Latest NewsKerala

കെവിന്‍ വധക്കേസ്; കോടതി വിധിയിങ്ങനെ

കോട്ടയം: കെവിന്‍ കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കോട്ടയം സെഷന്‍സ് കോടതിയുടേതാണ് വിധി.  കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളിന്മേലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. പ്രതികള്‍ 40,000 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണം. ഇതില്‍ നിന്ന് കേസിലെ ഒന്നാം സാക്ഷിയായ അനീഷിന് ഒരു ലക്ഷം രൂപ നല്‍കണം. ബാക്കി തുക കെവിന്‍റെ പിതാവിനും കെവിന്‍റെ ഭാര്യ നീനുവിനും നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മേയിലാണ് കെവിന്‍ കൊല്ലപ്പെട്ടത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിച്ച് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പ്രതികളുടെ പ്രായം കണക്കിലെടുത്താണ് ശിക്ഷാവിധിയില്‍ ഇളവുണ്ടായത്. പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നില്ല എന്നതും പരിഗണിച്ചു.

ALSO READ: കെവിന്‍ വധക്കേസില്‍ വിധി ഇന്ന്; നീനുവിന്റെ മൊഴി നിര്‍ണായകമാകും

കഴിഞ്ഞ 22നാണ് കേസിലെ പത്ത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പത്ത് പ്രതികള്‍ക്കുമെതിരെ കോടതി ചുമത്തിയിരുന്നത്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യയും കേസിലെ മുഖ്യപ്രതിയുമായ ഷാനു ചാക്കോയുടെ സഹോദരി നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവായത്. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിക്കുന്നത് കുടുംബത്തിന് മാനക്കേടുണ്ടാക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞതായി നീനു പറഞ്ഞിരുന്നു. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നുമാണ് നീനു കോടതിയില്‍ നല്‍കിയ മൊഴി. ഷാനു ചാക്കോയുടെ ഫോണ്‍ സംഭാഷണങ്ങളും ദുരഭിമാനക്കൊല തെളിയിക്കാന്‍ സാധിക്കുന്ന രീതിയുള്ള സാക്ഷിമൊഴികളും കേസില്‍ നിര്‍ണായകമായി. പ്രതികളില്‍ പലരും കുടുംബത്തിന്റെ ഏക അത്താണിയാണ്. പലരുടെയും മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. അതിനാല്‍ തന്നെ വധശിക്ഷ ഒഴിവാക്കി ഇവര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ തന്നെ നല്‍കണമെന്ന് ആദ്യം തന്നെ പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചിരുന്നു.

ALSO READ: കെവിന്‍ വധക്കേസ്; ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നതിനിടെ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button