ്പുവെക്കുകയും ജിതേഷ് ജയില്‍ മോചിതനാവുകയും ചെയ്തു. എന്നാല്‍ വൈകുന്നേരത്തോടെ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമി മരിച്ചു.
READ ALSO: ശ്രീജീവിന്റെ മരണം : സിബിഐ റിപ്പോര്‍ട്ടില്‍ സിജെഎം കോടതിയുടെ നിലപാട് കുടുംബത്തിന് അനുകൂലം
സമൂഹത്തില്‍ ഉന്നതസ്ഥാനമലങ്കരിക്കുന്നവര്‍ പോലും മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും വെറുപ്പിന്റെ രാഷ്ട്രീയം വമിപ്പിക്കുന്ന ഇന്നിന്റെ കാലഘട്ടത്തില്‍ ഉസൈമിയും ജിതേഷും അവരുടെ ആത്മബന്ധവും നല്യുന്നത് വലിയൊരു സന്ദേശമാണ്. അതിര്‍ത്തിക്കും ഭാഷയ്ക്കും മതത്തിനും വിശ്വാസത്തിനും സംസ്‌കൃതിക്കും അപ്പുറമാണ് മാനവസ്‌നേഹമെന്നത്.സ്‌നേഹത്തിനും സഹാനുഭൂതിക്കും മുന്നില്‍ യാതൊന്നിന്റെയും ചങ്ങലക്കെട്ടുകള്‍ തടസ്സമാവില്ലെന്ന് ഉസൈമിയെന്ന സൗദിക്കാരന്‍ നമ്മെ പഠിപ്പിക്കുന്നു .വര്‍ണ്ണവംശമതഭേദങ്ങളൊഴിവാക്കിയാല്‍ സ്‌നേഹമെന്ന പാലാഴി ഒഴുകുന്ന സ്വര്‍ഗ്ഗമാണ് ഈ ഭൂമിയെന്ന് ഇവരില്‍ ചിലര്‍ നമ്മെ ഇടയ്‌ക്കെങ്കിലും ഓര്‍മ്മിപ്പിക്കുന്നു.
READ ALSO: സംസ്ഥാനത്ത് ഇന്ന് തുറക്കുന്നത് മൂന്ന് ഡാമുകളുടെ ഷട്ടറുകള്‍; ജാഗ്രതാ നിർദേശം
Post Your Comments