ഇടുക്കി: ജോലി നല്‍കാമെന്ന് മുന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ വകുപ്പുകളിലൊന്നും ജോലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ശാരീരിക വൈകല്യമുള്ള യുവതി നിരാഹാര സമരം തുടങ്ങി. ഇടുക്കിയിലെ കട്ടപ്പന മുട്ടത്ത് സാബുവിന്റെ മകള്‍ ഡയാനയാണ് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന് മുന്നില്‍ 48 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചത്.
ശാരീരിക വൈകല്യങ്ങളെ തോല്‍പ്പിച്ചാണ് ഡയാന എംകോം പഠനം ആരംഭിച്ചത്. 2014ല്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡയാനയ്ക്ക് ജോലി നല്‍കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍ നടപടി ഉണ്ടായില്ല. പിന്നീട് ധനമന്ത്രിയായിരുന്ന കെഎം മാണിയെയും ഐടി മന്ത്രി കുഞ്ഞാലിക്കുട്ടിയെയും നേരിട്ട് കണ്ട് ഡയാന നിവേദനം നല്‍കിയിരുന്നു. ഡയാനയ്ക്ക് ലോട്ടറി വകുപ്പില്‍ ജോലി നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അതും നടന്നില്ല.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രി എംഎം. മണി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതനുസരിച്ച് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെത്തിയപ്പോള്‍ 2014നു ശേഷം ആര്‍ക്കും ജോലി നല്‍കിയിട്ടില്ലെന്ന മറുപടിയാണ് ഇവര്‍ നല്‍കിയത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശം നല്‍കിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ഡയാന സമരം ആരംഭിച്ചത്.
ശാരീരിക വൈകല്യമുള്ളതിനാല്‍ തന്നെ ഡയാനയ്ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന സമരം കൊണ്ട് പരിഹാരം ഉണ്ടായില്ലങ്കില്‍ അനിശ്ചിത കാല നിരാഹര സമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് ഈ യുവതി.
Post Your Comments