കൊൽക്കത്ത: ആറാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസിൽ ചിരിച്ചെന്നാരോപിച്ച് അധ്യാപകന്റെ ക്രൂര മർദ്ദനം. കൊൽക്കത്തയിലെ സർക്കാർ എയ്ഡഡ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വ്യാഴാഴ്ച അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് പെൺകുട്ടിയുടെ വലതു ചെവിയിൽ നിന്ന് രക്തസ്രാവം ആരംഭിക്കുകയും പെൺകുട്ടി വേദന സഹിക്കാനാവാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ക്ലാസ്സിൽ ചിരിച്ചതിന് അവളെ ആക്രമിച്ചതായി മറ്റുകുട്ടികളും പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ബാഗുയാട്ടി പോലീസ് സ്റ്റേഷനിൽ 12 കാരിയുടെ മാതാപിതാക്കൾ സ്വപൻ എൻ കുമാർ ഗരാമിക്കെതിരെ (48) പരാതി നൽകി. ഐപിസിയുടെ സെക്ഷൻ 325 (മനഃപൂർവം വേദനിപ്പിച്ചെന്ന) പ്രകാരം പോലീസുകാർ കേസ് ബുക്ക് ചെയ്യുകയും സ്കൂളിൽ എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്, എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ടീച്ചർ വെള്ളിയാഴ്ച സ്‌കൂളിൽ നിന്ന് മുങ്ങുകയും ചെയ്തു. പെൺകുട്ടിയുടെ പിതാവ് ദിവസക്കൂലിയിൽ ജോലി ചെയ്യുന്ന സാധാരണക്കാരനാണ്.
പെൺകുട്ടിയെ ഇവർ ആർജി ഖർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാരുടെ പരിശോധനയിൽ ശക്തമായ അടിയിൽ പെൺകുട്ടിയുടെ കർണ്ണപുടം തകർന്നതായി സ്ഥിരീകരിച്ചു. സംഭവത്തിൽ സ്‌കൂൾ ഹെഡ് മാസ്റ്റർ ഖേദം പ്രകടിപ്പിക്കുകയും അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
Post Your Comments