Latest NewsIndia

അനധികൃത സ്വത്ത് സമ്പാദനം, ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തേക്കും

വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതല്‍ രാത്രി 11.30 വരെ നാലര മണിക്കൂറോളം ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു.

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തുടര്‍ച്ചയായി രണ്ടാംദിവസവും ചോദ്യം ചെയ്തു. 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് വിവരം.വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതല്‍ രാത്രി 11.30 വരെ നാലര മണിക്കൂറോളം ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു.

വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ശിവകുമാര്‍ ഖാന്‍ മാര്‍ക്കറ്റിലുള്ള ഇ.ഡി. ആസ്ഥാനത്തെത്തി. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തേക്കുമെന്നാണു സൂചന. നിലവില്‍ ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് വകുപ്പുകളിലായാണ് ഇ.ഡി.യുടെ കേസ്. ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയരംഗത്തെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ഇതോടൊപ്പം സമ്ബത്തും വര്‍ധിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുതല്‍ ഗ്രാനൈറ്റ് ക്വാറികള്‍ വരെ സ്വന്തമായി.

സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച ശിവകുമാര്‍ ചുരുങ്ങിയകാലം കൊണ്ടാണ് കോണ്‍ഗ്രസില്‍ ശക്തനായ നേതാവായത്. പാര്‍ട്ടിയില്‍ പദവികള്‍ ഒന്നൊന്നായി വന്നുചേര്‍ന്നപ്പോള്‍ ഒപ്പം ആസ്തിയും കൂടി. 2008-ല്‍ വെളിപ്പെടുത്തിയ ആസ്തി 176 കോടി രൂപയായിരുന്നു. 2013 ഇത് 215 കോടി രൂപയും 2016 ല്‍ 496 കോടി രൂപയുമായി വര്‍ധിച്ചു.2018 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ ആസ്തി 618 കോടി രൂപയാണ്. 2017 ജൂലായില്‍ ശിവകുമാറും മകളും പണംനിക്ഷേപവുമായി ബന്ധപ്പെട്ട് സിങ്കപ്പൂരിലേക്കു പോയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന് 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്ന് വകുപ്പ് കണ്ടെത്തിയത്. 2017 ഓഗസ്റ്റ് രണ്ടിന് അന്ന് കര്‍ണാടകത്തില്‍ മന്ത്രിയായിരുന്ന ശിവകുമാറുമായി ബന്ധമുള്ള ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും 60 കേന്ദ്രങ്ങളില്‍ റെയ്ഡും നടത്തി. 8.59 കോടി രൂപ പിടിച്ചെടുത്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കേസെങ്കിലും അതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇഡി. അധികൃതര്‍ പറയുന്നത്. എന്നാൽ ഇപ്പോള്‍ നടക്കുന്നതെല്ലാം ഗൂഢാലോചന ആണെന്നും താന്‍ കൊലപാതകമോ അഴിമതിയോ പോലുള്ള തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button