KeralaLatest NewsUAEIndia

പ്രമുഖ വ്യവസായി എം എ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പദപ്രയോഗം നടത്തിയ പലരും പുലിവാല് പിടിച്ചു, ചിലർ മാപ്പ് പറഞ്ഞു തടിയൂരി

അല്‍ ഖോബാറില്‍ താമസിക്കുന്ന മലയാളി യുവാവാണ് യൂസഫലിയെ കുറിച്ച്‌ മോശം ഭാഷയില്‍ സമൂഹമാധ്യമത്തില്‍ പ്രതികരണം നടത്തിയത്.

അബുദാബി: വിദേശരാജ്യങ്ങളില്‍ ഇരുന്നു സോഷ്യല്‍ മീഡിയയില്‍ മോശമായ വിധത്തില്‍ പോസ്റ്റിട്ടാല്‍ കേരളത്തിലെ പോലെ രക്ഷപെടാൻ സാധിക്കില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലിക്കെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ അധിക്ഷേപകരമായ പദപ്രയോഗങ്ങളും അതിനു ലഭിച്ച ശിക്ഷയും. പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പദപ്രയോഗം നടത്തിയതിന്റെ പേരില്‍ പ്രവാസി മലയാളി അഴിക്കുള്ളിലാകേണ്ട അവസ്ഥ ഇതിനുദാഹരണമാണ്.

അല്‍ ഖോബാറില്‍ താമസിക്കുന്ന മലയാളി യുവാവാണ് യൂസഫലിയെ കുറിച്ച്‌ മോശം ഭാഷയില്‍ സമൂഹമാധ്യമത്തില്‍ പ്രതികരണം നടത്തിയത്. തുടര്‍ന്ന് ലുലു ഗ്രൂപ്പിന്റെ ലീഗല്‍ ടീം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി ആരംഭിച്ചത്. പിന്നീട് ഇയാള്‍ സമൂഹമാധ്യമത്തില്‍ ക്ഷമാപണവുമായി എത്തി.വ്യക്തിഹത്യ നടത്തിയാല്‍ വന്‍ തുക പിഴയും നാടുകടത്തലുമാണ് സൗദി സൈബര്‍ നിയമപ്രകാരമുള്ള ശിക്ഷ. ഒടുവില്‍ ഈ വ്യക്തിയെ രക്ഷപെടുത്താന്‍ യൂസഫലി തന്നെ രംഗത്തിറങ്ങേണ്ടി വന്നു. ലുലു ഗ്രൂപ്പിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പൊലീസ് കേസ് പിന്‍വലിച്ചത്.

തുഷാര്‍ വെള്ളാപ്പള്ളിയെ സഹായിച്ചെന്ന് ആരോപിച്ച്‌ യൂസഫലിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇതോടെ പോസ്റ്റിട്ടവര്‍ക്കെതിരെ ലുലുഗ്രൂപ്പ് കേസുമായി മുന്നോട്ടു പോയി. പ്രമുഖ വ്യവസായി നല്‍കിയ കേസെന്ന നിലയില്‍ പൊലീസ് നടപടികള്‍ തുടങ്ങിയതോടെ സൗദിയിലും യുഎഇയിലുമെല്ലാം പോസ്റ്റിട്ടവര്‍ ശരിക്കും വെട്ടിലാകുന്ന അവസ്ഥ വന്നു. ഇതോടെ പലരും പോസ്റ്റു പിന്‍വലിച്ചു. ചിലര്‍ യൂസഫലിയോട് ക്ഷമാപണം നടത്തി. ഇത്തരക്കാര്‍ക്ക് കേസില്‍ നിന്നും രക്ഷപെടാനും സാധിച്ചു.ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കുടുങ്ങിയ ചെക്ക് കേസില്‍ സഹായിച്ചുവെന്നാരോപിച്ചാണ് യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും സഭ്യമല്ലാത്തതുമായ വാക്കുകളില്‍ ചിലര്‍ പ്രതികരണം നടത്തിയത്.

തുടര്‍ന്ന് ലുലു ഗ്രൂപ്പ് നിയമനടപടി ശക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സൗദിയില്‍ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട്, അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പൊലീസ് ഇയാളെ മോചിപ്പിക്കുകയായിരുന്നുവെന്ന് ലുലു അധികൃതര്‍ പറഞ്ഞു.അതേസമയം ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ താന്‍ മനസ്സാക്ഷിക്ക് നിരക്കാത്തതായ ഒന്നും ചെയ്തിട്ടില്ലെന്ന് എം എ യൂസഫലി പറഞ്ഞു. താന്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി വ്യക്തമായ ബോധമുണ്ട്. അത് ഭാവിയിലും തുടരും.

കുടുംബസുഹൃത്തിന്റെ മകന് ഒരു പ്രശ്‌നം വന്നപ്പോള്‍ ആ പിതാവിന്റെ അപേക്ഷയനുസരിച്ച്‌ കോടതിയില്‍ കെട്ടിവെക്കാന്‍ പണം നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തത്. കാരുണ്യ പ്രവര്‍ത്തനം നടത്തുമ്പോള്‍ അവരുടെ പ്രശ്നം മാത്രമേ നോക്കാറുള്ളു. അവിടെ ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിഷയമാകാറില്ല. യു.എ.ഇ.യില്‍ ശക്തമായ നിയമമുണ്ട്. അതില്‍ ഇടപെടാനൊന്നും ആര്‍ക്കും കഴിയില്ല. ഞാനും അത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. കേസ് കോടതിയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വിഷയത്തില്‍ നടത്തുന്നില്ലെന്നും യൂസഫലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button