ഒരു ചെറിയ പനിയോ ജലദോഷമോ വന്നാല്‍ ഉടന്‍തന്നെ പാരസെറ്റാമോള്‍ കഴിക്കുന്നവരാണ് മിക്കവരും. എന്നാല്‍ അടുത്തിടെ പാരസെറ്റാമോളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. . അത്തരത്തില്‍ പാരസെറ്റമോളിനെതിരെ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ ചൂണ്ടികാട്ടി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷിംന അസീസ് എന്ന ഡോക്ടര്‍.
പാരസെറ്റാമോളില്‍ മാരകമായ വൈറസ് അടങ്ങിയിരിക്കുന്നു എന്നതായിരുന്നു ഏറ്റവും അധികം പ്രചരിച്ച വാര്‍ത്ത. എന്നാല്‍ പാരസെറ്റമോള്‍/അസെറ്റമിനോഫെന്‍ അല്ലെങ്കില്‍ C8H9NO2 എന്ന രാസവസ്തുവിന് വൈറസിനെ കൊണ്ടു നടക്കല്‍ അല്ല ജോലിയെന്നും അത് മാരകരോഗമോ കൊടൂര സൈഡ് ഇഫക്ടുകളോ ഉണ്ടാക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. പാരസെറ്റമോള്‍ പ്രശ്നമാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടത് പോലെയുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്ന് ചൂണ്ടികാട്ടിയ ഷംന, വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവര്‍ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടക്കരുതെന്നും പറയുന്നു.
ഡോ. ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം
പാരസെറ്റമോള്‍/അസെറ്റമിനോഫെന്‍ അല്ലെങ്കില്‍ C8H9NO2 എന്ന രാസവസ്തുവിന് വൈറസിനെ കൊണ്ടു നടക്കല്‍ അല്ല ജോലി…അത് മാരകരോഗമോ കൊടൂര സൈഡ് ഇഫക്ടുകളോ ഉണ്ടാക്കില്ല. ടാബ്ലെറ്റ് പോലൊരു വരണ്ടുണങ്ങിയ വസ്തുവില്‍ വൈറസിന് ജീവിക്കാന്‍ കഴിയില്ല. Antipyretic (പനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്) and Analgesic (വേദനക്കെതിരെ പ്രവര്‍ത്തിക്കുന്നത്) ആണ് പാരസെറ്റമോള്‍…
സാരമായ പാര്‍ശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളിക. തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന ഈ മുറിയന്‍ മെസേജുകള്‍ ഇല്ലാതാക്കുന്നത് വൈറല്‍ പനി മുതല്‍ കാന്‍സര്‍ രോഗിക്ക് പനിക്കുമ്പോള്‍ വരെ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്…
ഈ മെസേജിന്റെ മലയാളം വേര്‍ഷനിലെ ‘അപകടമായീടും’ വൈറസിന് പേരുമില്ല, അഡ്രസ്സുമില്ല…എന്തിന് പറയുന്നു..എഴുതിയുണ്ടാക്കിയ വിദഗ്ധന്‍ മര്യാദക്ക് ഒരു മെസേജ് അക്ഷരതെറ്റില്ലാതെ എഴുതാന്‍ പോലുമറിയില്ല…
എന്നിട്ടും ‘Dolo കുഴപ്പമുണ്ടോ…Panadol കുഴപ്പമുണ്ടോ…Calpol കുഴപ്പമുണ്ടോ’ എന്നൊക്കെ മെസേജുകള്‍ വന്നു കൊണ്ടേ ഇരിക്കുന്നു…
അതായത്, ഈ ബ്രാന്‍ഡ് പ്രശ്നമാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടത് പോലെയുള്ള പ്രതികരണങ്ങള്‍…
അക്ഷരങ്ങളോ സാരാംശമോ പ്രശ്നമല്ല…പാരസെറ്റമോള്‍ എന്ന് മുതലാണ് ജീവന് ഹാനിയായിത്തുടങ്ങിയതെന്ന് തിരിച്ച് ചിന്തിക്കാന്‍ ഒരാളുമില്ല….ചുരുങ്ങിയത് മെസേജിന്റെ നിലവാരമെങ്കിലും വരികള്‍ക്കിടയിലൂടെ വായിക്കപ്പെടണം…വിശകലനം ചെയ്യണം..സംശയം ചോദിക്കണം…
ഡോക്ടര്‍മാര്‍ പഠിച്ചെഴുതി പല കുറി വെട്ടിത്തിരുത്തി കുറ്റമറ്റതാക്കി ഒടുക്കം പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇത്ര വായിക്കപ്പെടുന്നില്ല…ഇത്തരം കുറിപ്പുകള്‍ തൊണ്ട തൊടാതെ വിഴുങ്ങപ്പെടുന്നു…
ഈ ഒരു സാധനം കൊണ്ട് വാട്ട്സ്സപ്പും മെസഞ്ചറും നിറഞ്ഞിരിക്കുന്നു… ചോദ്യത്തോട് ചോദ്യം.
വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവര്‍ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടച്ച് ഒരു ക്ലിക്കില്‍ ഒന്നിലേറെ പേര്‍ക്ക് ഫോര്‍വാര്‍ഡ് ചെയ്യുമ്പോള്‍, വിശേഷബുദ്ധി എന്നൊന്ന് നമ്മള് പണയം വെക്കുകയാണോ? പ്രബുദ്ധമലയാളി സമൂഹം ഇതെങ്ങോട്ടാണ് ?
Post Your Comments