ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ മൃഗീയ ഭൂരിപക്ഷം രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ രാജീവ് ഗാന്ധി ഉപയോഗിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് ഇന്നു നടക്കുന്ന തരത്തിലുള്ള ജനാധിപത്യ ധ്വംസനമോ ധ്രുവീകരണങ്ങളോ സാമൂഹ്യ സൗഹാര്‍ദം തകര്‍ക്കുന്ന പ്രവൃത്തികളോ വച്ചു പുലര്‍ത്താന്‍ അനുവദിക്കാത്ത പ്രധാനമന്ത്രിയായിരുന്നു രാജീവ്. സ്വന്തം പാര്‍ട്ടിക്കു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ എങ്ങനെയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ മനസാക്ഷി അതിന് അനുവദിക്കുമായിരുന്നില്ല.
1984-ല്‍ രാജീവ് ഗാന്ധി നേടിയത് വലിയ വിജയമാണ്. എന്നാല്‍ ആ വിജയത്തെ ഉപയോഗപ്പെടുത്തി ജനങ്ങളെ ഭീഷണിപ്പെടുത്താനോ സ്ഥാപനങ്ങളെ തകര്‍ക്കാനോ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും സോണിയ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ. ശക്തമായ ഭീഷണികളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്നതെന്നും പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും സോണിയ തുറന്നുസമ്മതിച്ചു.
ഇന്നു നടക്കുന്ന പലകാര്യങ്ങളും രാജീവ് ഗാന്ധി ചെയ്തിട്ടില്ല എന്ന് അക്കമിട്ടു നിരത്തുന്നതിനിടയില്‍ അദ്ദേഹം ചെയ്യാത്ത ചില കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി ചെയ്തിട്ടുണ്ടെന്നു സോണിയ ചിരിച്ചു പറഞ്ഞത് സദസില്‍ ചിരി പടര്‍ത്തി.വിഭജനരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കും ഇന്ത്യയെന്ന ആശയത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും എതിരേ പാര്‍ട്ടി പോരാട്ടം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. ഒരു ഘട്ടത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ ബിജെപി സര്‍ക്കാരിന്റെയോ പേരെടുത്തു പറയാതെയായിരുന്നു സോണിയയുടെ വിമര്‍ശനങ്ങള്‍.
Post Your Comments