രാഷ്ട്രീയക്കാരനായാല്‍ ഏത് സന്ദര്‍ഭത്തിലും എതിരാളിയെ എതിര്‍ക്കണമെന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വികൃതമുഖമാണ് ശശി തരൂര്‍ എംപി പൊളിച്ചുമാറ്റാന്‍ നോക്കിയത്. കോണ്‍ഗ്രസുകാരനായതുകൊണ്ട് എപ്പോഴും കോണ്‍ഗ്രസ് സ്തുതി നടത്തുക എന്ന പരമ്പരാഗത രീതി അത്ര വശമില്ലാത്ത നേതാവ് കൂടിയാണ് ശശി തരൂര്‍. അതുകൊണ്ട് തന്നെ നല്ലത് എന്ന് വ്യക്തമായും ബോധ്യപ്പെടുന്ന കാര്യങ്ങള്‍ നല്ലതാണെന്ന് തുറന്നു പറയണമെന്ന നിലപാടാണ് കക്ഷിക്ക്. എന്തായാലും അത്തരത്തിലൊരു ചിന്താഗതിയായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്ന ചില നല്ലകാര്യങ്ങളെ അംഗീകരിക്കണമെന്നും എപ്പോഴും മോദിയെ മോശക്കാരനായി ചിത്രീകരിക്കുന്നത് നല്ലതല്ല എന്നും തരൂര്‍ ഒരു പ്രസ്താവന നടത്തി. അതോടെ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ട വിമര്‍ശനത്തിന് ഇരയായിരിക്കുകയാണ് തരൂര്‍. ഇതാദ്യമായല്ല തരൂര്‍ പാര്‍ട്ടിക്ക് വിരുദ്ധമായി സ്വന്തം നിലപാടുകള്‍ ഉറക്കെ പറയുന്നത്. പക്ഷേ അന്നൊന്നും നേരിടേണ്ടി വരാത്തത്ര വലിയ ആക്രമണം ഇപ്പോള്‍ നേരിടുമ്പോള്‍ പ്രസ്താവന തിരുത്തി കീഴടങ്ങാനല്ല മറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കാനാണ് തരൂര്‍ തീരുമാനിച്ചിരിക്കുന്നത്.
READ ALSO: കശ്മീർ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അനുകൂലിച്ച് രാഹുൽ ഗാന്ധി
അതേസമയം തരൂരിനെതിരെ വാക്ക്പോര് നടത്തുകയാണ് കെപിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍. കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ അനുകൂലിക്കുന്നതിനെ ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് മോദി പ്രശംസ വേണ്ടെന്നും ഇരുവരും ഓര്‍മ്മിപ്പിച്ചു. തരൂരിനെ ജനങ്ങള്‍ പഠിപ്പിക്കുമെന്നും മോദിയെ അനുകൂലിക്കുന്നവര്‍ ബിജെപിയില്‍ ചേര്‍ന്ന് സ്തുതിക്കണമെന്നുമായിരുന്നു കെ. മുരളീധരന്‍ എംപിയുടെ പ്രതികരണം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ശശി തരൂര്‍ എത്തിയില്ലെങ്കിലും കോണ്‍ഗ്രസ് വിജയിക്കും. തരൂരിനെതിരെ നടപടിയെടുക്കാന്‍ എഐസിസിയോട് ആവശ്യപ്പെടും. താന്‍ പാര്‍ട്ടിക്ക് പുറത്ത് പോയി മടുത്തിട്ട് തിരിച്ച് വന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. മോദിയെ അനുകൂലിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ രീതിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും വ്യക്തമാക്കി.
READ ALSO: കട്ടപ്പന സ്വദേശിയുടെ ആത്മഹത്യ; ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി
കുറ്റം പറയാന്‍ നൂറ് കാര്യങ്ങളുണ്ടെന്നിരിക്കെ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കുകയും വേണമെന്നും നൂറില്‍ 99 എണ്ണവും തെറ്റാണെങ്കിലും ഒരു ശരിയുണ്ടായാല്‍ അത് പറയണമെന്നുമാണ് തരൂര്‍ പറയുന്നത്. അങ്ങനെ പറഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ തങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുമെന്നും തരൂര്‍ മറ്റ് നേതാക്കളെ ഓര്‍മ്മിച്ചിരുന്നു. തന്റെ ട്വീറ്റ് മോദി സ്തുതിയായി ചിത്രീകരിച്ചതാണെന്നും മോദിക്കെതിരേ വേണ്ടത് ക്രിയാത്മക വിമര്‍ശനമാണെന്ന നിലപാടാണ് തനിക്കെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നെന്നും തരൂര്‍ വ്യക്തമാക്കി മോദി സ്തുതി നടത്തുന്ന തരൂര്‍ പാര്‍ട്ടി വിട്ടു പോകണമെന്ന് കടുത്ത ഭാഷയില്‍ കെ മുരളീധരന്‍ നടത്തിയ വിമര്‍ശത്തിന് തരൂര്‍ മറുപടിയും നല്‍കി. താന്‍ പാര്‍ട്ടി വിടണമെന്ന് പറയുന്ന വ്യക്തി പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ട് എട്ടു വര്‍ഷമേ ആയുള്ളൂ എന്ന് തരൂര്‍ ഓര്‍മിപ്പിച്ചിരുന്നു. പ്രസ്താവന തിരുത്താന്‍ തരൂര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ്സ് ഒന്നടങ്കം ആവശ്യപ്പെടുമ്പോള്‍ ജയറാം രമേശ്, അഭിഷേക് സിങ്വി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച കാര്യം സംസ്ഥാനനേതാക്കള്‍ സൗകര്യപൂര്‍വ്വം മറക്കുകയാണ്.
അധ്യക്ഷപദവി രാജി വച്ച് നിര്‍ണായകഘട്ടത്തില്‍ മാറി നിന്ന രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഒരക്ഷരം പോലും പറയാന്‍ സംസ്ഥാനനേതൃത്വം തയ്യാറാകാതിരുന്നപ്പോഴും ശശി തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നാഥനില്ലാ കളരിയാണെന്ന അദ്ദേഹത്തിന്റെ പരസ്യപ്രസ്താവനയ്ക്കതിരെ അന്നും നേതാക്കള്‍ വിമര്‍ശനവുമായി എത്തിയിരുന്നു. തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തില്‍ ശക്തനായ എതിരാളികളെ നിഷ്പ്രഭമാക്കി അമ്പരിപ്പിക്കുന്ന ഭൂരിപക്ഷം നേടിയ ശശി തരൂര്‍ കേന്ദ്രനേതൃത്വത്തതിന് കൂടുതല്‍ സ്വീകാര്യനായിരിക്കെയാണ് അദ്ദേഹത്തതിന്റെ മൃദു മോദിനയം. കോണ്‍ഗ്രസ് കക്ഷി നേതാവായി വരെ തരൂരിന്റെ പേര് വന്നെന്നിരിക്കെ എന്താകും തരൂര്‍ പെട്ടെന്നൊരു മോദി ഭക്തനായതെന്ന സംശയത്തിന് സുനന്ദ കേസ് എന്നാണ് രാഷ്ട്രീയ എതിരാളികള്‍ നല്‍കുന്ന മറുപടി. സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂരിന്റെ ചെറുതല്ലാത്ത പങ്ക് കേസില്‍ നിര്‍ണായകമായാല്‍ അതോടെ അവസാനിക്കും ശശി തരൂരിന്റെ രാഷ്ട്രിയ ഭാവിയെന്നും ഇപ്പോള്‍ മോദിപക്ഷത്തേക്ക് വലിയുന്നത് കേന്ദ്രത്തില്‍ നിന്നുള്ള പിന്തുണ ഉറപ്പ് വരുത്താനാണെന്നും അധിക്ഷേപിക്കുന്നവരുമുണ്ട്. അവസരസേവകരെന്ന് തരൂരിനെ കുറ്റപ്പെടുത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കിലും ചില സൂചനകള്‍ ഇല്ലാതില്ല. തരൂരിനെതിരെ പറയാന്‍ ഇനിയുമുണ്ടെന്നും എ്ന്നാല്‍ അച്ചടക്കലംഘനം നടത്താന്‍ താന്‍ തയ്യാറല്ലെന്നും വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ വിമര്‍ശനത്തിന്റെ മൂര്‍ച്ച കുറയ്ക്കുകയായിരുന്നു.
READ ALSO; മദ്രസ അദ്ധ്യാപകനെ വഴിയോരക്കച്ചവടക്കാര്‍ മര്‍ദ്ദിച്ച് കൊന്നു; കാരണം ഇതാണ്
മഹാത്മാഗാന്ധിയുടെ അംഹിസാ സമരത്തേക്കാള്‍ ഇന്ത്യയില്‍ ശക്തമായ ജനവികാരവും മറ്റ് ചില ഘടകങ്ങളും ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ച ഘടകമാണെന്ന് ഒരു പുസ്തകത്തില്‍ ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്നൊന്നും അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം ചോദ്യം ചെയ്യാനോ പാര്‍ട്ടി വിടണമെന്ന് വിമര്‍ശിക്കാനോ ആരും തയ്യാറായില്ല. സാധാരണ നേതാക്കളെ അപേക്ഷിച്ച് ഹൈ പ്രൊഫൈലില്‍ നില്‍ക്കുന്ന തരൂര്‍ അധികം താമസിയാതെ പാര്‍ട്ടിവിടുമെന്ന് കരുതിയവരുമുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് നിന്നുള്ള തുടര്‍ച്ചയായ അദ്ദേഹത്തിന്റെ വിജയം മറ്റ് നേതാക്കളെ നിശബ്ദരാക്കുകയായിരുന്നു. തരൂര്‍ ബീജെപിയിലെത്തുമൈന്ന പ്രചാരണവും ഇടയ്്ക്കുണ്ടായെങ്കിലും മോദിക്കെതിരെ ശക്തമായ വിമര്‍ശനം നടത്തുന്ന കാഴ്ച്ചയായിരുന്നു പിന്നീട് കണ്ടത്. എന്തായാലും കശ്മീര്‍ പ്രശ്‌നത്തില്‍ ഉള്‍പ്പെടെ മോദിസര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്ന് സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നു പറഞ്ഞതാണ്. അവരെപ്പോലെ ശരി ചെയ്താല്‍ ശരി എന്ന് പറയണമെന്ന് വ്യക്തമാക്കിയതിന് ശശി തരൂരിനെ സംസ്ഥാന നേതാക്കള്‍ ആഗ്രഹിക്കുംപോലെ പുറത്താക്കാന്‍ കേന്ദ്രനേതൃത്വം തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്.
READ ALSO: ആമസോൺ വനമേഖലയിൽ വ്യാപിച്ച തീ ഉടനെയെങ്ങും അണയില്ലെന്ന് നിഗമനം
Post Your Comments