സോഷ്യൽ മീഡിയയിലൂടെയുള്ള പ്രണയവും ഒളിച്ചോട്ടവും തട്ടിപ്പും തുടർക്കഥയാകുന്നതായി റിപ്പോർട്ട്. അമ്പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്ത യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തനിക്ക് ഇഷ്ടം തോന്നുന്ന സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് അവരുടെ ഫോൺ നമ്പർ കൈക്കലാക്കി ബന്ധം സ്ഥാപിക്കുകയും ഭർത്താക്കന്മാർക്ക് അവിഹിത ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിക്കുകയും ചെയ്തു. തുടർന്ന് ഭർത്താക്കന്മാരുമായി ചാറ്റ് ചെയ്ത് ഇതിന്റെ സ്ക്രീൻ ഷോർട്ട് സ്ത്രീകൾക്ക് അയച്ച് കൊടുത്ത് ഭാര്യാ-ഭർതൃ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കും. ഇത് മുതലെടുത്ത് സ്ത്രീകളുമായി വീഡിയോ ചാറ്റിംഗ് നടത്തി ഫോട്ടോ കൈക്കലാക്കുകയും ഇത് നഗ്ന ചിത്രങ്ങളാക്കി മാറ്റി സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്യും.
മകളെ/ മരുമകളെ/ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പരാതിയുമായി നിരവധി പേർ എത്താറുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വീടുവിട്ടിറങ്ങിയ പലരേയും കണ്ടെത്തിയിട്ടുണ്ട്. അവരെ തിരികെ വീട്ടിലെത്തിച്ചിട്ടുമുണ്ട്. എന്നാൽ ഒരു വിവരവും ലഭിക്കാതെ തേഞ്ഞുമാഞ്ഞ് പോയ കേസുകളും ഉണ്ട്. ചിലരാകട്ടെ മാനഹാനി ഓർത്ത് പൊലീസിൽ പരാതിപ്പെടാറില്ല. തിരികെ വന്നവരെ ഭർത്താക്കന്മാർ സ്വീകരിക്കാത്തതിനാൽ ചിലർ ആത്മഹത്യ ചെയ്തു. ഒളിച്ചോടിയത് മണ്ടത്തരമായി എന്ന് കരുതുന്നവരും കുറവല്ല. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലൂടെയുള്ള സൗഹൃദങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments