തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. ജോണ്‍സന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും ഭാര്യയ്ക്ക് ജോലി നല്‍കാനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ജോണ്‍സന്റെ ഭാര്യക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലായിരിക്കും ജോലി നല്‍കുക.
ALSO READ: വൈറ്റിലയിൽ നിന്ന് വാങ്ങിയ മീൻ വെട്ടിയപ്പോൾ വീട്ടമ്മ ഞെട്ടി; മീന്റെ തൊലിക്കടിയില്‍ നിന്ന് കണ്ടത്
ഓഗസ്റ്റ് 21 ന് ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് ജോണ്‍സനെ തിരയില്‍പ്പെട്ട് കാണാതാകുന്നത്. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷിച്ചു കരയില്‍ എത്തിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ജോണ്‍സന് ബോധം നഷ്ടമായി. ഇതോടെ അദ്ദേഹത്തെ കാണാതാവുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചെറിയതുറ സ്വദേശി ജോണ്‍സന്റെ മൃതദേഹം രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍ വലിയതുറ തീരത്തുനിന്നാണ് കണ്ടെത്തിയിരുന്നത്.
നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനുമായിരുന്നു ജോണ്‍സണ്‍. കടലില്‍ ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി എപ്പോഴും അതീന ജാഗ്രതയോടെ തീരത്ത് തന്നെ ജോണ്‍സനുണ്ടാവും. ആരെങ്കിലും അപകടത്തില്‍പെട്ടാല്‍ രക്ഷിക്കാനും എപ്പോഴും ജോണ്‍സണ്‍ മുന്നിലുണ്ടാവുമായിരുന്നു.
Post Your Comments