ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ ബെംഗളുരുവില്‍ കോൺഗ്രസ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധം. പ്രധാന സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ചൊവ്വാഴ്ച രാത്രിയില്‍ ബംഗളൂരു-മൈസൂരു പാത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തു. കനകപുരയില്‍ സര്‍ക്കാര്‍ ബസുകള്‍ക്കു നേരെ കല്ലേറുണ്ടായതായും ഒരു ബസ് അടിച്ചുതകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവങ്ങളെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കി.
ബുധനാഴ്ച കര്‍ണാടകത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.ശിവകുമാർ അന്വേഷണവുമായി സഹകരിക്കില്ലെന്ന് ഇഡി പറയുന്നു. കഴിഞ്ഞ നാല് ദിവസമായി ഇഡി ശിവകുമാറിനെ ചോദ്യം ചെയ്തുവരികയായിരുന്നു.
അറസ്റ്റിൽനിന്നും പരിരക്ഷ നൽകണമെന്ന ശിവകുമാറിന്റെ ആവശ്യം കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇഡി ശിവകുമാറിനെ ചോദ്യം ചെയ്യലിനു ഡൽഹിയിലേക്ക് വിളിപ്പിച്ചത്. ശിവകുമാറിനെ വെള്ളിയാഴ്ച നാലും ശനിയാഴ്ച എട്ടു മണിക്കൂറും ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
Post Your Comments