Latest NewsKeralaNews

കോഴിക്കോട് കോര്‍പ്പറേഷനില്‍ വാക്കേറ്റവും കയ്യാങ്കളിയും; കൗണ്‍സിലര്‍ക്ക് പരിക്ക്

 

കോഴിക്കോട്: അമൃത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അജണ്ട അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷനില്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഇരുവിഭാഗവും തമ്മിലടിച്ചതോടെ കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ കൗണ്‍സിലറായ സി.അബ്ദുറഹ്മാനാണ് പരിക്കേറ്റത്. മുസ്ലീം ലീഗിന്റെ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കൂടിയാണ് സി.അബ്ദുറഹ്മാന്‍. ഇടത് കണ്ണിന് പരിക്കേറ്റ അബ്ദുറഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരംഭിച്ച കൗണ്‍സില്‍ യോഗത്തിലാണ് ഭരണ പ്രതിപക്ഷ നേതാക്കള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കിയത്. ഇതോടെ കൗണ്‍സില്‍ യോഗം മണിക്കൂറുകളോളം തടസപ്പെട്ടു.

ALSO READ: ടിക് ടോക്കിൽ ഒളിഞ്ഞിരുന്ന ചതി, മകൾ അമ്മയുടെ സമ്പാദ്യം നശിപ്പിച്ചു

പദ്ധതിയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മേയര്‍ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ ഹാളിന്റെ നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളിയായി. ചോദ്യങ്ങള്‍ക്ക് ഉപചോദ്യം പാടില്ലെന്ന മേയറുടെ മറുപടിയാണ്് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പ്രതിപക്ഷാംഗങ്ങളില്‍ ചിലര്‍ മേയറുടെ ചേംബറില്‍ കയറി അജണ്ട പിടിച്ചുവലിച്ചതായും ആരോപണമുണ്ട്. പ്രതിപക്ഷത്തെ ചില വനിതാ അംഗങ്ങള്‍ക്ക് നേരെ കയ്യേറ്റം നടന്നതായും റിപ്പോര്‍ട്ടുണ്ട്. ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം നിര്‍ത്തിവെച്ചു. കോഴിക്കോട് അടക്കം സംസ്ഥാനതലത്തില്‍ അമൃത് പദ്ധതിക്കുള്ള കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നെന്നാണ് ആരോപണം.

ALSO READ: തായ്‌ലന്‍ഡ് സ്വദേശിയായ യുവതിയടക്കം 10 പേരെ സെക്‌സ് റാക്കറ്റില്‍ നിന്നും രക്ഷിച്ചു

കയ്യാങ്കളിക്കിടെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ചേംബറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഒടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാരെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാ ബാലകൃഷ്ണനാണ് അജണ്ട അവതരിപ്പിച്ചത്. സീവേജ്-സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും സ്വീവറേജ് നെറ്റ് വര്‍ക്കും സ്ഥാപിക്കുവാന്‍ ആവശ്യമായ ഡിപിആര്‍ തയാറാക്കുവാന്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച റാം ബയോജിക്കല്‍ തയാറാക്കിയ ഡിപിആര്‍ ഉപയോഗിച്ച് പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടോയെന്നും പദ്ധതിയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണത്തിനായി കോതി, ആവിക്കല്‍തോട് എന്നീ പ്രദേശങ്ങള്‍ തെരഞ്ഞെടുത്തതില്‍ കൗണ്‍സില്‍ തീരുമാനമുണ്ടോയെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. ഇതിന് മറുപടി നല്‍കിയെങ്കിലും ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്തുത മേഖലയില്‍ പൊതുജനാഭിപ്രായം ശേഖരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന് മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം എഴുന്നേറ്റ് നിന്നെങ്കിലും ഭരണപക്ഷം എതിര്‍ത്തു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ഭരണകക്ഷിയിലുള്ളവരും ഇവരെ തടയാനെത്തി. ഇതോടെയാണ് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. അതേസമയം ബിജെപി കൗണ്‍സിലര്‍മാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ എത്തിയാണ് ഇരുവിഭാഗത്തേയും ശാന്തമാക്കിയത്

ALSO READ:ഇന്ത്യന്‍ വ്യോമസേനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം : വ്യോമസേനയിലേയ്ക്ക് അത്യാധുനിക ആയുധങ്ങളും പോര്‍ വിമാനങ്ങളും

പ്രധാന നഗരങ്ങളുടെ ആധുനിക വല്‍ക്കരണം ലക്ഷ്യമിട്ടാണ് അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്ന അമൃത് പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. ജലവിതരണ പദ്ധതികള്‍ നടപ്പാക്കല്‍, ഗതാഗത പരിഷ്‌ക്കരണം, ഓടകളുടേയും പൂന്തോട്ടങ്ങളുടേയും നിര്‍മാണം, മലിന ജല സംസ്‌ക്കരണം എന്നിവയാണ് ഇതിലെ പ്രധാന പദ്ധതികള്‍. ചെലവിന്റെ പകുതി കേന്ദ്രസര്‍ക്കാരാണ് വഹിക്കുക. സംസ്ഥാന സര്‍ക്കാര്‍ മുപ്പത് ശതമാനവും തദ്ദേശ സ്ഥാപനങ്ങള്‍ 20 ശതമാനവും ചെലവ് വഹിക്കണം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലും പാലക്കാട്, ഗുരുവായൂര്‍, ആലപ്പുഴ നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button