കേരളത്തിൽ മറ്റൊരു നിയമസഭാ ഉപതിരഞ്ഞെടുപ്പിന് കൂടി വേദിയൊരുങ്ങുന്നു; പാലാ മണ്ഡലത്തിൽ. കെഎം മാണിയുടെ മരണത്തെ തുടർന്ന് നടക്കുന്ന വോട്ടെടുപ്പ് അടുത്തമാസം 23 നാണ്. യുഡിഎഫിനും ഇടതു മുന്നണിക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്കും ഈ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. എങ്ങിനെയും ജയിച്ചേ തീരൂ എന്നതാവും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥിതി. ബിജെപിക്കാവട്ടെ മാറിയ സാഹചര്യത്തിൽ പല രാഷ്ട്രീയ പരീക്ഷണങ്ങൾക്കും ഇത് വേദിയാക്കാനാവും.
കെഎം മാണി 1965 മുതൽ തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് പാല എന്നതാണ് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം. വലിയ ഭൂരിപക്ഷമൊന്നും പലപ്പോഴും കിട്ടിയിട്ടില്ലെങ്കിലും പാലാ -ക്കാർ ഒരിക്കലും മാണി സാറിനെ കൈവിട്ടില്ല. 1967, 1970, 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016 എന്നീ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസിന് പാലാ -യെക്കുറിച്ച് ആശങ്കയെ ഉണ്ടായിട്ടില്ല. കേരളാകോൺഗ്രസ് അതിനിടയിൽ പലവട്ടം പിളരുകയും യോജിക്കുകയും ലയിക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. ആ രാഷ്ട്രീയ മാറ്റങ്ങൾ ഒരിക്കലും മാണി സാറിന് പ്രശ്നമേയായില്ല. ഇടതു മുന്നണിയിലും യുഡിഎഫിലും നിന്ന് അദ്ദേഹം ആ സീറ്റ് നിലനിർത്തി. ഒരർഥത്തിൽ മാണി സാർ പാലാ- ക്കാരുടേതായിരുന്നു. എന്നാൽ ഇ ന്നതല്ല അവസ്ഥ. കേരള കോൺഗ്രസ് അടുത്തിടെ വീണ്ടും പിളർന്നു, അതും മാണി സാറിന്റെ മരണത്തിന് ശേഷം. മുതിർന്ന നേതാവായ പിജെ ജോസഫിനെ അപമാനിച്ചുകൊണ്ട്, നീക്കിക്കൊണ്ട് , കെഎം മാണിയുടെ മകൻ ജോസ് കെ മാണി പാർട്ടി ചെയർമാനായി സ്വയം അധികാരമേറ്റു. എന്നാൽ കോടതിയിൽ പോയി ജോസ് കെ മാണിയെ നിലക്ക് നിർത്താനാണ് ജോസഫ് തയ്യാറായത്. വേറൊന്ന് ശ്രദ്ധിക്കേണ്ടത്, പഴയ മാണി- ജോസഫ് തലത്തിലല്ല ഇത്തവണ പിളർപ്പുണ്ടായത് എന്നതാണ്. മാണിക്കൊപ്പം അടുത്തുനിന്നിരുന്ന പല പ്രമുഖരും ഇന്നിപ്പോൾ ജോസഫിനൊപ്പമാണ്. ആ ഭിന്നത പാലായിലും പ്രകടമാണ് താനും.
ഇന്നത്തെ നിലക്ക് ആ സീറ്റിൽ ജോസ് കെ മാണി പറയുന്നയാളെ പിന്താങ്ങാൻ പിജെ ജോസഫ് തയ്യാറാവുമോ എന്നത് കണ്ടറിയണം. മാത്രമല്ല പാർട്ടി ചിഹ്നം കൊടുക്കേണ്ടത് ഇപ്പോൾ ജോസഫ് ആണുതാനും. എന്നാൽ ജോസഫിനെ അംഗീകരിച്ചുകൊണ്ട് പ്രശ്നം പരിഹരിക്കാൻ മാണിസാറിന്റെ മകൻ സന്നദ്ധവുമല്ല. ഇത് വലിയ തലവേദനയാവുമെന്ന് യുഡിഎഫിലെ കക്ഷി നേതാക്കൾക്ക് അറിയാമായിരുന്നു. യഥാർഥത്തിൽ ലോകസഭാ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ പ്രശ്നങ്ങൾ ഉയർന്നുവന്നതാണ്. പക്ഷെ പികെ കുഞ്ഞാലിക്കുട്ടിയും ഉമ്മന്ചാണ്ടിയുമൊക്കെ ഇടപെട്ട് അത് പരിഹർക്കുകയല്ല, എന്നാൽ ഒരർഥത്തിൽ തർക്കങ്ങൾ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇനിയിപ്പോൾ അവർക്കും കാര്യങ്ങൾ ബുദ്ധിമുട്ടാവും. അന്ന് പിജെ ജോസഫിന് യുഡിഎഫ് നേതാക്കൾ കൊടുത്ത ചില വാഗ്‌ദാനങ്ങൾ പാലിച്ചേ തീരൂ എന്ന് ആ വിഭാഗം കേരളാ കോൺഗ്രസിന് തോന്നിയാൽ അതിശയിക്കാനില്ല. നാളെ യുഡിഎഫ് കക്ഷി നേതാക്കൾ യോഗം ചേരുന്നുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പണം തുടങ്ങാറാവുന്നതോടെ കാര്യങ്ങൾ കൂടുതൽ പ്രശ്ന സങ്കീർണ്ണമാവാനാണ് സാധ്യത. മാണി സാറിന്റെ സീറ്റ് വിട്ടുകൊടുക്കാൻ ജോസ് കെ മാണിയുടെ പാർട്ടിക്കാർക്ക് കഴിയില്ല, എന്നാൽ ഇതാണ് നല്ല അവസരം എന്ന് ജോസഫ് വിഭാഗം കരുതുകയും ചെയ്യുമല്ലോ.
യുഡിഎഫിന് ഈ സീറ്റ് ജയിച്ചേ പറ്റൂ; കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായ വലിയ വിജയത്തിന് പിന്നാലെ ഒരു തോൽവി അവർക്ക് ചിന്തിക്കാനാവില്ല, അതും മാണിസാർ 1965 മുതൽ നിലനിർത്തുന്ന മണ്ഡലത്തിൽ. അതേസമയം ഇടതുമുന്നണിക്ക് ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പ്രതികാരം ചെയ്യാനുള്ള അവസരമാണിത്. അവർക്ക് വിജയത്തിൽ കുറഞ്ഞ് ഒന്നും ചിന്തിക്കാനാവില്ല, പ്രത്യേകിച്ചും കേരളാ കോൺഗ്രസുകാർ തമ്മിലടിച്ചു നിൽക്കുമ്പോൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി സാർ ജയിച്ചത് വെറും അയ്യായിരത്തിൽ താഴെ വോട്ടുകൾക്കാണ്; മാണി സാറിന് 58,884 വോട്ട് കിട്ടിയപ്പോൾ ഇടതുമുന്നണിയിലെ എൻസിപി സ്ഥാനാർഥി മാണി സി കാപ്പൻ 54,181 ബിജെപിയിലെ എൻ ഹരി 24,821 വോട്ടും നേടി. ലോകസഭാ തിരഞ്ഞെടുപ്പിൽ കുറേക്കൂടി യുഡിഎഫിന് സഹായകരമായി, മാണി സാറിന്റെ മരണം ഉണ്ടാക്കിയ സഹതാപവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഒക്കെക്കൊണ്ട്. എന്നാൽ അത് ഇപ്പോൾ ഉണ്ടാവുമെന്ന് കരുതിക്കൂടാ. എന്നാൽ ശബരിമല പ്രശ്നം ഇടതുമുന്നണിക്ക് ഇനിയും തലവേദന തന്നെയാവും. സിപിഎം തെറ്റ് ഏറ്റുപറഞ്ഞതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന് കരുതിക്കൂടാ. പാല – യാവട്ടെ ശബരിമലയുടെ തീർത്ഥാടന വലയത്തിലുള്ള മണ്ഡലവുമാണ്. ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ക്ഷീണത്തിൽ നിന്ന് രക്ഷപെടാൻ പിണറായി സർക്കാരിനും സിപിഎമ്മിനും ഇവിടെ വിജയം അനിവാര്യമാണ്.
ബിജെപിക്കും ഈ ഉപതിരഞ്ഞെടുപ്പ് പ്രധാനമാണ്. നരേന്ദ്ര മോഡി രണ്ടാമതും കേന്ദ്രത്തിൽ അധികാരത്തിലേറി; കേരളത്തിലാണെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് നല്ല പിന്തുണ ലഭിച്ചു എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചതും മറ്റും കൂട്ടിവായിക്കേണ്ടതുണ്ട്. 2016 ൽ നിന്ന് ഭിന്നമായി പിസി ജോർജ് ഇപ്പോൾ എൻഡിഎ -യുമായി ചേർന്ന് നിൽക്കുന്നുണ്ട്; അദ്ദേഹത്തിന്റെ പൂഞ്ഞാർ മണ്ഡലത്തിൽ മുൻപ് ഉൾപ്പെട്ടിരുന്ന ചില പഞ്ചായത്തുകൾ ഇപ്പോൾ പാലാ മണ്ഡലത്തിലുണ്ട് എന്നതും ഓർക്കുക. മറ്റൊന്ന് പിസി തോമസ് ഫാക്ടർ ആണ്; പാലായിൽ നല്ല സ്വാധീനമുള്ള ഒരാളാണ് അദ്ദേഹം. വേറൊന്ന് ഇനി നാല് ഉപതെരഞ്ഞെപ്പുകൾ കൂടി നടക്കാനുണ്ട്; വട്ടിയൂർക്കാവ്, കോന്നി, അരൂർ, മഞ്ചേശ്വരം എന്നിവയാണത്. അതിൽ രണ്ടിടത്ത് ബിജെപിക്ക് വലിയ വിജയ സാധ്യതയാണുള്ളത്. ആ പ്രതീക്ഷകൾക്ക് ശക്തിപകരണമെങ്കിൽ പാലായിൽ നല്ല പ്രകടനം അവർക്ക് കാഴ്ചവെക്കാൻ കഴിയണം എന്നത് പാർട്ടി നേതൃത്വത്തിനറിയാം.
Post Your Comments