
ബെംഗളുരു: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതോടെ ബംഗളൂരുവില്‍ വ്യാപക പ്രതിഷേധം. സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ബെംഗളുരു- മൈസൂരു പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ശിവകുമാറിന്റെ ശക്തികേന്ദ്രമായ രാമനഗര ജില്ലയില്‍ ഹര്‍ത്താലാണ്. കനകപുര, ചെന്നപട്ടണ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ടയറുകളും മറ്റും കത്തിച്ച് പ്രതിഷേധിച്ചു. പത്തിലേറെ ബസുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞു തകര്‍ത്തു. ഡി.കെ.ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വ്യാപക അക്രമം അരങ്ങേറിയത്.
ബെംഗളുരുവില്‍ നിന്നും മൈസൂരു വഴി കേരളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ വഴിയിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിരിക്കുകയാണ്.
ബെംഗളുരുവിലെ ബി.ജെ.പി ആസ്ഥാനത്തും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വസതിക്ക് സമീപവും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
Post Your Comments