Festivals

വിനായക ചതുര്‍ത്ഥി..ഗണേശപ്രീതിക്ക് അത്യുത്തമം, വ്രതം നോറ്റാല്‍ അനേകഫലം..

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുര്‍ത്ഥി അഥവാ വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുര്‍ഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ സെപ്റ്റംബര്‍ 2നാണ് വിനായകചതുര്‍ഥി. അന്നേദിവസം ഗണേശ പ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്‌നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഗണേശ്വരന്റെ പിറന്നാള്‍ ദിനത്തില്‍ ചതുര്‍ഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിര്‍മ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉത്തമമാണ്. വിനായകചതുര്‍ഥിയില്‍ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വര്‍ണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം. ഗണനാഥനായ ഗണപതി ഭഗവാന് പ്രാധാന്യം നല്‍കികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം.

സര്‍വ്വാഭീഷ്ടസിദ്ധിക്ക്…

ചതുര്‍ഥി ദിനത്തില്‍ ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അര്‍ച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാല്‍ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളില്‍ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പില്‍ സമര്‍പ്പിച്ച ശേഷം കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവര്‍ദ്ധനവിന് ഉത്തമമാണ്.

ചതുര്‍ഥി വ്രതം എന്തിന്?

വിനായക ചതുര്‍ഥി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണ്. ചതുര്‍ഥി വ്രതം എന്നറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിച്ചാല്‍ അടുത്ത വിനായക ചതുര്‍ഥി വരെയുള്ള ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ സര്‍വ വിഘ്നങ്ങള്‍ നീങ്ങി ഉദ്ദിഷ്ട കാര്യലബ്ധിയുണ്ടാവുമെന്നാണ് വിശ്വാസം.

ചതുര്‍ഥി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?

ചതുര്‍ഥിയുടെ തലേന്ന് മുതല്‍ വ്രതം ആരംഭിക്കണം. എല്ലാ വ്രതാനുഷ്ടാനം പോലെ തലേന്ന് മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുക. ഒരിക്കലൂണ് ആവാം. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ നിഷിദ്ധമാണ്.

ചതുര്‍ഥി ദിനത്തില്‍ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികള്‍ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടു തിരിഞ്ഞാവണം ജപം. 108 തവ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാന്‍ ശ്രമിക്കുക. തുടര്‍ന്ന് ഗണേശ ക്ഷേത്ര ദര്‍ശനം നടത്തി അവനവനാല്‍ കഴിയുന്ന വഴിപാടുകള്‍ സമര്‍പ്പിക്കുക. ധാന്യഭക്ഷണം ഒരുനേരമായി കുറച്ചുകൊണ്ട് മറ്റുള്ള സമയങ്ങളില്‍ പാലും പഴവും മറ്റും കഴിക്കുക. ദിനം മുഴുവന്‍ ഗണേശസമരണയോടെ കഴിച്ചുകൂട്ടുന്നത് അത്യുത്തമം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ ‘ ഓം ഗം ഗണപതയേ നമഃ’ ജപിക്കുക. സാധ്യമെങ്കില്‍ വൈകുന്നേരവും ക്ഷേത്രദര്‍ശനം നടത്തുക. പിറ്റേന്ന് തുളസീ തീര്‍ഥമോ ക്ഷേത്രത്തിലെ തീര്‍ഥമോ സേവിച്ചു പാരണ വിടാം.

shortlink

Related Articles

Post Your Comments


Back to top button