കോഴിക്കോട്: സ്‌കോള്‍ കേരളയില്‍ പിൻവാതിൽ നിയമനം നടത്തിയവരുടെ പേരുകൾ പുറത്തുവിട്ട് വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് ബല്‍റാം പേരുവിവരങ്ങള്‍ വ്യക്തമാക്കിയത്. ലഭ്യമായ അറിവുവച്ച് സ്കോൾ കേരളയിൽ ഇപ്പോൾ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ചിലരുടെയും അവരുടെ രാഷ്ട്രീയ സ്വാധീനമുള്ള ബന്ധുക്കളുടേയും പേരുവിവരങ്ങൾ താഴെക്കൊടുക്കുന്നുവെന്ന് ബൽറാം പറയുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
സ്കോൾ കേരളയിൽ സർക്കാർ നടത്താനിരിക്കുന്ന പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് നേരത്തേ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഗുണഭോക്താക്കളിൽ ശ്രീമതി ടീച്ചറുടെ പിഎ ആയിരുന്ന ദേശാഭിമാനി ലേഖകന്റെ ഭാര്യ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞാൻ പോസ്റ്റൽ സൂചിപ്പിച്ചിരുന്നു. ഇതിനേത്തുടർന്ന് രഘുനാഥ് മാട്ടുമ്മൽ എന്നൊരാൾ കടന്നുവന്ന് താനായിരുന്നു സ്റ്റാഫിലുണ്ടായിരുന്ന ഏക ദേശാഭിമാനി ലേഖകൻ എന്നും തന്നെ “ബാലരാമൻ” അപകീർത്തിപ്പെടുത്തുന്നു എന്നുമൊക്കെ പറഞ്ഞ് രോഷപ്രകടനം നടത്തുന്നുണ്ടായിരുന്നു. ദേശാഭിമാനിയിൽ എല്ലാവർക്കും പോരാളി ഷാജിയുടെ ഭാഷയും നിലവാരവുമാണോ എന്നാണ് അദ്ദേഹത്തിന്റെ കമന്റുകൾ കണ്ടാൽ തോന്നിപ്പോവുക. ഏതായാലും ഞാൻ അദ്ദേഹത്തെ ഉദ്ദേശിക്കുകയോ അദ്ദേഹത്തിന്റെ പേര് പോസ്റ്റിൽ പരാമർശിക്കുകയോ ചെയ്തിരുന്നില്ല. ശ്രീമതി ടീച്ചറുടെ സ്റ്റാഫിലുണ്ടായിരുന്ന ഗോപിയുടെ ഭാര്യ ജിഷയുടെ കാര്യമാണ് ഞാൻ പറഞ്ഞതെന്ന് വിശദീകരിച്ചപ്പോൾ അങ്ങനെയൊരു ലേഖകൻ ദേശാഭിമാനിയിൽ ഇല്ല എന്നായി രഘുനാഥിന്റെ വാദം. നോക്കുമ്പോൾ ശരിയാണ്, ഗോപി ദേശാഭിമാനിയിലെ ലേഖകനല്ല, അവിടെ മറ്റൊരു ഡിപ്പാർട്ട്മെന്റിലാണത്രേ! എന്റെ പോസ്റ്റിന്റെ മെറിറ്റിനെ ചോദ്യം ചെയ്യാൻ ദേശാഭിമാനിക്കാരൻ കണ്ടെത്തിയ ഘടാഘടിയൻ ന്യായം നോക്കണേ!
ഏതായാലും ലഭ്യമായ അറിവുവച്ച് സ്കോൾ കേരളയിൽ ഇപ്പോൾ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ചിലരുടെയും അവരുടെ രാഷ്ട്രീയ സ്വാധീനമുള്ള ബന്ധുക്കളുടേയും പേരുവിവരങ്ങൾ താഴെക്കൊടുക്കുന്നു:
1. ഷീജ എൻ. സെക്ഷൻ അസിസ്റ്റന്റ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ സഹോദരി.
2. ജിഷ എസ്. ശ്രീമതി ടീച്ചറുടെ പേഴ്സണൽ സ്റ്റാഫ് അംഗവും ദേശാഭിമാനിയിൽ പ്രവർത്തിക്കുന്നയാളുമായ ഗോപിയുടെ ഭാര്യ
3. സുജാകുമാരി കെ, ദേശാഭിമാനി ജീവനക്കാരനായ ശ്രീകണ്ഠന്റെ ഭാര്യ
4. അനില ടിഎൽ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ഐ പി ബിനുവിന്റെ ഭാര്യ
5. ദീപ വി.എൻ, ദേശാഭിമാനിയിൽ ജീവനക്കാരനായിരുന്ന ഇപ്പോൾ പിആർഡി യിൽ ജോലിചെയ്യുന്ന സജീവ് പാഴൂരിന്റെ ഭാര്യ
6. അജയകുമാർ ടി കെ, എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി
7. സജുകുമാർ ജെഎസ്, ഊരൂട്ടമ്പലം ലോക്കൽ സെക്രട്ടറി ജനാർദ്ദനൻ നായരുടെ മകൻ
8. പ്രീത കെപി, മേൽപ്പറഞ്ഞ സജുകുമാറിന്റെ ഭാര്യ
9. നദീറ ബി, ചാല ഏരിയാ കമ്മിറ്റി നേതാവ് ഷാജഹാന്റെ ഭാര്യ
10. ഗോപകുമാർ, കോർപ്പറേഷൻ കൗൺസിലർ സതീഷ് കുമാറിന്റെ സഹോദരൻ
11. മീര ടി ആർ, തൃശൂരിൽ നിന്നുള്ള പാർട്ടി പ്രവർത്തക
12. അരുൺ വി ഗോപൻ, സിപിഎം പ്രവർത്തകൻ
13. ഗിരീഷ് കുമാരൻ നായർ, പട്ടം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പ്രവർത്തകൻ
14. സുമേഷ് കുമാർ ആർവി, തിരുവനന്തപുരത്തെ ആറാലുമ്മൂട് പാർട്ടി പ്രവർത്തകൻ
15. ലസിത പി പി, മുൻ ജില്ലാ പഞ്ചായത്ത് അംഗം രജീന്ദ്രനാഥിന്റെ ഭാര്യ
16. മനു, വടകര പാലയാട് നട ബ്രാഞ്ച് സെക്രട്ടറി
17. രേഖ, താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം സുധാകരന്റെ ഭാര്യ
മേൽപ്പറഞ്ഞ പേരുകളിലെ കുത്തോ കോമയോ ഇനീഷ്യലോ മാറി എന്നും പറഞ്ഞ് വിഷയം വഴിതിരിക്കാൻ സൈബർ സിപിഎമ്മുകാർ ഇനിയും വരുമായിരിക്കും. എന്നാലും നിയമവിരുദ്ധമായ ബന്ധു നിയമന നീക്കത്തെ തുറന്നുകാട്ടാനുള്ള ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തം എനിക്ക് നിർവ്വഹിച്ചേ പറ്റൂ.
സ്കോൾ കേരളയിലെ മുഴുവൻ സ്ഥിര നിയമനങ്ങളും പി എസ് സി ക്ക് വിടണം. പിൻവാതിലിലൂടെ കയറി വന്നവരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം.
Post Your Comments