കല്‍പ്പറ്റ: വൈദ്യുത ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് നാട്ടുകാര്‍ക്കും അധികൃതര്‍ക്കും തലവേദനയായി. വയനാട് തിരുനെല്ലി പനവല്ലിയിലാണ് സംഭവം. 400 കിലോവാട്ട് വൈദ്യുതി പ്രവഹിക്കുന്ന ലൈനുകള്‍ കൊണ്ടു പോകുന്നതിനായി സ്ഥാപിച്ച ടവറില്‍ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലായി.
പനവല്ലിയിലെ പാണ്ടുരംഗ പവര്‍ഗ്രിഡ് ടവറിന് മുകളിലാണ് കാട്ടിക്കുളം എടയൂര്‍ക്കുന്ന് സ്വദേശി രാജു (30) കയറിക്കൂടിയത്. വൈകുന്നേരം മൂന്നരയോടെ ടവറിന്റെ 70 മീറ്ററോളം ഉയരത്തില്‍ കയറി ഇരിപ്പുറപ്പിച്ച യുവാവിനെ ആദ്യം നാട്ടുകാര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി ഫയര്‍ഫോഴ്സില്‍ നിന്ന് ലീഡിങ് ഫയര്‍മാന്‍ സെബാസ്റ്റ്യന്‍ ജോസഫും സംഘവും സ്ഥലത്തെത്തി. അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ ടവറിന് മുകളില്‍ കയറി യുവാവുമായി സംസാരിക്കുകയായിരുന്നു. അപകടം മുന്നില്‍ക്കണ്ട് വൈദ്യുതി വിച്ഛേദിച്ചായിരുന്നു രക്ഷാദൗത്യം.
ALSO READ: വിവിധ തസ്തികകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരാർ നിയമനം
യുവാവിനോട് സംസാരിച്ചതോടെ ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കി. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. നല്ല ഉയരത്തിലായതിനാല്‍ യുവാവുമായി താഴെ നിന്ന് സംസാരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായിരുന്നില്ല. തുടര്‍ന്നാണ് മുകളില്‍ കയറാന്‍ തീരുമാനിച്ചത്.
Post Your Comments