മോദി സ്തുതിയുടെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അതിനിശിതമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന എംപി ശശി തരൂര്‍ ഒരുവിധം അതില്‍ നിന്ന് തലയൂരി വന്നതേയുള്ളു. അതിനിടെ ഡെമോക്ലാസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുന്ന സുനന്ദ കേസ് തരൂരിന് വീണ്ടും തിരിച്ചടിയാകുന്നു. കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ക്ക് അത്ര പെട്ടെന്ന് ആക്രമിച്ച് കീഴടക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല ശശി തരൂരിന്റേത്. വ്യക്തിപ്രഭാവം കൊണ്ടും നിലപാടുകള്‍ കൊണ്ടും ജ്ഞാനം കൊണ്ടും മറ്റ് നേതാക്കളില്‍ നിന്ന് മാറി നില്‍ക്കുന്ന തരൂര്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവുമധികം ഭൂരിപക്ഷം സമ്മാനിച്ച് ജയിച്ചാണ് വീണ്ടും ലോക്‌സഭയിലെത്തിയത്. പക്ഷേ ഇതൊക്കെയാണെങ്കിലും സ്വന്തം ഭാര്യയുടെ മരണത്തിന്റെ പേരില്‍ തരൂരിനെതിരൈ ഉയരുന്ന സംശയദൃഷ്ടിയില്‍ നിന്ന് ശുദ്ധമായി വരാന്‍ തരൂരിന് അത്ര പെട്ടെന്ന് സാധിക്കുമെന്ന് തോന്നുന്നില്ല. സുനന്ദ കേസില്‍ തുടക്കം മുതല്‍ നിരീക്ഷണത്തിലായിരുന്ന തരൂരിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്. സുനന്ദയുടെ മരണം ആത്മഹത്യ ആയാലും കൊലപാതകമായാലും സ്വാഭാവിക മരണമായാലും തരൂരിന്റെ പങ്ക് വലുതാണന്ന് കേസിന്റെ തുടക്കം മുതല്‍ വ്യക്തമാണ്. മരിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ സുനന്ദ പുഷ്‌കര്‍ കടുത്ത മാനസികവ്യഥ അനുഭവിച്ചിരുന്നെന്നും അവര്‍ അസ്വസ്ഥയായിരുന്നെന്നും അടുത്ത സുഹൃത്തുക്കള്‍ സംശയത്തിന് ഇട നല്‍കാതെ മൊഴി നല്‍കിയിട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് ശശി തരൂറും പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും മൂന്ന് രാത്രി ഒരുമിച്ച് ദുബായില്‍ ചെലവഴിച്ചെന്ന നിര്‍ണായകവിവരമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ നടക്കുന്ന കോടതിയെ അറിയിച്ചിരിക്കുന്നത്. . സുനന്ദയുടെ അടുത്ത സുഹൃത്തായ പത്രപ്രവര്‍ത്തക നളിനി സിംഗിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് തരൂരിനെതിരെയുള്ള വാദം. തനിക്ക് 3-4 വര്‍ഷമായി സുനന്ദയെ അറിയാമായിരുന്നു എന്നും അവസാന ഒരു വര്‍ഷമായി അവര്‍ തന്റെ സ്വകാര്യവിവരങ്ങള്‍ പങ്കിടുമായിരുന്നെന്നും നളിനി സിംഗ് പറയുന്നു. തരൂരുമായുള്ള ബന്ധത്തെക്കുറിച്ചും സുനന്ദ പറയുമായിരുന്നു. തരൂറും മെഹര്‍ തരാറും മൂന്ന് രാത്രികള്‍ ഒരുമിച്ച് ചെലവഴിച്ചുവെന്നും അവര്‍ തന്നോട് പറഞ്ഞതായും നളിനി സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. മരണത്തിന് ഒരു ദിവസം മുമ്പ് തനിക്ക് സുനന്ദയുടെ ഫോണില്‍ നിന്ന് ഒരു കോള്‍ വന്നെന്നും തരൂറും തരാറും പ്രണയസന്ദേശങ്ങള്‍ കൈമാറുന്ന കാര്യം കരഞ്ഞുകൊണ്ടാണ് സുനന്ദ അന്ന് പറഞ്ഞതെന്നും നളിനി സിംഗ് പറയുന്നു. പൊതുതെരഞ്ഞെടുപ്പിന് ശേഷം തരൂര്‍ സുനന്ദയെ വിവാഹമോചനം ചെയ്യുമെന്നും തരൂരിന്റെ കുടുംബം ഈ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും ഇരുവരും തമ്മിലുള്ള സന്ദേശത്തിലുണ്ടായിരുന്നതായി നളിനി സിംഗിന്റെ പ്രസ്താവനയില്‍ പറയുന്നു.
മാനസിക പീഡനം പോലും ക്രൂരതയ്ക്ക് കാരണമാകുമെന്ന സുപ്രീംകോടതിയുടെ തരുണ്‍ തേജ്പാല്‍ വിധി ഉദ്ധരിച്ചായിരുന്നു ശ്രീവാസ്തവയുടെ വാദം. സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക സിബിഐ ജഡ്ജി അജയ് കുമാര്‍ കുഹാറാണ് വാദം കേള്‍ക്കുന്നത്. കേസില്‍ വിചാരണ ചെയ്യപ്പെട്ട സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ തന്റെ അമ്മ ശക്തയായ സ്ത്രീയായിരുന്നെന്നും അവര്‍ക്ക് ആത്മഹത്യ ചെയ്യാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുനന്ദയുടെയും ശശി തരൂരിന്റെയും മൂന്നാം വിവാഹമാണ് ദുരന്തത്തില്‍ കലാശിച്ചത്. സുനന്ദയുടെ സഹോദരന്‍ ആശിഷിന്റെ പ്രസ്താവനയും തരൂരിന് എതിരെയാണ്. സുനന്ദ തന്റെ മൂത്ത സഹോദരിയായിരുന്നെന്നും തരൂരുമായുള്ള വിവാഹത്തില്‍ അവള്‍ സന്തുഷ്ടയായിരുന്നെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ ദാമ്പത്യത്തില്‍ ടുത്തിടെയുണ്ടായ തര്‍ക്കം കാരണം അവള്‍ അസ്വസ്ഥയായിരുന്നെന്നും ആശിഷ് ചൂണ്ടിക്കാണിക്കുന്നുണ്ട്. സുനന്ദക്ക് ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ കഴിയില്ലെന്ന് സഹോദരനും മകനും ഉറപ്പിച്ച് പറയുമ്പോള്‍ പിന്നെ എങ്ങനെയാണ് അവര്‍ മരിച്ചതെന്ന ചോദ്യത്തിന് മൂര്‍ച്ച കൂടും.
സുനന്ദയുടെ ബന്ധുക്കളെ കൂടാതെ വീട്ടുജോലിക്കാരന്റെ മൊഴിയും സുനന്ദയും ശശി തരൂരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വ്യക്തമാക്കുന്നതാണ്. സാറും മാഡവുമായി വഴക്കുണ്ടായിരുന്നെന്ന് നാരായണന്‍ സിംഗ് എന്ന ഈ പരിചാരകനും പറയുന്നു. തിരുവനന്തപുരത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ദുബായിയില്‍ വച്ച് ഏതോ ഒരു പെണ്‍കുട്ടിയുടെ പേരില്‍ അവര്‍ വഴക്കിട്ടിരുന്നെന്നും പുലര്‍ച്ചെ നാലുമണി വരെ അത് നീണ്ടുനിന്നെന്നും നാരായണ്‍ സിംഗ് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് അതുല്‍ വാസ്തവയുടെ വാദം. ഇരുവരുടെയും ദാമ്പത്യത്തില്‍ ഗുരുതരമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു എന്നതിന്റെ എല്ലാ തെളിവുകളും കൃത്യമായി കോടതിയെ ബോധിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കഴിഞ്ഞാല്‍ നേരിട്ടോ അല്ലാതെയോ ് സുനന്ദയുടെ മരണത്തില്‍ തരൂരിനുള്ള പങ്ക് കൂടിയാണ് തെളിയുന്നത്. തരൂരിനെതിരെ കൊലപാതകകുറ്റം ചുമത്തണമെന്നാണ് ഡല്‍ഹി പൊലീസിന്‍െ ആവശ്യം. എന്നാല്‍ ചിലപ്പോള്‍ ഇത് ആത്മഹത്യപ്രേരണാകുറ്റമായി മാറിയേക്കാം.
498 എ (ക്രൂരത), 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍) അല്ലെങ്കില്‍ ബദല്‍ സെക്ഷന്‍ 302 (കൊലപാതകം) എന്നീ വകുപ്പുകള്‍ പ്രകാരം ശശി തരൂര്‍ ശിക്ഷിക്കപ്പെടണമെന്നാണ് അതുല്‍ ശ്രീവാസ്തവ കോടതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എന്നാല്‍ നാല് വര്‍ഷത്തിനുള്ളില്‍ സുനന്ദയുടെ മരണകാരണം പോലും തെളിയിക്കാന്‍ കണ്ടെത്തിയിട്ടില്ലെന്നാണ് തരൂരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നത്്. എന്നാല്‍ സുനന്ദ മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. എന്തായാലും സ്പെഷ്യല്‍ സിബിഐ ജഡ്ജി അജയ് കുമാര്‍ കുഹാര്‍ ഒക്ടോബര്‍ 17 ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. 2014 ജനുവരി 17 ന് രാത്രിയിലാണ് ദില്ലിയിലെ ഒരു ഹോട്ടലില്‍ സുനന്ദയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് പുതുക്കിപ്പണിയുന്നതിനാല്‍ ദമ്പതികള്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ഭാര്യയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്ന് ആണയിട്ട് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ശശി തരൂരിന്റെ നിപരപാധിത്വം വിശ്വസനീയമായിട്ടില്ല. കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം തരൂരിനുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോണ്‍ഗ്രസ് വിരുദ്ധ പ്രസ്താവനകള്‍ നടത്തി പതിയെ പാര്‍ട്ടി വിടാനും മോദി സര്‍ക്കാരിന്റെ തണലില്‍ കേസില്‍ നിന്ന് ഊരിപ്പോകാനും തരൂര്‍ ശ്രമിക്കുകായണെന്നാണ് ആരോപണം. അടുത്തിടെ നടത്തിയ മോദി അനുകൂല പ്രസ്താവനകളില്‍ നടന്ന ചര്‍ച്ചകളിലെല്ലാം തരൂരിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതിബുദ്ധിമാനാണ് ശശി തരൂര്‍. എങ്ങനെ ഏത് വിധം കേസില്‍ നിന്ന് ഊരിപ്പോകണമെന്ന് അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തരൂരിനറിയാമെന്നതിനാല്‍ ഇനിയുള്ള നീക്കങ്ങള്‍ നിരീക്ഷിക്കപ്പെടട്ടെ.
Post Your Comments