ലകനൗ മിര്‍സാപൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് റൊട്ടിയും ഉപ്പും നല്‍കിയ സംഭവത്തില്‍ യുപി ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ഇക്കാര്യത്തില്‍ നാലാഴ്ച്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
മിര്‍സാപൂരിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉപ്പും റൊട്ടിയും വിളമ്പുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത്. ജമാല്‍പൂര്‍ ബ്ലോക്കിലെ സിയൂര്‍ പ്രൈമറി സ്‌കൂളില്‍െ ഒരു സ്ത്രീ റൊട്ടി വിതരണം ചെയ്യുന്നതും മറ്റൊരു സ്ത്രീ ഉപ്പ് നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ അടിയന്തര നടപടി എന്ന നിലയില്‍ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.
സംസ്ഥാനത്തൊട്ടാകെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെയും സര്‍ക്കാര്‍ സഹായത്തോടെയുള്ള പ്രൈമറി സ്‌കൂളുകളിലെയും ഉച്ചഭക്ഷണ പദ്ധതിയുടെ അവസ്ഥയെക്കുറിച്ചും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും വ്യക്തമാക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരിക്കുന്നത്.
മാധ്യമ റിപ്പോര്‍ട്ടുകളിലെ ഉള്ളടക്കം ഞെട്ടിപ്പിക്കുന്നതും അപമാനകരവുമാണെന്നും നിരീക്ഷിച്ച കമ്മീഷന്‍ ഉച്ചഭക്ഷണ പദ്ധതി ഉണ്ടായിരുന്നിട്ടും കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. കുറഞ്ഞത് 200 ദിവസത്തേക്ക് ഓരോ ദിവസവും കുറഞ്ഞത് 300 കലോറിയും 8-12 ഗ്രാം പ്രോട്ടീനും അടങ്ങിയ ഉച്ചഭക്ഷണം ഓരോ കുട്ടിയുടെയും അടിസ്ഥാന അവകാശമാണെന്ന് സുപ്രീം കോടതിയുടെ 2001 ലെ ഒരു ഉത്തരവും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്.
Post Your Comments